
വാഹന ഉടമകൾക്ക് ആശ്വാസമാകുന്ന നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (PUCC) നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. പുതിയ കരട് വിജ്ഞാപനം അനുസരിച്ച്, ആറ് വർഷം വരെ പഴക്കമുള്ള BS-VI സ്വകാര്യ വാഹനങ്ങൾക്ക് പിയുസി സർട്ടിഫിക്കറ്റിന്റെ കാലാവധി നിലവിലെ ഒരു വർഷത്തിൽ നിന്ന് മൂന്നുവർഷമായി ഉയർത്താനാണ് നിർദേശം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച, കുറഞ്ഞ മലിനീകരണം പുറന്തള്ളുന്ന വാഹനങ്ങളുടെ ഉടമകൾക്ക് ആവർത്തിച്ച് മലിനീകരണ പരിശോധനാ കേന്ദ്രങ്ങളിൽ എത്തേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ കരട് നിർദേശത്തിൽ വാഹനത്തിന്റെ പഴക്കം അടിസ്ഥാനമാക്കി പി.യു.സി പുതുക്കൽ കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. ആറ് വർഷം വരെ പഴക്കമുള്ള BS-VI വാഹനങ്ങൾക്ക് മൂന്ന് വർഷത്തിലൊരിക്കൽ മാത്രം പി.യു.സി സർട്ടിഫിക്കറ്റ് പുതുക്കിയാൽ മതിയാകും. ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള BS-VI വാഹനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണം. അതേസമയം, പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള BS-VI വാഹനങ്ങൾക്ക് ഓരോ ആറ് മാസത്തിലും പി.യു.സി സർട്ടിഫിക്കറ്റ് പുതുക്കേണ്ടി വരും. പഴയ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് ഈ വ്യത്യസ്‍ത കാലയളവുകൾ നിശ്ചയിക്കുന്നത്.
പുതിയ നിർദേശത്തിൽ BS-IV വാഹനങ്ങൾക്കും പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 മുതൽ 2020 വരെ നിർമിച്ച BS-IV വാഹനങ്ങൾ ഓരോ ആറ് മാസത്തിലും പി.യു.സി പരിശോധനയ്ക്ക് വിധേയമാകണം. അതേസമയം BS-I, BS-II, BS-III വിഭാഗത്തിൽപ്പെടുന്ന പഴയ വാഹനങ്ങൾക്ക് കൂടുതൽ കർശനമായ പരിശോധനാ രീതിയാണ് നിർദേശിച്ചിരിക്കുന്നത്. ഈ വാഹനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ മലിനീകരണ പരിശോധന നടത്തേണ്ടി വരും.
വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നടപ്പാക്കിയ എമിഷൻ മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ് (BS) മാനദണ്ഡങ്ങൾ. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, കണികാ മലിനീകരണം തുടങ്ങിയ ദോഷകരമായ വാതകങ്ങളുടെ പുറന്തള്ളൽ പരിധിയാണ് ഇതിലൂടെ നിശ്ചയിക്കുന്നത്. യൂറോപ്യൻ എമിഷൻ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം. ഉയർന്ന തോതിൽ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടംഘട്ടമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം.
2020 ഏപ്രിലിൽ ഇന്ത്യ BS-V മാനദണ്ഡങ്ങൾ ഒഴിവാക്കി നേരിട്ട് BS-VI നിലവാരത്തിലേക്ക് മാറിയിരുന്നു. BS-VI വാഹനങ്ങളിൽ കൂടുതൽ നൂതനമായ എൻജിൻ സാങ്കേതികവിദ്യയും കുറഞ്ഞ മലിനീകരണം ഉറപ്പാക്കുന്ന സംവിധാനങ്ങളും ഉപയോഗിക്കുന്നതിനാലാണ് പുതിയ ഇളവുകൾ പരിഗണിക്കുന്നത്.
പുതിയ നിയമം നിലവിൽ വന്നാൽ ലക്ഷക്കണക്കിന് BS-VI വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും. പി.യു.സി പരിശോധനയ്ക്കായി ഇടയ്ക്കിടെ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട സാഹചര്യം ഒഴിവാകുന്നതിനൊപ്പം സമയവും ചെലവും ലാഭിക്കാനാകും. എന്നാൽ ഈ നിർദേശങ്ങൾ നിലവിൽ കരട് ഘട്ടത്തിലാണ്. അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.