
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ മോഡലുകള്‍ ഇന്ത്യന്‍ വിപണി വിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും ഈ മോഡലുകളെ നീക്കം ചെയ്‍തു. രണ്ട് എസ്‌യുവികളുടെയും ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചതിലേക്കാണ് ഈ നീക്കം ചെയ്യല്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടു മുമ്പാണ് ഇരു മോഡലുകളും ഇന്ത്യന്‍ വിപണി വിടുന്നത്. ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന് 1.46 കോടി രൂപയായിരുന്നു ദില്ലി എക്‌സ് ഷോറൂം വില. എല്‍സി 200 വിഎക്‌സ് എന്ന ട്രിമ്മില്‍ മാത്രമാണ് വാഹനം ലഭിച്ചിരുന്നത്. 262 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ വി8 ഡീസല്‍ എന്‍ജിനായിരുന്നു ഈ വാഹനത്തിന്‍റെ ഹൃദയം. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ആയിരുന്നു ട്രാന്‍സ്മിഷന്‍. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേഡായി വാഹനത്തില്‍ ഉണ്ടായിരുന്നു.
96.30 ലക്ഷം രൂപയായിരുന്നു ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ദില്ലി എക്‌സ് ഷോറൂം വില. വിഎക്‌സ് എല്‍ എന്ന ട്രിമ്മില്‍ മാത്രമാണ് ലഭിച്ചിരുന്നത്. 3.0 ലിറ്റര്‍, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ആയിരുന്നു പ്രാഡോയുടെ ഹൃദയം. 171 ബിഎച്ച്പി കരുത്തും 410 എന്‍എം ടോര്‍ക്കും ആണ് ഈ എഞ്ചിന്‍ സൃഷ്‍ടിച്ചിരുന്നത്. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ഘടിപ്പിച്ചു. ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേഡ് ഫീച്ചറായി ഉണ്ടായിരുന്നു.
നിലവിലെ തലമുറ ലാന്‍ഡ് ക്രൂയിസര്‍ 2007 മുതല്‍ നിര്‍മിച്ചുവരികയാണ്. എന്നാല്‍ നാലാം തലമുറ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ 2009 ലാണ് നിര്‍മിച്ചുതുടങ്ങിയത്. 2016 ല്‍ കമ്പനി ലാന്‍ഡ് ക്രൂയിസര്‍ പരിഷ്‌കരിച്ച് വിപണിയിലെത്തിച്ചിരുന്നു. 2018 മോഡല്‍ പ്രാഡോയാണ് നിലവില്‍ ഇന്ത്യയില്‍ വിറ്റിരുന്നത്.
രണ്ട് വാഹനങ്ങളും പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയില്‍ രണ്ട് മോഡലുകളുടെയും വില്‍പ്പന വളരെ കുറവായിരുന്നു.
24 യൂണിറ്റ് ലാന്‍ഡ് ക്രൂസര്‍ മാത്രമാണ് 2019 അവസാന പാദത്തില്‍ വിറ്റുപോയത്. ഡിസംബറില്‍ ആണെങ്കില്‍ വെറും ഒരു യൂണിറ്റ് മാത്രവും. അതേസമയം, 2019 സെപ്റ്റംബര്‍ മുതല്‍ ഒരു യൂണിറ്റ് പ്രാഡോ പോലും വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല.