അഞ്ചുവര്‍ഷത്തിനകം ഇന്ത്യ വണ്ടി നിര്‍മ്മാണ ഹബ്ബ് ആകുമെന്ന് കേന്ദ്രമന്ത്രി

Web Desk   | Asianet News
Published : Mar 14, 2021, 08:46 AM IST
അഞ്ചുവര്‍ഷത്തിനകം ഇന്ത്യ വണ്ടി നിര്‍മ്മാണ ഹബ്ബ് ആകുമെന്ന് കേന്ദ്രമന്ത്രി

Synopsis

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി

ദില്ലി: വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വാഹന നിര്‍മാണ കേന്ദ്രമായി മാറുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി.  വെള്ളിയാഴ്ച ആത്മനിര്‍ഭര്‍ ഭാരത് – സോളാര്‍, എംഎസ്എംഇയിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ ഒരു വെബിനാറിനെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്ത്, പ്രത്യേകിച്ച് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജ്ജം ലഭ്യമാക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ വിപണി സൃഷ്‍ടിക്കപ്പെടുമെന്നും ഗഡ്‍കരി വ്യക്തമാക്കി. 

വൈദ്യുതി ഉല്‍പാദനത്തിന് ഇന്ത്യക്ക് വളരെയധികം സാധ്യതകളും ശേഷിയുമുണ്ട്. ഇന്ത്യയിലെ സൗരോര്‍ജ്ജ നിരക്ക് യൂണിറ്റിന് 2.40 രൂപയും വാണിജ്യ വൈദ്യുതി നിരക്ക് യൂണിറ്റിന് 11 രൂപയുമാണ്. സൗരോര്‍ജ്ജം വഴി ഉല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞ വൈദ്യുതി വാഹനങ്ങള്‍ക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള എംഎസ്എംഇകളെ ഇപ്പോള്‍ മൂലധന വിപണിയില്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും വാഹനങ്ങളുടെ സ്ക്രാപ്പിംഗ് നയത്തില്‍ നിക്ഷേപത്തിന് വലിയ അവസരമുണ്ടെന്ന് ഗഡ്‍കരി പറഞ്ഞു. ഇന്ത്യന്‍ എംഎസ്എംഇകളില്‍ നിക്ഷേപം നടത്താന്‍ വിദേശകാര്യ നിക്ഷേപകരെയും കേന്ദ്രമന്ത്രി ക്ഷണിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം ഇന്ത്യയിലേക്കുള്ള വാഹന കയറ്റുമതി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങളുമായി നിതിൻ ഗഡ്‍കരി നേരത്തെയും എത്തിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിലകൂടിയ ഇറക്കുമതി മൂലം ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ വഹിക്കുന്ന ചെലവ് കുറയ്ക്കുന്നതിന് വാഹനമേഖലയിൽ കൂടുതൽ പ്രാദേശിക ഉൽപ്പാദനം നടത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യ'യ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഗഡ്കരിയുടെ നിർദേശം. കുറഞ്ഞ നിരക്കിൽ രാജ്യത്ത് വാഹനങ്ങളുടെ പാർട്സുകൾ നിർമ്മിക്കാൻ ഇന്ത്യൻ കാർ നിർമാതാക്കളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നിലവിൽ 70 ശതമാനം വരുന്ന ഓട്ടോ പാർട്‌സിന്റെ പ്രാദേശികവൽക്കരണം 100 ശതമാനമായി ഉയർത്തണമെന്ന് കഴിഞ്ഞ മാസമാണ് ഗഡ്കരി നിർമാതാക്കളോട് ആവശ്യപ്പെട്ടത്.  പ്രാദേശിക ഉൽ‌പാദനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, വിലകൂടിയ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ബദൽ ഇന്ധനത്തിന് വേണ്ടി ശ്രമിക്കുന്നതായും ഗഡ്കരി വ്യക്തമാക്കി. എഥനോൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഫ്ലെക്സ് എഞ്ചിൻ വാഹനങ്ങൾ നിർമ്മിക്കാൻ അദ്ദേഹം അടുത്തിടെയാണ് കാർ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത്. .

നിലവിലെ 20,000 കോടി രൂപയിൽ നിന്ന് 2 ലക്ഷം കോടി രൂപയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പെട്രോൾ ഉപഭോഗത്തിന്റെ 70 ശതമാനവും ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങളാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ എത്തനോൾ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ, എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനും വില കുറയ്ക്കുന്നതിനും ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ കേന്ദ്രത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങളുടെ പാർട്സ് നിർമ്മാണം ഗൗരവമായി പ്രാദേശികവൽക്കരിക്കാനുള്ള നിർദ്ദേശം ഗഡ്കരി കഴിഞ്ഞ മാസം വാഹന നിർമാണ കമ്പനികളോട് അഭ്യർത്ഥിച്ചിരുന്നു. വ്യവസായം അത് ചെയ്യുന്നില്ലെങ്കിൽ, ഇറക്കുമതിയിൽ കൂടുതൽ കസ്റ്റംസ് തീരുവ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നും ഇത് വാഹനങ്ങളുടെ മൊത്തത്തിലുള്ള വിലയെ ബാധിക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ