വാട്ട്സ്ആപ്പ് വഴി യാത്രക്കാര്‍, അഞ്ചല്‍ മുതല്‍ സ്റ്റാച്യു വരെ സമാന്തര സര്‍വ്വീസ്; കെഎസ്ആര്‍ടിസിയുടെ പരാതിയില്‍ പിടി വീണു

By Web TeamFirst Published May 22, 2019, 10:52 AM IST
Highlights

അഞ്ചൽ മുതൽ സ്റ്റാച്യു വരെ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന പ്രിയ എന്ന ബസ്സാണ് പിടികൂടിയത്. സെക്രട്ടറിയറ്റ് ജീവനക്കാർക്കായി തുടങ്ങിയ ബസ്സിൽ ഇപ്പോൾ പരീക്ഷാ ഭവനിലേയും വഞ്ചിയൂർ കോടതിയിലേയും ഉദ്യോഗസ്ഥരെയും കൊണ്ടു വരുന്നുണ്ട്

തമ്പാനൂര്‍: തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാരെ സ്ഥിരമായി നഗരത്തിലെ ഓഫീസുകളിലെത്തിച്ചിരുന്ന സമാന്തര ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. കെഎസ്ആർടിസിയുടെ പരാതിയിലാണ് നടപടി. വാട്ട്സ്അപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ജീവനക്കാരെ കണ്ടെത്തിയിരുന്നത്.

അഞ്ചൽ മുതൽ സ്റ്റാച്യു വരെ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന പ്രിയ എന്ന ബസ്സാണ് പിടികൂടിയത്. സെക്രട്ടറിയറ്റ് ജീവനക്കാർക്കായി തുടങ്ങിയ ബസ്സിൽ ഇപ്പോൾ പരീക്ഷാ ഭവനിലേയും വഞ്ചിയൂർ കോടതിയിലേയും ഉദ്യോഗസ്ഥരെയും കൊണ്ടു വരുന്നുണ്ട്. നേരത്തെ രണ്ട് തവണ ബസിന് പിഴ നൽകിയെങ്കിലും സർവീസ് നിർത്തിയില്ല. 

തുടർന്ന് കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ ട്രാൻസ്പോർട് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.അഞ്ചലിൽ നിന്ന് പുറപ്പെട്ട ബസ് നാലാഞ്ചിറയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് പിടികൂടി. അഞ്ചൽ സ്വദേശി ദിലീപിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിന്‍റെ ഡ്രൈവർ മഹേഷിന്‍റെ പക്കൽ ലൈസൻസിന്‍റെ ഒറിജിനലോ പകർപ്പോ ഉണ്ടായിരുന്നില്ല. 

കോൺട്രാക്റ്റ് കാര്യേജ് വാഹനം സ്റ്റേജ് കാര്യേജായി സർവീസ് നടത്തിയതിനോടൊപ്പം ലൈസൻസില്ലാതെ വാഹനം ഓടിച്ചതും അന്വേഷിക്കും.സമാന്തര ബസ് സർവീസുകൾക്കെതിരെ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗവും മോട്ടോർ വാഹന വകുപ്പും ഒരാഴ്ചയിലധികമായി പരിശോധന നടത്തുകയാണ്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!