പൂനെ-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ നമ്പർ പ്ലേറ്റ് മറയ്ക്കാനുള്ള സംവിധാനവുമായി പിടികൂടിയ ഫോർച്യൂണർ കാർ ഉടമയ്ക്ക് 4,500 രൂപ പിഴ ചുമത്തി. ട്രാഫിക് നിയമലംഘനങ്ങളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ഈ തട്ടിപ്പെന്നും, എന്നാൽ ഗുരുതരമായ കുറ്റത്തിന് നിസാര പിഴ ഈടാക്കിയ ആർടിഒ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
പൂനെ-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ യാത്രാവേളയിൽ നമ്പർ പ്ലേറ്റ് അപ്രത്യക്ഷമാകുന്ന രീതിയിൽ പ്രത്യേക മെക്കാനിക്കൽ സംവിധാനം ഘടിപ്പിച്ച ഫോർച്ച്യൂൺ കാറിനെതിരെ നടപടിയുമായി പിംപ്രി - ചിഞ്ച്‌വാഡ് ആർടിഒ. വാഹനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സ്വിച്ച് അമർത്തുമ്പോൾ നിമിഷനേരം കൊണ്ട് നമ്പർ പ്ലേറ്റ് മുകളിലേക്ക് മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് ആർടിഒയുടെ ഫ്ലയിംഗ് സ്‌ക്വാഡ് വാഹനം കണ്ടെത്തുകയും നമ്പർ പ്ലേറ്റിൽ ഘടിപ്പിച്ചിരുന്ന അനധികൃത ഉപകരണം അഴിച്ചുമാറ്റുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറ്റം സമ്മതിച്ച് വാഹന ഉടമ, പിഴ 4,500 രൂപ!
ട്രാഫിക് ഇ - ചെല്ലാനുകളിൽ നിന്നും സ്പീഡ് ക്യാമറകളിൽ നിന്നും രക്ഷപ്പെടാനാണ് ഇത്തരം ഒരു സംവിധാനം ഉപയോഗിച്ചതെന്ന് വാഹന ഉടമ സമ്മതിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഗുരുതരമായ ഇത്തരമൊരു നിയമലംഘനത്തിന് വെറും 4,500 രൂപ മാത്രം പിഴ ഈടാക്കി കേസ് അവസാനിപ്പിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ആശങ്കയുയർത്തി നെറ്റിസെൺസ്
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഇത്തരത്തിൽ മറയ്ക്കുന്നത് വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. എൻഫോഴ്‌സ്മെന്‍റ് ഏജൻസികൾക്കും സിസിടിവി ക്യാമറകൾക്കും വാഹനം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നത് ഗതാഗത നിയമപാലനത്തെ പൂർണ്ണമായും അട്ടിമറിക്കും. കൂടാതെ അപകടങ്ങൾ വരുത്തിവെച്ച ശേഷമോ മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷമോ തിരിച്ചറിയപ്പെടാതെ കടന്നുകളയാനും ഇത്തരം സാങ്കേതി വിദ്യകളുടെ സഹായത്തോടെ സാധിക്കും. ഇതും വലിയൊരു ആശങ്കയാണ് ഉയർത്തുന്നത്.
ആർടിഒയുടെ നടപടി പ്രഹസനം
ഈ സംവിധാനം ഉപയോഗിച്ച് വാഹനം മുമ്പ് ഏതെങ്കിലും അപകടങ്ങളിലോ കുറ്റകൃത്യങ്ങളിലോ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലും പരിശോധിക്കാതെ ചൊറിയൊരു മോട്ടോർ വാഹന നിയമലംഘനം മാത്രമായി കണ്ട് പിഴയീടാക്കിയത് ശരിയായില്ലെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. ആഡംബര കാറുകൾക്ക് നൽകുന്ന ഇത്തരം ഇളവുകൾ സാധാരണക്കാരായ വാഹന ഉടമകൾക്ക് ലഭിക്കാറില്ലെന്നും, വിഷയത്തിൽ വിശദമായ പോലീസ് അന്വേഷണം വേണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ മഹാരാഷ്ട്രാ റോഡ്ട്രാൻസ്പോർട്ട് വകുപ്പ് തയ്യാറായിട്ടില്ല.


