
ഇ20 പെട്രോളിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ വിമർശകർക്ക് വെല്ലുവിളിയുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. എത്തനോൾ കലർന്ന ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് പ്രശ്‌നങ്ങൾ നേരിട്ട ഒരു കാറിന്റെ പേര് പറയാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇ20 പെട്രോൾ ഉപയോഗിച്ചതിനാൽ ഒരു വാഹനത്തിനും സാങ്കേതിക തകരാർ സംഭവിച്ചതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഗഡ്‍കരി വ്യക്തമാക്കി.
വികസിത ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളിലുള്ള രാജ്യത്തിന്റെ ആശ്രയം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഇന്ത്യ പ്രതിവർഷം ഏകദേശം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും എത്തനോൾ പോലുള്ള ബദൽ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നത് വിദേശനാണ്യം ലാഭിക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ20 പെട്രോളിനെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്ന് ഗഡ്‍കരി ആരോപിച്ചു. ചിലർ മനഃപൂർവം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‍ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ എന്ന ലക്ഷ്യം ഇന്ത്യ ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും, ഇത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരിമ്പ്, ചോളം, അരി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നാണ് എത്തനോൾ നിർമ്മിക്കുന്നത്. ഇതിലൂടെ കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചും ഗഡ്‍കരി പ്രതികരിച്ചു. തന്റെ കുടുംബത്തിന് പഞ്ചസാര മില്ലുകൾ ഉണ്ടെങ്കിലും തന്റെ ബിസിനസ് എത്തനോൾ ഉൽപാദനത്തെ ആശ്രയിച്ചല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ ഒരു സ്വകാര്യ സ്ഥാപനത്തിനും നേട്ടമുണ്ടാക്കാൻ വേണ്ടി അല്ലെന്നും കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചോളം ഉപയോഗിച്ച് എത്തനോൾ നിർമ്മിക്കുന്ന നയം നടപ്പാക്കിയതോടെ ഉത്തർപ്രദേശിലെയും ബിഹാറിലെയും കർഷകർക്ക് ഏകദേശം 45,000 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായി ഗഡ്കരി അവകാശപ്പെട്ടു. മുമ്പ് ചോളത്തിന് ക്വിന്റലിന് ഏകദേശം 1,200 രൂപ മാത്രമായിരുന്ന വില ഇപ്പോൾ 2,800 രൂപയായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ20 പെട്രോൾ സംബന്ധിച്ച ആശങ്കകൾക്ക് ശാസ്ത്രീയമായ വിലയിരുത്തലാണ് ആവശ്യമെന്നും, രാജ്യത്തിന്റെ ഊർജ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് എത്തനോൾ മിശ്രിത ഇന്ധന നയമെന്നും കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.