
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വിദേശ വാഹന നിർമ്മാതാക്കളിൽ നിന്ന് കടുത്ത മത്സരം നേരിടുന്നു. അതിന്‍റെ ഫലമായി വിപണി വിഹിതം കുറയുന്നു. നിലവിൽ കമ്പനിക്ക് 41 ശതമാനം വിപണി വിഹിതമുണ്ട്, 2020 സാമ്പത്തിക വർഷത്തിൽ ഇത് 50 ശതമാനമായിരുന്നു. വിപണി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട്, മാരുതി സുസുക്കി എസ്‌യുവികൾ, ഹൈബ്രിഡുകൾ, ഇവികൾ, പുതിയ ഉൽപ്പന്നങ്ങൾ, ഫെയ്‌സ്‌ലിഫ്റ്റുകൾ തുടങ്ങിയവ ഉൾപ്പെടെ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. 2026 ന്‍റെ തുടക്കത്തിൽ കമ്പനിയുടെ സ്വന്തം സ്‍ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഫ്രോങ്ക്‌സ് ഹൈബ്രിഡുമായി അരങ്ങേറും. മാരുതി പുറത്തിറക്കാനിരിക്കുന്ന ഉൽപ്പന്ന നിരയിൽ വൈഡിബി എന്ന കോഡ് നാമത്തിലുള്ള സബ് കോംപാക്റ്റ് എംപിവി ഉൾപ്പെടെ നിരവധി എൻട്രി ലെവൽ, താങ്ങാനാവുന്ന മോഡലുകൾ ഉണ്ടാകും. പുതിയ മാരുതി 7 സീറ്റർ എംപിവിയെക്കുറിച്ച് കൂടുതൽ അറിയാം.
ജാപ്പനീസ് വിപണിയിലെ ജനപ്രിയ കെയ്-കാറായ സുസുക്കി സ്പേഷ്യയെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ 7 സീറ്റർ എംപിവി. ജപ്പാൻ-സ്പെക്ക് സ്പേഷ്യയ്ക്ക് 3,395 മില്ലീമീറ്റർ നീളവും രണ്ട്-വരി സീറ്റിംഗ് കോൺഫിഗറേഷനും ഉള്ളപ്പോൾ, ഇന്ത്യയിലേക്കുള്ള മോഡൽ നീളമുള്ളതും മൂന്ന്-വരി സീറ്റിംഗുള്ളതുമായിരിക്കും.
സ്ലൈഡിംഗ് റിയർ ഡോറുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങിയ ആധുനിക സവിശേഷതകളോടെയാണ് സുസുക്കി സ്‌പെഷ്യയ വരുന്നത്. എങ്കിലും, ഇന്ത്യയിലെ മാരുതി എംപിവിയിൽ ഈ ഫിറ്റ്‌മെന്റുകൾ ഉണ്ടാകാൻ സാധ്യതയില്ല. സ്‌പെഷ്യയിൽ നിന്ന് ബോക്‌സി ലുക്ക് കടമെടുക്കാനും ക്രോം അലങ്കാരങ്ങളുള്ള കറുത്ത ഗ്രിൽ, മുൻ ബമ്പറിനുള്ളിൽ സംയോജിപ്പിച്ചിരിക്കുന്ന വീതിയേറിയ എയർ ഡാം, ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ഇത് ലഭിക്കാനും സാധ്യതയുണ്ട്.
ഈ കാറിന്‍റെ പവർട്രെയിൻ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. സ്വിഫ്റ്റിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ, 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ എഞ്ചിൻ സ്വിഫ്റ്റിൽ 82 bhp കരുത്തും 108 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക്കും ഉൾപ്പെട്ടേക്കാം. ജപ്പാനിലെ സുസുക്കി സ്പേഷ്യ 660 സിസി എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.
പുതിയ മാരുതി എംപിവി എർട്ടിഗയ്ക്ക് താഴെയായിരിക്കും സ്ഥാനം പിടിക്കുക. കൂടാതെ റെനോ ട്രൈബറുമായും വരാനിരിക്കുന്ന നിസാൻ സബ്‌കോംപാക്റ്റ് എംപിവിയുമായും മത്സരിക്കും. മാരുതി സുസുക്കിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന വാഹനമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാന വേരിയന്‍റിന് ആറോ ഏഴോ ലക്ഷം രൂപ മുതൽ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവിധ റിപ്പോർട്ടുകൾ പറയുന്നു.