സ്വന്തം 'കുഞ്ഞിനെ' ഉപേക്ഷിച്ച് 'മാരുതിക്കുട്ടി'യെ വളര്‍ത്താന്‍ ടൊയോട്ട!

By Web TeamFirst Published Apr 19, 2021, 1:10 PM IST
Highlights

യാരിസിന്‍റെ നിര്‍മ്മാണം ടൊയോട്ട അവസാനിപ്പിക്കുന്നു. പകരം മാരുതി.യുടെ സിയാസ് റീ ബാഡ്‍ജ് ചെയ്‍ത് വിപണിയില്‍ എത്തിക്കും. 

മാരുതിയുടെ ടൊയോട്ടയുടെയും സംയുക്ത സംരംഭം വിജയം കൊയ്യുകയാണ്. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ എന്നിങ്ങനെ ടൊയോട്ടയുടെ പേരിലെത്തിയ മാരുതി മോഡലുകളായ ബലേനോയും ബ്രസയും ജനപ്രിയങ്ങളായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാന്‍ മോഡലായ സിയാസും ടൊയോട്ട വഴി വിതരണത്തിന് എത്താന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിയാസ് ടൊയോട്ടയുടെതായി പുനർനാമകരണം ചെയ്യപ്പെടുമെന്നും ഈ മോഡൽ ടൊയോട്ടയുടെ യാരിസിന് പകരമാകുമെന്നും വരും മാസങ്ങളിൽ ഇതിന്റെ ലോഞ്ച് നടക്കുമെന്നും ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

യാരിസിന്‍റെ ഉൽപാദനച്ചെലവ് ലാഭിക്കാൻ പുതിയ നീക്കം ടൊയോട്ടയെ സഹായിക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ യാരിസിന്റെ ഉത്പാദനം കമ്പനി നിർത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം യാരിസിന് പകരമായി സിയാസിന് പുതിയൊരു നെയിംപ്ലേറ്റ് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. സിയാസിൽ നിന്നും വേർതിരിച്ചറിയാൻ വാഹനത്തിന് ബാഹ്യ അപ്‌ഡേറ്റുകൾ ലഭിച്ചേക്കും. 

മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസിന് സെഗ്മെന്‍റില്‍ മികച്ച വില്‍പ്പനയാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും ജനപ്രീതി നേടിയ മിഡ്‌സൈസ് സെഡാനായ സിയാസ് പുറത്തിറങ്ങിയിട്ട് ആറര വര്‍ഷം തികയുകയാണ്. 2014 ഒക്ടോബറിലായിരുന്നു ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി സിയാസിനെ ആദ്യമായി അവതരിപ്പിക്കുന്നത്.  2020 ജനുവരിയിലാണ് ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ബിഎസ് 6 സിയാസ് ലഭിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 105 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 

നിലവില്‍ J, G, V, VX എന്നിങ്ങനെ നാല് വേരിയന്റുകളിലെത്തുന്ന യാരിസിന് 8.86 ലക്ഷം മുതല്‍ 14.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ നിലവില്‍ മികച്ച വില്‍പ്പനയാണ് യാരിസിന് എന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം വരെ കമ്പനി പറഞ്ഞിരുന്നത്.

അതേസമയം ബലേനോയും വിറ്റാര ബ്രെസയുടെയും റീ ബാഡ്‍ജ് പതിപ്പായ ഗ്ലാൻസയും അർബൻ ക്രൂയിസറും ടൊയോട്ട നിരയില്‍ മികച്ച വില്‍പ്പന നേടുന്നുണ്ട്. ജാപ്പനീസ് നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ഒപ്പം ഗ്ലാൻസയും അർബൻ ക്രൂയിസറും കമ്പനിയുടെ വളര്‍ച്ചയില്‍ ഇപ്പോള്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ബലേനോയെന്ന ഗ്ലാൻസ 2019 -ൽ ആണ് ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നത്. 2020ല്‍ അർബൻ ക്രൂസറും എത്തി. ഈ വർഷം ആദ്യം, ഇവരുടെ സംയോജിത വിൽപ്പന സംഖ്യ 50,000 യൂണിറ്റുകൾ മറികടന്നിരുന്നു. സിയാസു കൂടി എത്തുന്നതോടെ മികച്ച നേട്ടമുണ്ടാക്കാം എന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടല്‍.

ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്‍ജ് ചെയ്‍ത് ഉടൻ വിപണിയില്‍ എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!