രാത്രി അല്ല കൂടുതൽ ഉച്ചയ്ക്ക് ശേഷം, ഈ വർഷം ഇതുവരെ മരിച്ചത് 7,700 പേർ, ഭയപ്പെടുത്തും കണക്കുകളുമായി യുപി സർക്കാർ

Published : May 29, 2025, 10:37 AM IST
രാത്രി അല്ല കൂടുതൽ ഉച്ചയ്ക്ക് ശേഷം, ഈ വർഷം ഇതുവരെ മരിച്ചത് 7,700 പേർ, ഭയപ്പെടുത്തും കണക്കുകളുമായി യുപി സർക്കാർ

Synopsis

2025-ലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ ഉത്തർപ്രദേശിൽ 13,000-ത്തിലധികം റോഡപകടങ്ങൾ നടന്നു, 7,700-ലധികം പേർ മരിച്ചു. ഉച്ചകഴിഞ്ഞും വൈകുന്നേരങ്ങളുമാണ് ഏറ്റവും അപകടസാധ്യതയുള്ള സമയങ്ങൾ, ചൂട്, ഡ്രൈവർമാരുടെ ക്ഷീണം, അമിത വേഗത എന്നിവയാണ് പ്രധാന കാരണങ്ങൾ.

2025-ലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ ഉത്തർപ്രദേശിൽ നടന്ന റോഡപകടങ്ങളുടെയും അതുമായി ബന്ധപ്പെട്ട മരണങ്ങളുടെയും നിരക്കുകൾ അമ്പരപ്പിക്കുന്നതാണ്. 2025 ജനുവരി 1 മുതൽ മെയ് 20 വരെയുള്ള 140 ദിവസത്തിനുള്ളിൽ യുപിയിൽ 13,000-ത്തിലധികം റോഡപകടങ്ങൾ നടന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഈ അപകടങ്ങളിൽ 7,700 പേർക്ക് ജീവൻ നഷ്‍ടമായി. ഉത്തർപ്രദേശ് റോഡ് സേഫ്റ്റി ആൻഡ് അവയർനെസ് സെല്ലിന്റെ റിപ്പോർട്ട് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഉച്ചകഴിഞ്ഞും വൈകുന്നേരങ്ങളുമാണ് റോഡ് ഉപഭോക്താക്കൾക്ക് ഏറ്റവും അപകടകരമായ സമയങ്ങൾ എന്ന് ഉത്തർപ്രദേശ് റോഡ് സേഫ്റ്റി ആൻഡ് അവയർനെസ് സെല്ലിന്റെ വിശകലനം വ്യക്തമാക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഐആർഎഡി (ഇന്റഗ്രേറ്റഡ് റോഡ് ആക്‌സിഡന്റ്സ് ഡാറ്റാബേസ്), ഇഡിഎആർ (ഇ-ഡീറ്റൈൽഡ് ആക്‌സിഡന്റ് റെക്കോർഡ്), സംസ്ഥാനത്തിന്റെ സ്വന്തം റോഡ് സുരക്ഷാ ഡാഷ്‌ബോർഡ് എന്നിവയിൽ നിന്നുള്ള ഡാകൾ കാണിക്കുന്നത് 60 ശതമാനത്തിൽ അധികം അപകടങ്ങളും ഉച്ചയ്ക്ക് 12 നും രാത്രി 9 നും ഇടയിലാണ് സംഭവിച്ചത് എന്നാണ്. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെ നടന്ന 4,352 അപകടങ്ങളിൽ 2,238 പേർ മരിച്ചു. ചൂട്, ഡ്രൈവർമാരുടെ ക്ഷീണം, അമിത വേഗത, വാഹനങ്ങളുടെ ഭാരം തുടങ്ങിയവയാണ് ഈ അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. വൈകുന്നേരം (6 മുതൽ 9 വരെ) നടന്ന 3,254 അപകടങ്ങളിൽ 1,945 പേർ മരിച്ചു. ഗതാഗതക്കുരുക്കും കുറഞ്ഞ ദൃശ്യപരതയുമാണ് ഈ അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.

രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും ഇടയിൽ ഗതാഗതക്കുരുക്ക് മൂലമുണ്ടായ 2,629 അപകടങ്ങളിൽ 1,447 പേർ മരിച്ചു . രാത്രി 9 മണിക്കും പുലർച്ചെ 3 മണിക്കും ഇടയിൽ 2,585 അപകടങ്ങളിലായി 1,699 പേർ മരിച്ചു. അമിത വേഗതയും ക്ഷീണവുമാണ് ഇതിന്‍റെ പ്രധാന ഘടകങ്ങൾ. ഏറ്റവും കുറഞ്ഞ അപകടങ്ങൾ അതായത് 506 എണ്ണം, പുലർച്ചെ 3 നും 6 നും ഇടയിൽ സംഭവിച്ചതാണ്. എന്നാൽ മരണനിരക്ക് 77 ശതമാനം ആയിരുന്നു.392 മരണങ്ങളും ഉറക്കം, ക്ഷീണം, ദീർഘദൂര യാത്രകൾ എന്നിവ മൂലമാണ്.

2024-ൽ യുപിയിൽ 46,052 അപകടങ്ങളിലായി 24,118 മരണങ്ങളും 34,665 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023-ൽ 44,534 അപകടങ്ങളിലായി 23,652 മരണങ്ങളും 31,098 പേർക്ക് പരിക്കേറ്റു. റോഡപകടങ്ങൾ കുറയ്ക്കാൻ വേഗത നിരീക്ഷണ ഉപകരണങ്ങളുടെയും സിസിടിവികളുടെയും വിന്യാസം വർദ്ധിപ്പിക്കുക, റോഡ് നിയമ ലംഘനങ്ങൾ തത്സമയം കണ്ടെത്തുന്നതിന് സിസിടിവി നിരീക്ഷണത്തിന്റെ ഉപയോഗം മെച്ചപ്പെടുത്തുക, ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് ആംബുലൻസ് സേവനങ്ങൾ ശക്തിപ്പെടുത്തുക , സ്‍കൂൾ-ഓഫീസ് സമയക്രമങ്ങൾ മാറ്റുക, രാത്രി ഡ്രൈവിംഗിനായി ഹെൽപ്പ് ലൈനുകൾ, വിശ്രമ സ്ഥലങ്ങൾ, ചെക്ക് പോസ്റ്റുകൾ തുടങ്ങിയവ സ്ഥാപിക്കുക  തുടങ്ങിയ കാര്യങ്ങൾ സെൽ ശുപാർശ ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ