നിഴലായി അവരുണ്ടാകും പിന്നില്‍, സ്വകാര്യ ബസുകള്‍ ഇനി ഭയക്കും!

By Web TeamFirst Published May 8, 2019, 12:06 PM IST
Highlights

ഇത്തരം സ്വകാര്യ ബസുകള്‍ക്ക് എട്ടിന്‍റെ പണി

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ ദൈനംദിന യാത്ര ചെയ്യുന്നവര്‍ക്ക് പറയാന്‍ ദുരിതക്കഥകള്‍ ഏറെയുണ്ടാകും. നല്ല രീതിയില്‍ ജോലി ചെയ്‍ത് ജീവിക്കുന്ന ബസ് ജീവനക്കാരെക്കൂടി അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വിഭാഗം ജീവനക്കാരുടെ സമീപനങ്ങളാവും ഇത്തരം ദുരിതകഥകളുടെ പ്രധാനകാരണവും. 

മികച്ച ജീവനക്കാരെക്കൂടി മോശക്കാരായി ചിത്രീകരിക്കുന്ന ഈ ജീവനക്കാര്‍ക്ക് ചില ബസ് ഉടമകളുടെയെങ്കിലും പിന്തുണയുണ്ടെന്നതും സത്യമാണ്. ഗതാഗതനിയമങ്ങള്‍ പാലിക്കാതെ അലക്ഷ്യമായി സര്‍വ്വീസ് നടത്താനും യാത്രികരുടെ ജീവന്‍ അപകടപ്പെടുത്താനും ജീവനക്കാര്‍ക്ക് ധൈര്യംപകരുന്നതും ഇത്തരം മുതലാളിമാരാണ്. ഇവരുടെ അലക്ഷ്യമായ പ്രവര്‍ത്തനം മൂലം ജീവന്‍ നഷ്‍ടപ്പെട്ടവരും പരിക്കേറ്റവരും നിരവധിയാണ്.

എന്നാല്‍ ഇപ്പോള്‍ ഇതാ ഇത്തരം സ്വകാര്യ ബസുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഷാഡോ പൊലീസിന്‍റെ കൂടെ സഹായത്തോടെ ഇത്തരം ബസുകളെ കുടുക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോട്ടയം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച കോട്ടയം തിരുനക്കര ബസ്സ്റ്റാന്‍ഡില്‍ വീട്ടമ്മ ബസ് കയറി മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യബസുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കടുത്തനടപടികളിലേക്ക് മോട്ടോര്‍വാഹന വകുപ്പ് നീങ്ങുന്നതെന്നാണ് സൂചന.

ഇനി മുതല്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മോട്ടോര്‍വാഹന വകുപ്പിന്റെ ഷാഡോ പരിശോധനയും ഉണ്ടാകും. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ജില്ലയിലെ മുഴുവന്‍ ബസ്സ്റ്റാന്‍ഡുകളിലും ഷാഡോ സേനയുടെ സാന്നിധ്യമുണ്ടാകും. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഈ പരിശോധനകള്‍ക്കൊപ്പം ബസുടമകള്‍ക്കുള്ള ബോധവല്‍ക്കരണം നടത്താനും നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

click me!