Latest Videos

പുതിയൊരു ജാവ കൂടി എത്തി, പക്ഷേ സന്തോഷിക്കാന്‍ ഇന്ത്യയ്ക്ക് വകയില്ല!

By Web TeamFirst Published Jul 18, 2021, 8:18 PM IST
Highlights

ഈ ബൈക്കിലെ 471 സിസി പാരലൽ-ട്വിൻ എൻജിൻ ഉപയോഗിച്ചാണ് ഇപ്പോൾ സ്‌ക്രാംബ്ലർ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ഐക്കണിക്ക് ചെക്ക് ബൈക്ക് ബ്രാൻഡായ ജാവയുടെ പുതിയ സ്‌ക്രാംബ്ലർ ബൈക്ക് അവതരിപ്പിച്ചു. 'ആർവിഎം 500 ബൈ ജാവ സ്‌ക്രാംബ്ലർ' എന്നു പേരുള്ള ഈ പുത്തൻ ബൈക്ക് യൂറോപ്യന്‍ വിപണിക്ക് വേണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു വർഷം മുൻപ് അഡ്വഞ്ചർ ബൈക്ക് വിപണിയ്ക്കായി യൂറോപ്യൻ ജാവ ആർവിഎം 500 എന്ന പേരിൽ ഒരു ബൈക്ക് അവതരിപ്പിച്ചിരുന്നു. ഈ ബൈക്കിലെ 471 സിസി പാരലൽ-ട്വിൻ എൻജിൻ ഉപയോഗിച്ചാണ് ഇപ്പോൾ സ്‌ക്രാംബ്ലർ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 8,500 ആർ‌പി‌എമ്മിൽ 47.6 എച്ച്പി കരുത്തും 6,500 ആർ‌പി‌എമ്മിൽ 43 എൻ‌എം ടോർക്കുമാണ് ഈ എൻജിൻ നിർമിക്കുന്നത്. ആർവിഎം 500ന്റെ അതെ പ്ലാറ്റ്ഫോമും ഏറെക്കുറെ സമാനമായ പാർട്സുമാണ് സ്‌ക്രാംബ്ലർ ബൈക്കിലും ഇടം പിടിച്ചിരിക്കുന്നത്.

ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ബ്രിസ്റ്റോൾ മോട്ടോർസൈക്കിളുകളുമായുള്ള സഹകരണത്തിലാണ് ജാവ സ്‌ക്രാംബ്ലർ ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. ജാവയുടെ ആർവിഎം 500 അഡ്വഞ്ചർ ബൈക്ക് ബ്രിസ്റ്റോൾ വെൻ‌ചുരി 500ന് സമാനവും പുതുതായി എത്തിയിരിക്കുന്ന ജാവ സ്‌ക്രാംബ്ലർ ബൈക്ക് ബ്രിസ്റ്റോൾ വെലോസ് 500നും സമാനമാണ്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക്ക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റാഡാണ് ഇന്ത്യയിൽ ജാവ ബൈക്കുകൾ നിർമിച്ച് വിൽക്കുന്നത്. എന്നാല്‍ ജാവ മോട്ടോ എന്ന യഥാർത്ഥ ഉടമകളാണ്‌ യൂറോപ്പിൽ ജാവ ബൈക്കുകള്‍ നിർമ്മിച്ച് വിൽക്കുന്നത്. ഇവരുമായുള്ള ലൈസൻസിം കരാറിലാണ് ക്ലാസിക് ലെജന്റ്സ് ഇന്ത്യയിൽ ജാവ ബൈക്കുകൾ നിർമ്മിക്കുന്നതും വിൽക്കുന്നതും. അതുകൊണ്ട് തന്നെ യൂറോപ്പിലും ഇന്ത്യയിലും വിൽക്കുന്ന ജാവ ബൈക്കുകൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് പിന്നാലെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് തിരികെയെത്തിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!