
ആഗോളതലത്തിൽ നിസാൻ മോട്ടോർ കോർപ്പറേഷൻ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അതിജീവന തന്ത്രത്തിന്റെ ഭാഗമായി തങ്ങളുടെ ആഗോള ആസ്ഥാനം വിൽക്കാൻ സാധ്യതയുണ്ട് എന്നാണ്. ഇതിന് ഏകദേശം 700 മില്യൺ ഡോളർ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും വരാനിരിക്കുന്ന ഉൽപ്പന്ന പദ്ധതികളെപ്പോലെ തന്നെ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ബാധിക്കില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു. അടുത്തിടെ മാഗ്നൈറ്റ് സിഎൻജി (റിട്രോഫിറ്റ് കിറ്റ് ആയി) പുറത്തിറക്കിയിരുന്നു. അതിനുശേഷം മൂന്ന് പുതിയ മോഡലുകൾ ഒരു സബ്കോംപാക്റ്റ് എംപിവി, ഒരു മിഡ്‌സൈസ് എസ്‌യുവി, ഒരു 7 സീറ്റർ എസ്‌യുവി എന്നിവ പുറത്തിറക്കും.
നിസാൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ (എംഡി) സൗരഭ് വത്സ, വരാനിരിക്കുന്ന എംപിവിയും സി-എസ്‌യുവിയും കമ്പനിയുടെ ചെന്നൈ നിർമ്മാണ പ്ലാന്റിൽ ഉൽപ്പാദനത്തിലേക്ക് പ്രവേശിച്ചതായി വെളിപ്പെടുത്തി. പുതിയ നിസാൻ എംപിവി 2026 ന്റെ ആദ്യ പാദത്തിൽ (ജനുവരി - മാർച്ച്) പുറത്തിറക്കും, അതേസമയം മിഡ്‌സൈസ് എസ്‌യുവി (പുതുതലമുറ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളത്) 2026 മധ്യത്തിൽ ഇന്ത്യൻ റോഡുകളിൽ എത്തും.
കൂടാതെ, 2027 ൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ നിസാൻ 7 സീറ്റർ എസ്‌യുവി, അതിന്റെ പുതിയ ഇടത്തരം എസ്‌യുവിയുടെ വെറും മൂന്ന് നിര പതിപ്പായിരിക്കില്ല. പകരം, ഇത് തികച്ചും വ്യത്യസ്തമായ ഒരു വാഹനമായിരിക്കും. ശരിയായ 7 സീറ്റർ ആയി രൂപകൽപ്പന ചെയ്യും. വരാനിരിക്കുന്ന ഉൽപ്പന്നങ്ങളുടെ പൂർണ്ണ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വരാനിരിക്കുന്ന 5, 7 സീറ്റർ എസ്‌യുവികൾ യഥാക്രമം പുതുതലമുറ റെനോ ഡസ്റ്ററിനെയും ബോറിയൽ എസ്‌യുവികളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. രണ്ട് എസ്‌യുവികളും അവയുടെ ഡോണർ മോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈൻ ഭാഷ അവതരിപ്പിക്കും. മൂല്യം വർദ്ധിപ്പിക്കുന്നതിനായി കമ്പനി എസ്‌യുവിയെ അധിക സവിശേഷതകളാൽ സജ്ജീകരിക്കാനും സാധ്യതയുണ്ട്.
റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും വരാനിരിക്കുന്ന നിസാൻ എംപിവി. ബ്രാൻഡിന്റെ സിഗ്നേച്ചർ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിൽവർ റാപ്പ്എറൗണ്ട് ട്രീറ്റ്‌മെന്റുള്ള സ്‌പോർട്ടി ബമ്പർ, പുതിയ അലോയി വീലുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ട്രൈബറിന്റെ 72 ബിഎച്ച്പി, 1.0 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി എന്നീ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം ഇത് വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.