പുക സര്‍ട്ടിഫിക്കേറ്റ് ഇനി ഓണ്‍ലൈന്‍ മാത്രം, ഈ വാഹനങ്ങളുടെ കാര്യം കട്ടപ്പുക!

Web Desk   | Asianet News
Published : Dec 05, 2020, 09:31 AM IST
പുക സര്‍ട്ടിഫിക്കേറ്റ് ഇനി ഓണ്‍ലൈന്‍ മാത്രം, ഈ വാഹനങ്ങളുടെ കാര്യം കട്ടപ്പുക!

Synopsis

വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നവര്‍ക്ക് എട്ടിന്‍റെ പണി

തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ജനുവരി മുതല്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. പഴയ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് കാലാവധി തീരുന്നത് വരെ സാധുതയുണ്ടാവുമെന്നും മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ സോഫ്റ്റ് വെയറുമായി ഇതുവരെ 700 പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചെന്നും 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി നല്‍കയെന്നും അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ പരിശോധനയില്‍ 1500 വാഹനങ്ങള്‍ പരാജയപ്പെട്ടു. ഇനി പുതുതായി സര്‍ട്ടിഫിക്കറ്റ് എടുക്കുന്നവര്‍ ഓണ്‍ലൈനായി എടുക്കണമെന്നും അധികൃതര്‍ പറയുന്നു.

നിലവില്‍ സംസ്ഥാനത്ത് 900 പുക പരിശോധനാകേന്ദ്രങ്ങളുണ്ട്. കേന്ദ്ര ഉപരിതലമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.  പുകപരിശോധന 'വാഹന്‍' സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യം മാത്രമാണ് അധികം വേണ്ടിവരിക. ഇവയുടെ സോഫ്റ്റ്‌വേറിലേക്ക് 'വാഹനെ' ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 

സംസ്ഥാനത്ത് ഇനി 30 ശതമാനം പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ കൂടി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനുണ്ട്. ഉടനെ തന്നെ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ഈ പൊലൂഷന്‍ ടെസ്റ്റിങ് നടത്തിപ്പുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ പരിശോധനാ ഫലം നേരിട്ട് വാഹന്‍ വെബ്‌സൈറ്റിലേക്ക് ചേര്‍ക്കും.  പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഓണ്‍ലൈനിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. രജിസ്‌ട്രേഷന്‍ രേഖകള്‍ക്കൊപ്പം പുകപരിശോധന സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ രാജ്യത്തെവിടെയും ലഭിക്കും. വാഹന പരിശോധനാ സമയങ്ങളില്‍ ഡിജിറ്റല്‍ പകര്‍പ്പ് മതി. 

സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് നേരത്തെ തന്നെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംവിധാനം അടിമുടി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് കേരളവും ഇപ്പോള്‍ നടപ്പിലാക്കുന്നത്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം