
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ എഫ്സെഡ് 25 മോഡലിൽ മോൺസ്റ്റർ എനർജി മോട്ടോ ജി പി പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1,37000 രൂപയോളമാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റാൻഡേർഡ് യമഹ FZ 25യുമായി എൻജിന്‍റെ കാര്യത്തിലോ, സൈക്കിൾ പാർട്‍സിന്റെ കാര്യത്തിലോ മോട്ടോജിപി എഡിഷൻ പതിപ്പിന് വ്യത്യാസം ഒന്നുമില്ല. എഫ്സെഡ് 25 മോഡലിലെ 249 സിസി എയർ കൂൾഡ്, എസ്ഒഎച്ച്സി ഫോര്‍ സ്‌ട്രോക്ക് സിംഗിൾ സിലിൻഡർ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 8,000 ആർ.പി.എമ്മിൽ 20.8 പി.എസ്. പരമാവധി പവറും 6,000 ആർ.പി.എമ്മിൽ 20.1 എൻ.എം. പരമാവധി ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.
യമഹയുടെ റേസ് ബൈക്കുകൾ പോലെ കറുപ്പും നീലയും നിറങ്ങളുടെ ഡ്യുവൽ ടോൺ ആണ് FZ 25 മോട്ടോജിപി എഡിഷന്റെ ആകർഷണം. പെട്രോൾ ടാങ്ക്, ടാങ്ക് ഷ്റോഡുകൾ, സൈഡ് പാനലുകൾ എന്നിവിടങ്ങളിൽ ടീമിന്റെ പ്രധാന സ്പോൺസറായ മോൺസ്റ്റർ എനർജിയുടേയും മറ്റും ബ്രാൻഡിംഗും ചേർത്തിട്ടുണ്ട്. ജൂലായ് അവസാനത്തോടെ ഇന്ത്യയിൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പരിമിതമായ എണ്ണം മാത്രമായിരിക്കും ഈ എഡിഷനിൽ പുറത്തിറക്കുക.
സ്ട്രീറ്റ് ഫൈറ്റർ മോഡൽ ആയ FZ 25-യുടെ ബോഡി പാനലുകൾ കൂടുതൽ ഷാർപ് ആണ്. 2020ൽ പരിഷ്‍കരിച്ച് എത്തിയപ്പോൾ റീഡിസൈൻ ചെയ്‍ത എൻജിൻ കൗൾ, കൂടുതൽ ഷാർപ് ആയ ബിക്കിനി ഫെയറിങ്, നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ചേർത്തിട്ടുണ്ട്. മോട്ടോജിപി എഡിഷൻ കൂടാതെ മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നിങ്ങനെ 2 നിറങ്ങളിൽ യമഹ FZ 25 വാങ്ങാം.
ഫോർമുല 1 റേസ് കാറുകൾക്കെന്ന പോലെ ബൈക്കുകൾക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റേസ് ആണ് മോട്ടോജിപി. ഈ വർഷത്തെ മോട്ടോജിപി റെയ്‌സിൽ യമഹയുടെ ടീം കൺസ്ട്രക്ടർ ചാമ്പ്യൻഷിപ്പിൽ ഒന്നാമതാണ്. ഫാബിയോ ക്വാർട്ടരാറോ, മാവെറിക് വിനാലെസ് എന്നീ റൈഡർമാരുടെ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിലായിരുന്നു യമഹ ടീമിന്‍റെ ഈ നേട്ടം. മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി റൈഡർ ക്വാർട്ടരാറോ ഡ്രൈവർ ചാമ്പ്യൻഷിപ്പിലും മുന്നിട്ട് നിൽക്കുന്നു. ഈ രണ്ടുനേട്ടങ്ങളും ആഘോഷിക്കാന്‍ കൂടിയാണ് FZ 25 ബൈക്കിന്റെ മോട്ടോജിപി എഡിഷൻ യമഹ അവതരിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona