
നെക്സോണിന്‍റെ ഇലക്ട്രിക്ക് പതിപ്പ് ഡിസംബര്‍ 16ന് വിപണിയിലെത്താനിരിക്കുകയാണ്. സിപ്ട്രോൺ സാങ്കേതിക വിദ്യയില്‍ പേഴ്‍സണൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിലേക്കെത്തുന്ന വാഹനത്തിന്‍റെ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ കമ്പനി. വാഹനം വിവിധ പരീക്ഷണ കടമ്പകള്‍ അനയാസേനെ കടക്കുന്നതാണ് ടീസര്‍ വീഡിയോയില്‍.
പ്രത്യേകമായി സജ്ജീകരിച്ച വാഹന പരീക്ഷണ ട്രാക്കില്‍ ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്‌കിഡ് പാഡ്, ആക്‌സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി ടെസ്റ്റുകളെയാണ് ഇലക്ട്രിക് നെക്‌സോണ്‍ അതിജീവിച്ചത്. ഏത് ദുര്‍ഘടമായ സാഹചര്യവും നിഷ്പ്രയാസം മറികടക്കാന്‍ വാഹനത്തിനു സാധിക്കുമെന്ന് വീഡിയോയിലൂടെ വ്യക്തമാക്കുകയാണ് ടാറ്റ.
ഹാരിയര്‍ എസ്.യു.വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തില്‍. സ്‍മാര്‍ട്ട് ഫോണ്‍ ആപ്പ് കണക്റ്റിവിറ്റി വാഹനത്തിലുണ്ട്. ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‍സും വാഹനത്തിലുണ്ടാകും.
ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് നെക്‌സോണ്‍ ഇലക്ട്രിക്കിനു സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. റഗുലര്‍ നെക്സോണിലെ ഫ്യുവല്‍ ലിഡിന് പിന്നിലായാണ് ഇലക്ട്രിക്കിലെ ചാര്‍ജിങ് പോര്‍ട്ടിന്‍റെ സ്ഥാനം. 300കിലോമീറ്റർ റേഞ്ചിനു പുറമേ പുതിയ സാങ്കേതിക വിദ്യയിലൂടെ കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, ഏത് 15 ആംപിയര്‍ പ്ലഗ്ലിലും ചാര്‍ജ്ജിംഗ് സംവിധാനം, ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റി, എട്ടു വർഷത്തെ വാറണ്ടിയുള്ള മോട്ടോർ, ബാറ്ററി, ഐപി 67 സ്റ്റാൻഡേർഡ് പാലിക്കൽ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തിനുണ്ടാകും.
15ലക്ഷത്തിനും 17ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്‍റെ വില. വൈകാതെ വിപണിയിലെത്തുന്ന മഹീന്ദ്ര XUV300 ഇലക്ട്രിക്കായിരിക്കും നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളി. ഡിസംബറില്‍ അവതരിപ്പിക്കുമെങ്കിലും 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഈ വാഹനം പ്രദര്‍ശനത്തിനെത്തുക. ടിഗോറിനു പിന്നാലെ ടാറ്റ അവതരിപ്പിക്കുന്ന രണ്ടാമത്തെ വൈദ്യുത വാഹനമാണിത്.