ഇടി പരീക്ഷ; മൂന്നാം തവണയും അഞ്ചിലഞ്ചും നേടി ഹോണ്ട സിറ്റി

By Web TeamFirst Published Mar 31, 2020, 2:51 PM IST
Highlights

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിക്ക് അസിയാന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മിന്നും നേട്ടം. അഞ്ചില്‍ അഞ്ചും മാര്‍ക്കാണ് വാഹനം നേടിയത്. 


ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിക്ക് അസിയാന്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മിന്നും നേട്ടം. അഞ്ചില്‍ അഞ്ചും മാര്‍ക്കാണ് വാഹനം നേടിയത്. ഇതു മൂന്നാം തവണയാണ് ഹോണ്ട സിറ്റിക്ക് അഞ്ചു സ്റ്റാര്‍ ലഭിക്കുന്നത്. ഇതിനു മുമ്പ് മൂന്നാം തലമുറയും (2011) നാലാം തലമുറയും (2014) ആണ് അസിയാന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് ചെയ്തത്. ഹോണ്ട സിറ്റിയുടെ തായ്‌ലന്‍ഡ് പതിപ്പാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.

മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് 44.83 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 22.85 പോയിന്റും സെയ്ഫ്റ്റി അസിസ്റ്റന്റ് ടെക്കിന് 18.89 പോയിന്റും അടക്കം 86.56 പോയിന്റാണ് സിറ്റിക്ക് ലഭിച്ചത്. ജി-കോണ്‍(ജി-ഫോഴ്‌സ് കണ്‍ട്രോള്‍ ബോഡി സിസ്റ്റം), ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, എമര്‍ജെന്‍സ് സ്‌റ്റോപ്പ് സിഗ്നല്‍, മള്‍ട്ടി-വ്യൂ റിവേഴ്‌സ് ക്യാമറ തുടങ്ങിയ സുരക്ഷ ഫീച്ചറുകളുള്ള വാഹനമാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.

2019 നവംബറില്‍ തായ്‌ലന്‍ഡില്‍ ആഗോള അരങ്ങേറ്റം നടത്തിയ സിറ്റി സിറ്റി ഉടന്‍ തന്നെ ഇന്ത്യയിലും പുറത്തിറങ്ങും. കൂടുതല്‍ സ്‌റ്റൈലിഷായി പ്രീമിയം ലുക്കിലെത്തുന്ന കാറില്‍ നിരവധി പുതിയ ഫീച്ചറുകളുമുണ്ട്. സിവിക്, അക്കോഡ് തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള രൂപമാണ് പുതിയ സിറ്റിക്ക്. നിലവിലെ മോഡലിനെക്കാള്‍ 100 എംഎം നീളവും 53 എംഎം വീതിയുമുണ്ട് പുതിയതിന്. വലുപ്പം കൂടിയ ബംബര്‍, ഗ്രില്‍ എന്നിവയുണ്ട്. കൂടാതെ എല്‍ഇഡി ഹെഡ്‌ലാംപ്, ഫോഗ്‌ലാംപ്, ടെയില്‍ ലാംപ് എന്നിവയുമുണ്ട്.

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ സിറ്റിയുടെ വിൽപ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഈ നാലാം തലമുറയാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്.

ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നതാണ് ശ്രദ്ധേയം.

മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായ് വെര്‍ണ, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവരാണ് പുതിയ സിറ്റിയുടെ പ്രധാന എതിരാളികള്‍. 

click me!