ഫാബിയ ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ? വ്യക്തമാക്കി സ്‍കോഡ

By Web TeamFirst Published Jul 22, 2021, 12:45 PM IST
Highlights

കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് സാക്ക് ഹോളിസ് തന്നെയാണ് പുതുതലമുറ സ്‌കോഡ ഫാബിയ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

ഈ മെയ് മാസത്തിലാണ് ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ നാലാം തലമുറ ഫാബിയയെ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ എംക്യൂബി പ്ലാറ്റ്ഫോം അടിസ്ഥാനമായാണ് നാലാം തലമുറ ഫാബിയയെ നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളില്‍ ബ്രാന്‍ഡിന് മികച്ച വില്‍പ്പന നേടികൊടുക്കുന്ന ഒരു മോഡല്‍ കൂടിയാണ് ഫാബിയ.

ആഗോള വിപണിയിലെ അവതരണത്തിന് പിന്നാലെ മോഡല്‍ ഇന്ത്യന്‍ നിരത്തുകളിലും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്ക് ഇപ്പോള്‍ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് സാക്ക് ഹോളിസ് തന്നെയാണ് പുതുതലമുറ സ്‌കോഡ ഫാബിയ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്റര്‍ വഴി ഉപഭോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം കാര്യം വെളിപ്പെടുത്തിയതെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ മോഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ തങ്ങള്‍ നിരന്തരം അവലോകനം ചെയ്യുകയാണെന്നും എന്നാല്‍ പുതിയ ഫാബിയ കാര്‍ കൊണ്ടുവരാനുള്ള പദ്ധതികളൊന്നും നിലവിലില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോഡയുടെ ഫാബിയ ഹാച്ച്ബാക്ക് കാറിന് ആഗോളതലത്തില്‍ വലിയ ഡിമാന്‍ഡാണുള്ളത്. ഈ കാറിന് ഇന്ത്യയില്‍ കൂടുതല്‍ ആരാധകരുണ്ട്. നേര്‍ത്ത രൂപകല്‍പ്പനയും മികച്ച ബില്‍ഡ് ക്വാളിറ്റിയുമാണ് ഈ കാറിന് ഉയര്‍ന്ന മൂല്യം നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ സജീവമാകാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പുതുതലമുറ ഫാബിയ കാര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് വാഹന വിപണി പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയ്ക്കാണ് ഇപ്പോള്‍ അന്ത്യമായത്. 

അതേസമയം വലിയ മാറ്റങ്ങളോടെയാണ് പുതുതലമുറ ഫാബിയയെ സ്‍കോഡ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്കോഡ കാറുകളായ ഒക്‌ടേവിയ, കോഡിയാക്ക്, കുഷാഖ് എന്നിവയോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് പുത്തൻ ഫാബിയ. സ്കോഡ കാറുകളുടെ മുഖമുദ്രയായ ക്രോം ടച്ചുകളോടുകൂടിയ കൂടിയ ബട്ടർഫ്‌ളൈ ഗ്രിൽ, അംഗുലാർ ആയ ഹെഡ്‍ലാംപുകൾ, ധാരാളം മടക്കുകളുള്ള മുൻ ബമ്പറും സ്‌പോർട്ടി ലൂക്ക് നൽകുന്നു.  65 എച്ച്പി, 80 എച്പി എന്നിങ്ങനെ രണ്ട് ട്യൂണുകളിൽ ലഭ്യമായ 1-ലിറ്റർ എംപിഐ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ഫാബിയയുടെ ഹൃദയം. അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 95 എച്ച്പി, 110 എച്പി ട്യൂണുകളിൽ ലഭ്യമായ 1-ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിനും പുത്തൻ ഫാബിയ ലഭ്യമാണ്. ഈ എൻജിനൊപ്പമുള്ള ഗിയർബോക്‌സുകൾ 6-സ്പീഡ് മാന്വൽ, 7-സ്‍പീഡ് ഡിഎസ്‍ജി എന്നിവയാണ്. 150 എച്ച്പി പവറും 250 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5-ലിറ്റർ ടിഎസ്ഐ എൻജിനിലും ലഭ്യമാണ്.

15 മുതൽ 18 ഇഞ്ച് വരെ വലിപ്പമുള്ള അലോയ് വീലുകളാണ് വാഹനത്തിന്. സ്‌പോർട്ടി ലുക്ക് വർദ്ധിപ്പിക്കാൻ ബ്ലാക്ക് മാജിക് അല്ലെങ്കിൽ ഗ്രാഫൈറ്റ് ഗ്രേ നിറത്തിലുള്ള റൂഫിലും പുത്തൻ ഫാബിയ ലഭ്യമാണ്. ചൈനയിൽ സ്കോഡ വിൽക്കുന്ന കാമിക്ക് എസ്‌യുവിയ്ക്ക് സമാനമാണ് പുറകിലെ ടെയിൽ ലാംപ്. 4108 എംഎം നീളമുള്ള പുത്തൻ ഫാബിയയ്ക്ക് മൂന്നാം തലമുറ മോഡലിനേക്കാൾ 111 എംഎം നീളം കൂടുതലാണ്. പുത്തൻ മോഡലിന് 2564 എംഎം ആണ് വീൽബേസ്. 94 എംഎം കൂടിയിട്ടുണ്ട്. ഇത് ഇന്റീരിയറിൽ സ്ഥല സൗകര്യം വർദ്ധിപ്പിക്കുന്നു. പുത്തൻ ഫാബിയയ്ക്ക് 48 എംഎം വീതി കൂടുതലാണ്.

ഫാബിയയുടെ ആദ്യ തലമുറ 2000 -ൽ അവതരിപ്പിച്ചതുമുതൽ, സ്കോഡയ്ക്ക് ഇതിനകം 4.7 ദശലക്ഷം യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു. ആഗോളതലത്തിൽ ഒക്ടാവിയയ്ക്ക് ശേഷം ചെക്ക് നിർമ്മാതാക്കൾക്ക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!