ഈ സ്‍കൂട്ടര്‍ എത്തുക 10 നിറങ്ങളില്‍; ഇനി 'കളറാകും' സ്‍കൂട്ടര്‍ വിപണി!

By Web TeamFirst Published Jul 22, 2021, 3:07 PM IST
Highlights

സ്‍കൂട്ടർ ഏതൊക്കെ നിറങ്ങളിൽ ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങളാണ് ഈ വാര്‍ത്തകളില്‍ ഏറ്റവും പുതിയത്

പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഓല അവതരിപ്പിക്കാനൊരുങ്ങുന്ന ഇലക്ട്രിക് സ്‍കൂട്ടറാണ് ഇപ്പോള്‍ വാഹന ലോകത്തെ പുതിയ ചര്‍ച്ചാവിഷയം. റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടറിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഓരോ ദിവസവും. 

സ്‍കൂട്ടർ ഏതൊക്കെ നിറങ്ങളിൽ ലഭിക്കും എന്നത് സംബന്ധിച്ച വിവരങ്ങളാണ് ഈ വാര്‍ത്തകളില്‍ ഏറ്റവും പുതിയത്. നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ മൂന്നും നാലും നിറങ്ങളിൽ ലഭിക്കുമ്പോൾ ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തുക എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാളിന്‍റെ ട്വീറ്റിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. 

ഓരോ നിറങ്ങളുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാകും എന്നാണ് സൂചന.  സ്‍കൂട്ടരിന്‍റെ പേര് സംബന്ധിച്ചും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സീരീസ് എസ് എന്നായിരിക്കും ഒല സ്‍കൂട്ടറിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകളില്‍ ഒന്ന്. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകൾ പ്രതീക്ഷിക്കാം. 125 സിസി സ്‍കൂട്ടറുകളുടെ സമാന വിലയ്ക്ക് അവതരിപ്പിക്കാനാണ് ഒലയുടെ ശ്രമമെന്നും അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് താഴെയാവും ഒല ഇലക്ട്രിക്ക് സ്‍കൂട്ടറിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

അതേസമയം ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ  ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റും എന്നാണ് കമ്പനി പറയുന്നത്. എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുകയെന്നും വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും വെളിപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. 

തമിഴ്‍നാട്ടില്‍ നിര്‍മാണത്തിലുള്ള ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ കമ്പനിയുടെ അത്യാധുനിക ഇരുചക്ര വാഹന ഫാക്ടറിയില്‍ നിന്നാണ് ഒല സ്‌കൂട്ടര്‍ ലോകത്തിനായി നിര്‍മിക്കുന്നത്. ഫാക്ടറിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നും പ്രതിവര്‍ഷം 10 ദശലക്ഷം വാഹനങ്ങളെന്ന സമ്പൂര്‍ണ ഉത്പാദന ശേഷി അടുത്ത വര്‍ഷത്തോടെ കൈവരിക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!