
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് എല്ലാവർക്കും അറിയാം. ഫോൺ വിളിക്കുക, മെസേജുകൾ അയയ്ക്കുക, ടൈപ്പ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് മാറ്റാം. എന്നാൽ വാഹനമോടിക്കുമ്പോഴുള്ള സംഗീത ഉപയോഗത്തെക്കുറിച്ചും ഇപ്പോൾ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പുതിയ ഗവേഷണം.
അമേരിക്കയിൽ നടത്തിയ പഠനത്തിലാണ് പ്രധാന സംഗീത ആൽബങ്ങളുടെ റിലീസും മാരകമായ റോഡപകടങ്ങളും തമ്മിൽ ശ്രദ്ധേയമായ ബന്ധം കണ്ടെത്തിയത്. പ്രധാന ആൽബം പുറത്തിറങ്ങിയ ദിവസങ്ങളിൽ മാരകമായ റോഡപകടങ്ങൾ ശരാശരി 15.1 ശതമാനം വർധിച്ചതായാണ് ഗവേഷകർ കണ്ടെത്തിയത്. എന്നാൽ പുതിയ പാട്ടുകൾ കേൾക്കുന്നതാണ് നേരിട്ട് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പഠനം തെളിയിക്കുന്നില്ല. ആൽബം റിലീസ് ദിവസങ്ങളും അപകടങ്ങളും തമ്മിലുള്ള ബന്ധമാണ് പഠനം പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്.
എങ്ങനെയാണ് പഠനം നടത്തിയത്?
ജാമ നെറ്റ്‌വർക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ അമേരിക്കയിലെ മാരകമായ വാഹനാപകടങ്ങളുടെ വിവരങ്ങൾ പരിശോധിച്ചു. മാരക അപകടങ്ങളുടെ ഫെസിലിറ്റി അനാലിസിസ് റിപ്പോർട്ടിങ് സിസ്റ്റത്തിൽ നിന്നുള്ള വിവരങ്ങൾ സ്പോട്ടിഫൈ സ്ട്രീമിങ് ചാർട്ടുകളുമായും ആൽബം റിലീസ് തീയതികളുമായും താരതമ്യം ചെയ്തു. 2017 മുതൽ 2022 വരെയുള്ള ഏകദേശം 6 വർഷത്തെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. അപകടങ്ങളുടെ എണ്ണം മാത്രമല്ല, അപകടം നടന്ന സമയം, ആഴ്ചയിലെ ദിവസം, വാഹനത്തിലുണ്ടായിരുന്ന ആളുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളും ഗവേഷകർ കണക്കിലെടുത്തു. ഇതിനുശേഷവും പ്രധാന ആൽബം റിലീസുകളുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ മാരക അപകടങ്ങളിൽ 15.1% വർധന കണ്ടെത്തുകയായിരുന്നു.
സംഗീതം കേൾക്കുന്നത് അപകടകരമോ?
സംഗീതം കേൾക്കുന്നതാണ് അപകടത്തിന് കാരണമെന്ന് പഠനം പറയുന്നില്ല എന്നതാണ് പ്രധാന കാര്യം. യഥാർഥ പ്രശ്നം വാഹനമോടിക്കുമ്പോൾ സംഗീതം നിയന്ത്രിക്കാൻ ഡ്രൈവർമാർ ഫോൺ ഉപയോഗിക്കുന്നതാകാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. പുതിയ പാട്ട് തിരയുക, ആൽബം കണ്ടെത്തുക, പ്ലേലിസ്റ്റ് മാറ്റുക തുടങ്ങിയ കാര്യങ്ങൾക്കായി ഡ്രൈവർമാർ ഫോൺ അല്ലെങ്കിൽ കാറിന്റെ സ്ക്രീൻ നോക്കുന്നത് ശ്രദ്ധ വ്യതിചലിപ്പിക്കാം. റോഡിൽ നിന്ന് കണ്ണുകൾ മാറ്റുന്ന ഏതാനും സെക്കൻഡുകൾ പോലും അപകടസാധ്യത വർധിപ്പിക്കാൻ മതിയാകും. പ്രത്യേകിച്ച് പുതിയ ആൽബമോ പാട്ടോ പുറത്തിറങ്ങുന്ന സമയത്ത് അത് കണ്ടെത്താനുള്ള ആകാംക്ഷ ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗം വർധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
ഉച്ചത്തിലുള്ള സംഗീതവും പ്രശ്നമാകുമോ?
വളരെ ഉച്ചത്തിലുള്ളതോ വേഗതയേറിയ ബീറ്റുകളുള്ളതോ ആയ സംഗീതം ചില ഡ്രൈവർമാരുടെ ഡ്രൈവിങ് സ്വഭാവത്തെ സ്വാധീനിക്കാമെന്ന് മുൻ പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ചിലർ കൂടുതൽ വേഗത്തിൽ അല്ലെങ്കിൽ ആക്രമണാത്മകമായി വാഹനമോടിക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തലുകൾ. എന്നാൽ ഇതിന്റെ സ്വാധീനം എല്ലാ ഡ്രൈവർമാരിലും ഒരുപോലെയായിരിക്കില്ല. അതിനാൽ സംഗീതത്തെ മാത്രം അപകടകാരണമാക്കുന്നത് ശരിയല്ല.
സുരക്ഷിതമായി സംഗീതം കേൾക്കാം
വാഹനമോടിക്കുമ്പോൾ സംഗീതം കേൾക്കാൻ ആഗ്രഹിക്കുന്നവർ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പാട്ടോ പ്ലേലിസ്റ്റോ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം. ഡ്രൈവിങ്ങിനിടെ ഫോൺ എടുത്ത് പാട്ട് മാറ്റുന്നതും പുതിയ ആൽബം തിരയുന്നതും ഒഴിവാക്കണം. വോയ്സ് കമാൻഡുകളും ഹാൻഡ്സ് ഫ്രീ സംവിധാനങ്ങളും ഉപയോഗിക്കുന്നതും സഹായകരമാണ്. ഇതിലൂടെ ഡ്രൈവറുടെ കണ്ണുകൾ സ്ക്രീനിൽ നിന്ന് അകറ്റിനിർത്താൻ സാധിക്കും. ചുരുക്കത്തിൽ, സംഗീതം കേൾക്കുന്നത് തന്നെ റോഡപകടങ്ങൾക്ക് കാരണമാകുമെന്ന് പഠനം തെളിയിച്ചിട്ടില്ല. എന്നാൽ വാഹനമോടിക്കുന്നതിനിടെ ഫോണിൽ സംഗീതം തിരയുകയോ പാട്ട് മാറ്റുകയോ ചെയ്യുന്നത് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പ്രധാന ഘടകമാകാം. അതിനാൽ റോഡിലായിരിക്കുമ്പോൾ കണ്ണുകളും ശ്രദ്ധയും റോഡിൽ തന്നെ നിലനിർത്തുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.