ഹെഡ്ലൈറ്റുകളിൽ പുത്തന്‍ പരിഷ്കാരവുമായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി
ഹെഡ്ലൈറ്റുകളിൽ പുത്തന്‍ പരിഷ്കാരവുമായി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി. ഇനിമുതൽ ഡിജിറ്റൽ മാട്രിക്സ് എൽ.ഇ.ഡി ഹെഡ്ലൈറ്റുകളാണ് ഔഡി മോഡലുകളില്‍ തെളിയുക എന്ന ബീബോം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
അനിമേഷനുകളും ചിത്രങ്ങളുംകൂടി ഉൾപ്പെടുന്ന ലൈറ്റുകളാണ് ഡിജിറ്റൽ മാട്രിക്സ് എൽ.ഇ.ഡി. ഇതൊരു പ്രൊജക്ടർപോലെ പ്രവർത്തിക്കും. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴും നിർത്തുമ്പോഴുമെല്ലാം പ്രത്യേക അനിമേഷനുകൾ മിന്നിമറയും. ഇതുമാത്രമല്ല സെൻസറുകൾ ഉപയോഗിച്ച് റോഡിന്റെ ലൈറ്റിംഗ് അവസ്ഥയ്ക്കും കാറിന്റെ സ്ഥാനത്തിനും അനുസൃതമായി ഹെഡ്ലൈറ്റുകളുടെ ബീം ക്രമീകരിക്കാനും കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളായ ഇ-ട്രോൺ, ഇ-ട്രോൺ സ്പോർട്ബാക്ക് എന്നിവയിൽ പ്രത്യേക ഓപ്ഷനായി ഹെഡ്ലൈറ്റുകൾ ഉൾപ്പെടുത്തും. ആനിമേഷൻ സവിശേഷതകൾ ആഗോളതലത്തിൽ ലഭ്യമാകുമെങ്കിലും ചില സവിശേഷതകൾ യൂറോപ്പിന് മാത്രമുള്ളതായിരിക്കുമെന്നും മറ്റ് രാജ്യങ്ങളിലെഉപഭോക്താക്കൾക്ക് ചില ആനിമേഷനുകൾ മാത്രമായിരിക്കും ലഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡ്രൈവിംഗ് എളുപ്പവും സുരക്ഷിതവുമാക്കുന്ന സവിശേഷതകൾ പുതിയ ഡിജിറ്റൽ ലൈറ്റിങ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ഹൈവേകൾക്കുള്ള പ്രത്യേക ലൈറ്റിങാണ് ഒരു പ്രത്യേകത. 50 മീറ്റർ വരെ നീളത്തിൽ വെളിച്ചത്തിന്റെ പരവതാനി സൃഷ്ടിക്കാൻ മാട്രിക്സ് എൽ.ഇ.ഡിക്ക് സാധിക്കും. കർവ് ലൈറ്റിങ്, സിറ്റി ലൈറ്റിങ്, ഹൈവേ ലൈറ്റിങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരെ അസ്വസ്ഥപ്പെടുത്താത്ത പ്രകാശകിരണത്തിൽ പുറപ്പെടുവിക്കാനും ലൈറ്റിനാകും. പുതിയ ഹെഡ്ലൈറ്റുകൾ പ്രദർശിപ്പിക്കുന്ന വീഡിയോ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഔഡിയുടെ ഹെഡ്ലൈറ്റ് നിർമാണ വിഭാഗം തലവൻ സ്റ്റീഫൻ ബെർലിറ്റ്സ് ആണ് പുതിയ സാങ്കേതികവിദ്യയുടെയും സൂത്രധാരന്‍.