ഗിന്നസ് ബുക്കില്‍ കയറി പുത്തന്‍ ബുള്ളറ്റ് രാജ, കാരണം അതിശയകരം..!

By Web TeamFirst Published Oct 9, 2021, 12:15 PM IST
Highlights

ഇപ്പോഴിതാ ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ (Guinness World Record) പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വാഹനം. 

മിഡിൽ വെയിറ്റ് മോട്ടോർസൈക്കിൾ (Middle Weight Motorcycle) വിഭാഗത്തിലെ (250-750സിസി) ആഗോളരാജാവായ റോയൽ എൻഫീൽഡ് (Royal Enfield) പുതിയ ക്ലാസിക് 350നെ (Classic 350) അടുത്തിടെയാണ് പുറത്തിറക്കിയത്. ഇപ്പോഴിതാ ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ (Guinness World Record) പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വാഹനം. ക്ലാസിക്ക് 350ന്‍റെ ഗിന്നസ് പ്രവേശനം എന്തിനെന്നല്ലേ? അതൊരു കൌതുകരമായ കാര്യത്തിനാണ്!

സെപ്റ്റംബില്‍ നടന്ന വാഹനത്തിന്‍റെ പുറത്തിറക്കൽ ചടങ്ങ് യൂട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്​തിരുന്നു​. ഈ പരിപാടിയാണ് ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ പട്ടികയിൽ ഇടം നേടിയിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെപ്​റ്റംബർ ഒന്നിന്​ രാവിലെ 11.30 മുതൽ 12 വരെ നടന്ന ചടങ്ങ്​ 19,564 പേരാണ്​ തത്സമയം കണ്ടത്​. ഇതാണ്​ റെക്കോർഡിന്​ അർഹമാക്കിയത്​. ഒരു ബൈക്കിന്‍റെ പ്രകാശന ചടങ്ങ്​ യൂട്യൂബിൽ തത്സമയം ഇത്രയുമധികം പേർ കണ്ടത്​ ഇതാദ്യമാണ്​. ഈ വീഡിയോ ഇപ്പോൾ ലക്ഷക്കണക്കിന്​ പേർ കണ്ടുകഴിഞ്ഞു.

കൗണ്ടര്‍ ബാലന്‍സര്‍ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുത്തന്‍ ക്ലാസിക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷയൊരുക്കും. 195 കിലോഗ്രാം ആണ് വാഹനത്തിന്‍റെ ഭാരം. പുതിയ ക്രാഡില്‍ ഷാസിയില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ വാഹനത്തിന്റെ വിറയല്‍ കുറയുമെന്നും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുമെന്നുമാണ് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്.

2021 ക്ലാസിക് 350 അതിന്റെ മുൻഗാമിയോട് ഏതാണ്ട് സമാനമാണെന്ന് തോന്നാമെങ്കിലും വാസ്‍തവത്തിൽ, പുതുക്കിയ ബൈക്കിലെ മിക്കവാറും എല്ലാ ഘടകങ്ങളും പുതിയതാണ്. ഇതിന്‍റെ ഫലമായി, ക്ലാസിക് 350 വാങ്ങുന്നതിന് മുമ്പത്തേക്കാൾ അൽപ്പം ചെലവേറിയതായി മാറി. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

പുതിയ മീറ്റിയോർ 350ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ ക്ലാസിക്ക് മോഡല്‍. ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍, പ്ലാറ്റ്‌ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ അവതരിച്ചിരിക്കുന്നത്.  റെട്രോ ക്ലാസിക് രൂപം നിലനിര്‍ത്തുന്നതിനൊപ്പം മോടിപിടിപ്പിക്കുന്നതിനായി പുതുമയുള്ള ഡിസൈനുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ക്രോമിയം ബെസല്‍ നല്‍കിയുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള ഇന്റിക്കേറ്റര്‍, ക്രോം ആവരണം നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ്, റൗണ്ട് റിയര്‍വ്യൂ മിറര്‍, ടിയര്‍ഡ്രോപ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകള്‍ തുടങ്ങിയവയാണ് ഡിസൈനിങ്ങില്‍ സ്റ്റൈലിഷാക്കുന്നത്. 

വർഷങ്ങളായി റോയൽ എൻഫീൽഡിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്ലാസിക് 350. ഒരു വ്യാഴവട്ടം മുമ്പ് 2009ൽ പുറത്തിറങ്ങിയശേഷം, ഇന്ത്യയിൽ 30 ലക്ഷം ക്ലാസിക് 350 ബൈക്കുകളാണ്​ വിറ്റത്​. റോയൽ എൻഫീൽഡിന്‍റെ വിൽപ്പനയുടെ 60 മുതല്‍ 70 ശതമാനെ വരെയും കയ്യാളുന്നത്  ഈ ബൈക്ക്​ തന്നെയാണ്. 

click me!