
ടെലിവിഷനിലെ ഏറ്റവും ജനപ്രിയമായ സ്റ്റണ്ട് റിയാലിറ്റി ഷോകളിലൊന്നായ 'ഖത്രോൻ കെ ഖിലാഡി 15'-ന്റെ പ്രീമിയർ എപ്പിസോഡിന് മുന്നോടിയായി പുറത്തുവന്ന പ്രമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അതിസാഹസിക ഹെലികോപ്റ്റർ സ്റ്റണ്ടിനിടെ നടി റുബീന ദിലൈക് ബോധരഹിതയാകുന്നതും തുടർന്ന് മെഡിക്കൽ സംഘത്തിന്റെ അടിയന്തര ഇടപെടലിലൂടെ ആംബുലൻസിലേക്ക് മാറ്റുന്നതുമാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രോഹിത് ഷെട്ടി അവതാരകനാകുന്ന പുതിയ സീസൺ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ദർ കാ നയാ ദൗർ' എന്ന ടാഗ്‌ലൈനുമായി എത്തുന്ന സീസണിൽ മുൻ വർഷങ്ങളേക്കാൾ അപകടസാധ്യതയേറിയ സ്റ്റണ്ടുകളാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, വലിയ ജലാശയത്തിന് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററിൽ നിന്ന് തൂക്കിയിട്ട കയർ ഏണിയിലൂടെ വെള്ളത്തിലേക്ക് ചാുക എന്ന വെല്ലുവിളിയാണ് റുബീന ഏറ്റെടുത്തത്. ആത്മവിശ്വാസത്തോടെ സ്റ്റണ്ട് പൂർത്തിയാക്കാൻ ശ്രമിച്ച താരം പിന്നീട് വെള്ളത്തിലേക്ക് ചാടിയെങ്കിലും, അതിന് പിന്നാലെ ബോധരഹിതയാവുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ സംഘവും മെഡിക്കൽ ടീമും സ്ഥലത്തെത്തി റുബീനയ്ക്ക് പ്രാഥമിക ചികിത്സ നൽകുകയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഈ സംഭവം മറ്റ് മത്സരാർത്ഥികളെയും ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച റുബീന, ഷോയിൽ ശക്തമായ തുടക്കം കുറിക്കാനായിരുന്നു തന്‍റെ ആഗ്രഹമെന്ന് പറഞ്ഞു. "എന്റെ ഇരട്ട പെൺമക്കൾക്ക് അവരുടെ അമ്മ ഒരിക്കലും വെല്ലുവിളികളിൽ നിന്ന് പിന്നോട്ടില്ലെന്ന് അറിയൻ വേണ്ടി കൂടി ആയിരുന്നു ഈ ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ കാര്യങ്ങൾ അപ്രതീക്ഷിതമായി മാറി. ഞാൻ ബോധരഹിതയായതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവർ പറഞ്ഞാണ് അറിഞ്ഞത്. അതിനാൽ പ്രീമിയർ എപ്പിസോഡ് ഞാൻ തന്നെയും കാണും. എന്നെ ഉടൻ ആംബുലൻസിലേക്ക് മാറ്റി മികച്ച പരിചരണം നൽകിയ മുഴുവൻ ടീമിനോടും നന്ദിയുണ്ട്. ജീവിതത്തിലെ ഏറ്റവും തീവ്രമായ അനുഭവമായിരുന്നു അത്," എന്നാണ് റുബീനയുടെ പ്രതികരണം.
റുബീനയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംഭവത്തിന്റെ പൂർണ ദൃശ്യങ്ങൾ ഷോയുടെ പ്രീമിയർ എപ്പിസോഡിൽ സംപ്രേഷണം ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.