2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 83% അറ്റാദായ വർധനയോടെ മികച്ച പ്രകടനം കാഴ്ചവച്ചു. വാണിജ്യ വാഹന വിപണിയിലെ ശക്തമായ ആവശ്യകതയാണ് ഈ നേട്ടത്തിന് പിന്നിൽ. വരുമാനം 19% വർധിച്ചെങ്കിലും, ഉയർന്ന ഇൻപുട്ട് ചെലവുകൾ കമ്പനിക്ക് വെല്ലുവിളിയായി തുടരുന്നു.
വാണിജ്യ വാഹന വിപണിയിലെ ശക്തമായ ആവശ്യകതയുടെ പിൻബലത്തിൽ ടാറ്റ മോട്ടോഴ്‌സിന് മികച്ച പാദഫലം. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായം 83% ഉയർന്ന് ₹2,560 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 1,397 jകോടി രൂപ ആയായിരുന്നു.
വരുമാനത്തിലും വൻ വർധന
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ പ്രവർത്തന വരുമാനം 19% വർധിച്ച് ₹20,667 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 17,324 കോടിയായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിലുണ്ടായ ശക്തമായ വളർച്ചയാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണം. ആദ്യ പാദത്തിൽ കമ്പനിയുടെ എബിറ്റ്ഡ 10 ശതമാനം ഉയർന്ന് 2,300 കോടിയായി. എന്നാൽ എബിറ്റ്ഡ മാർജിനിൽ ഇടിവുണ്ടായി. 10.9% ആയിരുന്ന മാർജിൻ മുൻ വർഷത്തെ അപേക്ഷിച്ച് 90 ബേസിസ് പോയിന്റ് കുറഞ്ഞു.
ചെലവുകൾ ഉയർന്നത് തിരിച്ചടി
വരുമാനവും വിൽപ്പനയും ഉയർന്നെങ്കിലും വർധിച്ച ഇൻപുട്ട് ചെലവുകൾ കമ്പനിക്ക് വെല്ലുവിളിയായി തുടരുകയാണ്. സ്റ്റീൽ, അലുമിനിയം തുടങ്ങിയ ചരക്കുകളുടെ വിലയിലുണ്ടായ വർധന പ്രവർത്തന മാർജിനുകളിൽ സമ്മർദം സൃഷ്ടിച്ചു. ചെലവുകൾ നിയന്ത്രിക്കുന്നതിനും വിലവർധനയിലൂടെ സമ്മർദം കുറയ്ക്കുന്നതിനുമുള്ള നടപടികൾ കമ്പനി സ്വീകരിച്ചുവരികയാണ്.
ഒരു പാദത്തിൽ വിറ്റത് 1,08,700 വാഹനങ്ങൾ
വാണിജ്യ വാഹന വിൽപ്പനയിലാണ് ടാറ്റ മോട്ടോഴ്‌സ് ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഭ്യന്തര, കയറ്റുമതി വിപണികളിലായി മൊത്തം 1,08,700 വാണിജ്യ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26% വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിൽപ്പന 26% ഉയർന്നപ്പോൾ കയറ്റുമതി 35% വർധിച്ചു.
വിപണി വിഹിതവും ഉയർന്നു
വിൽപ്പന വളർന്നതിനൊപ്പം ആഭ്യന്തര വാണിജ്യ വാഹന വിപണിയിലെ ടാറ്റ മോട്ടോഴ്‌സിന്റെ വിഹിതവും മെച്ചപ്പെട്ടു. ആദ്യ പാദത്തിൽ വിപണി വിഹിതം 36.8% ആയി. മുൻ പാദത്തേക്കാൾ 100 ബേസിസ് പോയിന്റിന്റെ വർധനയാണിത്.
ഓഹരിയിലും നേട്ടം
പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സ് ഓഹരിയിലും മുന്നേറ്റമുണ്ടായി. ശക്തമായ വാഹന ആവശ്യകതയും ഉയർന്ന വിൽപ്പനയും കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. അതേസമയം, ചരക്ക് വിലയിലെ സമ്മർദവും വർധിക്കുന്ന ചെലവുകളും വരും പാദങ്ങളിൽ ലാഭമാർജിനുകൾക്ക് വെല്ലുവിളിയായി തുടരാനിടയുണ്ട്.


