Latest Videos

കാറിലെ നിയമലംഘനം ചൂണ്ടിക്കാട്ടി എസ്ഐ, തന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് കലക്ടര്‍; പിന്നെ സംഭവിച്ചത്!

By Web TeamFirst Published Jun 30, 2020, 4:06 PM IST
Highlights

നിങ്ങൾ എന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് ആക്രോശിച്ച കലക്ടര്‍ പൊലീസുകാർക്ക് നേരെ തട്ടിക്കയറി. 

സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ അപമാനിച്ച് ഡെപ്യൂട്ടി കലക്ടർ. മഹാരാഷ്ട്രയിലാണ് സംഭവം. അപമാനിച്ചതു കൂടാതെ എസ് ഐക്കെതിര നടപടിക്കും കലക്ടര്‍ ശുപാര്‍ശ ചെയ്‍തു. ഇതോടെ സംസ്ഥാനത്തെ രണ്ടുലക്ഷത്തോളം പൊലീസുകാര്‍ എസ്ഐക്ക് പിന്തുണയുമായി രംഗത്തെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിലെ ഹിങ്കോലി ഡെപ്യൂട്ടി കളക്ടർ ചന്ദ്രകാന്ത് സൂര്യവംശിയാണ് പൊലീസ് സബ് ഇൻസ്പെക്ടറായ സായ്‍നാഥ് അൻമോദിനെ മറ്റു ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച്‌ അപമാനിച്ചത്. 

മഹാരാഷ്ട്രയിലെ ഇന്ദിര ചൗക്കിൽ കൊവിഡ് ഡ്യൂട്ടിലായിരുന്നു എസ് ഐ സായ്‍നാഥ് . ഈ സമയം അതുവഴിയെത്തിയ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനമായ മഹീന്ദ്ര എക്സ്‍യുവി 300 അദ്ദേഹം കൈകാണിച്ച് നിര്‍ത്തി. സ്വാകര്യവാഹനത്തിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാറിലുണ്ടായിരുന്ന ആളിനോട് അദ്ദേഹം പറഞ്ഞു. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്. 

തുടർന്ന് വാഹനത്തിൽ നിന്നിറങ്ങിയ കളക്ടർ എസ് ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. നിങ്ങൾ എന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് ആക്രോശിച്ച കലക്ടര്‍ പൊലീസുകാർക്ക് നേരെ തട്ടിക്കയറി. ഇതോടെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നാണ് സൂചന.

ഷോർട്ട്സും ടി ഷർട്ടും ധരിച്ചായിരുന്നു കളക്ടറുടെ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിലെ യാത്ര.  ഇത് കൂടാതെ, പോലീസ് സ്റ്റേഷനിലെത്തിയ ഡെപ്യൂട്ടി കളക്ടർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് എസ്.ഐയെ അപമാനിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. 

ഉയർന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ തന്നെ അപമാനിച്ചതിനും തുടർന്ന് നിയമം തെറ്റിച്ചതിനും ഡെപ്യൂട്ടി കളക്ടർക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് അൻമോദ് ഉയർന്ന ഉദ്യോഗസ്ഥർക്ക് കത്തെഴുതി. കലക്ടർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു് സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന പോലീസുകാർ എസ് ഐക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ആംബുലൻസ്, പൊലീസ് പോലെയുള്ള എമർജൻസി വാഹനങ്ങളില്‍ അല്ലാതെ മറ്റു വാഹനങ്ങളിൽ ബീക്കൺ ലൈറ്റുകളും സൈറനും നൽകുന്നത് നിയമവിരുദ്ധമാണ്.

click me!