428 കിമീ മൈലേജ്, ആ ചൈനീസ് വണ്ടി ഇന്ത്യയിലിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം!

By Web TeamFirst Published Nov 15, 2019, 12:51 PM IST
Highlights

ഡിസബംര്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന വാഹനം 2020 ജനുവരിയോടെ വിപണിയിലെത്തും. ഡിസംബറില്‍ തന്നെ വാഹനത്തിന്റെ ബുക്കിങ്ങ് തുടങ്ങും

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക്ക് വാഹനം മോറിസ് ഗാരേജിന്‍റെ രണ്ടാമത്തെ വാഹനം ഇ ഇസഡ്എസ് ഇലക്ട്രിക്ക് ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുകയാണ്.  ഡിസബംര്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന വാഹനം 2020 ജനുവരിയോടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ തന്നെ വാഹനത്തിന്റെ ബുക്കിങ്ങ് തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇസഡ് എക്‌സ് എസ്.യു.വിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്.യു.വിയാണ് ഇ ഇസഡ്എസ്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്. 19.60 ലക്ഷം രൂപയ്ക്കാണ് വാഹനം ബ്രിട്ടണില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. അടുത്ത വര്‍ഷമാണ് വാഹനം കമ്പനി വിപണിയിലെത്തിക്കുന്നത്. 

44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. 150 എച്ച്പി കരുത്താണ് ഇതുല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്. 

അരമണിക്കൂറിനകം 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതികവിദ്യയ്‌ക്കൊപ്പം അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ടും വാഹനത്തെ വേറിട്ടതാക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്‍ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികള്‍ നിര്‍മിക്കുക. eZS അവതരിപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കാനും എംജിക്ക് പദ്ധതിയുണ്ട്.

click me!