ജനപ്രിയ ബൊലേറോയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

By Web TeamFirst Published Mar 21, 2020, 12:37 PM IST
Highlights

ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും വില്പനയുള്ള മോഡലായ  ബൊലേറോയുടെ  ബി എസ് 6 മോഡൽ ഉടൻ നിരത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് മഹീന്ദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000ത്തിന്‍റെ ആദ്യത്തില്‍ കമ്പനി ബൊലേറോ എസ്‍യുവിക്ക് രൂപം കൊടുക്കുന്നത്.

രാജ്യത്തെ എല്ലാ പ്രമുഖ വാഹന  നിർമാതാക്കളെയും  പോലെ മഹീന്ദ്രയും  തങ്ങളുടെ വാഹനങ്ങളെ ബി എസ് 6 നിലവാരത്തിലേക് ഉയർത്തികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും വില്പനയുള്ള മോഡലായ  ബൊലേറോയുടെ  ബി എസ് 6 മോഡൽ ഉടൻ നിരത്തിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് മഹീന്ദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തിയ 1.5 ലിറ്റർ mHawkD70 ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഔദ്യോഗിക പവർ, ടോർക്ക് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷീറ്റ് മെറ്റൽ ഭാഗത്തിന് യാതൊരു മാറ്റവുമില്ല. എന്നാല്‍ മുൻവശത്തിന് കാര്യമായ മാറ്റമുണ്ട്. പുതിയ രൂപത്തിൽ ഉള്ള ഹെഡ്‍ലാംപ്,  ഗ്രില്ലുകൾ,  ബമ്പർ എന്നിവയും ചെറിയ  ഇന്റീരിയർ മാറ്റങ്ങളും ഈ പുത്തൻ മോഡലിൽ പ്രതീക്ഷിക്കാം.

എല്ലാ പതിപ്പുകളിലും ABS, ഡ്രൈവർ സൈഡ് എയർബാഗ്, പിൻ പാർക്കിംഗ് സെൻസറുകൾ, മുൻ പാസഞ്ചർ സീറ്റ് ബെൽറ്റ് അലേർട്ട്, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഏറ്റവും ഉയർന്ന പതിപ്പുകൾക്ക് റിമോട്ട് കീലെസ് എൻ‌ട്രി, പിൻ വൈപ്പർ, സെന്റർ ലോക്കിംഗ്, ഹബ്‌കാപ്പുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.

B4, B6, B6(O) എന്നീ മൂന്നു വേരിയന്റുകളിൽ ആയിരിക്കും ബൊലേറോ എത്തുക. പഴയ മോഡലിനെ അപേക്ഷിച്ച് ഏകദേശം 50000 രൂപ വരെ വില ഉയരാനും സാധ്യതയുണ്ട്. മോഡലിന്റെ ഔദ്യോഗിക ലോഞ്ച് ഈ മാസം അവസാനത്തോടെ ഉണ്ടാവും. വാഹനത്തിന്റെ എക്സ്-ഷോറൂം വില ഏകദേശം എട്ട് ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന ബിഎസ് 4 മോഡലിന് 7.61 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില.

click me!