നേപ്പാള്‍ ദുരന്തം ഓര്‍മ്മിപ്പിക്കുന്നു, കാറിലെ ഏസി വഴിയും മരണമെത്താം!

By Web TeamFirst Published Jan 22, 2020, 11:22 AM IST
Highlights

കാറിനുള്ളിൽ എസി പ്രവർത്തിപ്പിച്ച്‌ കിടന്നുറങ്ങുന്നവരും കുട്ടികളെ വാഹനങ്ങളില്‍ തനിച്ചിരുത്തി പുറത്തുപോകുന്ന രക്ഷിതാക്കളുമൊക്കെ ഇനിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തണം 

നേപ്പാളില്‍ മലയാളി വിനോദ സഞ്ചാരികള്‍ക്കു സംഭവിച്ച ദുരന്തത്തിന്‍റെ ഞെട്ടലിലാണ് നമ്മള്‍. ഇവിടെ വില്ലനായത് ഗ്യാസ് ഹീറ്ററില്‍ നിന്നും പുറത്തുവന്ന കാര്‍ബണ്‍ മോണോക്സൈഡ് എന്ന വിഷവാതകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാസ്‌ ഹീറ്റർ, എയർ കണ്ടീഷണറുകൾ തുടങ്ങിയ പലതരം വാതകങ്ങൾകൊണ്ട്‌ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന കാര്യം നേപ്പാൾ ദുരന്തം നമ്മെ ഒന്നുകൂടി ഓർമിപ്പിക്കുന്നു. 

കാറിലെ ഏസി
വാഹനത്തിനുള്ളിൽ എസി പ്രവർത്തിപ്പിച്ച്‌ കിടന്നുറങ്ങുന്നവരും കുട്ടികളെ വാഹനങ്ങളില്‍ തനിച്ചിരുത്തി പുറത്തുപോകുന്ന രക്ഷിതാക്കളുമൊക്കെ ഇനിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലർത്തണം എന്നാണ് വിദഗ്ധര്‍ പറയുന്നത്.  വാഹനത്തില്‍ എസി ഇട്ട് കിടന്നുറങ്ങുന്നതിനിടെ വാഹനം നിന്നുപോവുകയും എയർകണ്ടീഷണർ നിലയ്‌ക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അപകടം ഉറപ്പാണ്. ഇങ്ങനെ സംഭവിച്ചാല്‍ എ സിയിൽ നിന്നും വിഷവാതകങ്ങള്‍ പുറത്തുവരാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള മരണം മുമ്പ്‌ കേരളത്തിൽ നിന്നു തന്നെ റിപ്പോർട്ട്‌ ചെയ്‌തിട്ടുമുണ്ട്‌.

ഉടന്‍ ഏസി ഇടരുത്
മാത്രമല്ല യാത്ര ചെയ്യാന്‍ കാറില്‍ കയറി ഇരുന്നയുടന്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. കാരണം കാറിന്റെ ഡാഷ് ബോര്‍ഡ്, ഇരിപ്പിടങ്ങള്‍, എയര്‍ ഫ്രഷ്നര്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന ബെന്‍സൈം എന്ന വിഷ വാതകം മാരകമായ കാന്‍സര്‍ രോഗത്തിനു കാരണമാകും. ചൂടുകാലത്താണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചൂടുകാലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ഉള്ളില്‍ കയറിയ ഉടന്‍ എസി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ക്ക് ഉയര്‍ന്ന തോതില്‍ ഈ വിഷവാതകം ശ്വസിക്കേണ്ടി വരും. ചൂടുള്ള സ്ഥലത്തു നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ ബൈന്‍സൈമിന്റെ അളവ് 2000 മുതല്‍ 4000 മി.ഗ്രാം വരെ ഉയരാന്‍ സാധ്യതയുണ്ട്. അതായത് അംഗീകരിച്ച അളവിന്റെ 40 ഇരട്ടിയോളമാണിത്. അടച്ചിട്ട മുറിയിലോ കാറിലോ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയില്‍ ബെന്‍സൈമിന്റെ അംഗീകരിച്ച അളവ് 50 മി.ഗ്രാം/സ്ക്വയര്‍ഫീറ്റാണ്.

ബെന്‍സൈം വാതകം ശ്വസിക്കുന്നത് എല്ലുകളെ വിഷമയമാക്കുകയും വെളുത്ത രക്താണുക്കളുടെ കുറവും രക്തക്കുറവുമുണ്ടാക്കുകയും ചെയ്യും. ബെന്‍സൈം വാതകം കരളിനെയും വൃക്കകളെയും വിഷമയമാക്കുന്നു എന്നുമാത്രമല്ല, ഈ വിഷവസ്തു പുറംതള്ളുക എന്നതു ചികിത്സ കൊണ്ടാണെങ്കിലും വളരെയധികം വിഷമംപിടിച്ചതാണ്. ഇക്കാരണങ്ങള്‍ കൊണ്ട് എ സി ഓണ്‍ ചെയ്യുന്നതിനു മുമ്പ് ചില്ലുകള്‍ താഴ്ത്തി ശുദ്ധവായു ഉള്ളില്‍ കടത്തിയശേഷം മാത്രം എ സി പ്രവര്‍ത്തിപ്പിക്കുക.

ഏറെ നേരം വെയിലത്ത് കിടന്ന വാഹനം എടുക്കുമ്പോൾ വിൻഡോ ഗ്ലാസുകൾ എല്ലാം താഴ്ത്തി ഫാൻ പരമാവധി വേഗത്തിൽ പ്രവർത്തിപ്പിച്ച് കൊണ്ട് ഓടിക്കുക. ചൂടു വായുവിനെ എളുപ്പത്തിൽ പുറന്തള്ളാൻ ഇതു സഹായിക്കും. അതിനുശേഷം ഗ്ലാസുകൾ ഉയർത്തി എസി പ്രവർത്തിപ്പിക്കുക.

കുട്ടികളെ കാറില്‍ തനിച്ചിരുത്തിയാല്‍
കുട്ടികളെ തനിച്ച് കാറിലിരുത്തി ഒരിക്കലും പുറത്തു പോകരുത്. ഇങ്ങനെ ചെയ്‍താല്‍ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാം. മാത്രമല്ല എസി കൂളിങ് കോയലിലെ ചോര്‍ച്ച കാരണവും അപകടമുണ്ടായേക്കാം. കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

സഞ്ചാരികള്‍ ശ്രദ്ധിക്കുക
വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ആണ് ഗ്യാസ്‌ ഹീറ്ററിൽനിന്നു പുറത്തുവന്നത്. നിറമോ മണമോ രുചിയോ ഇല്ലാത്ത വാതകമാണിത്‌. ശ്വസിച്ചാൽ ശരീരത്തിന് ഓക്‌സിജൻ ആഗിരണം ചെയ്യാനുള്ള കഴിവു തന്നെ ഇല്ലാതാകും. വാതകം പുറത്തുപോകാനാകാത്ത വിധം മുറികൾ അടഞ്ഞുകൂടി കിടന്നാൽ സ്ഥിതി അതീവ ഗുരുതരമായിരിക്കും. കാർബൺമോണോക്‌സൈഡ്‌ കൂടുതലായി ശ്വസിക്കുന്നതോടെ ഇത്‌  ഹീമോഗ്ലോബിനോടൊപ്പം ചേർന്ന്‌ ശരീരകോശങ്ങളിലേക്ക്‌ എത്തും. ഇത്‌ കോശങ്ങളുടെ നാശത്തിന്‌ കാരണമാകും.

വലിയതോതിൽ ഈ വാതകം ഉള്ളിൽച്ചെന്നാൽ ബോധക്ഷയം ഉണ്ടാകും. തുടർന്ന്‌ മരണവും. ഛർദി, തലകറക്കം, ക്ഷീണം, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാറുണ്ട്‌. വാതകത്തിന്റെ അളവ്‌ അനുസരിച്ചാവും ലക്ഷണങ്ങളുടെ സ്വഭാവവും മാറും. സുരക്ഷാ സ്ഥാനത്തേക്ക്‌ മാറ്റുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്‌തില്ലെങ്കിൽ മരണം ഉറപ്പാണ്‌. അതുകൊണ്ട് തണുപ്പുള്ള വിനോദ സഞ്ചാര മേഖലകളിൽ പോകുന്നവരും കൂടുതൽ ജാഗ്രത പുലർത്തുക. 

click me!