വിഖ്യാത പിക്കപ്പ് ട്രക്കിന്‍റെ ഡ്രൈവര്‍ സീറ്റിലും സദ്‍ഗുരു, എന്തതിശയമെന്ന് വാഹനലോകം!

By Web TeamFirst Published May 26, 2021, 7:17 PM IST
Highlights

ഇപ്പോഴിതാ സദ്‍ഗുരുവിന്‍റെ പുതിയൊരു വാഹന വീഡിയോ കൂടി വൈറലാകുന്നു.

സദ്‌ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്‍റെ വാഹന പ്രേമം പ്രസിദ്ധമാണ്. തന്‍റെ 62-ാം വയസിലും ആവേശത്തോടെ ബൈക്കുകള്‍ ഓടിക്കുന്ന അദ്ദേഹത്തിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി തവണ മോട്ടോർ സൈക്കിളുകള്‍ക്കൊപ്പം അദ്ദേഹത്തെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സദ്‍ഗുരുവിന്‍റെ പുതിയൊരു വാഹന വീഡിയോ കൂടി വൈറലാകുന്നു.

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ വിഖ്യാത മോഡലായ  F-150 പിക്കപ്പ് ട്രക്ക് ഓടിക്കുന്ന സദ്‍ഗുരുവിന്‍റെ വീഡിയോ ആണ് വൈറലാകുന്നതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഫോർഡ് എഫ് 150 പിക്ക് അപ്പ് ട്രക്കിന്‍റെ മോഡിഫൈഡ് പതിപ്പാണ് സദ്ഗുരു ഓടിക്കുന്നതെന്നതാണ് കൌതുകകരം. 

വീഡിയോയിൽ, പിക്ക് അപ്പ് ട്രക്ക് വളരെയധികം പരിഷ്‌ക്കരിച്ചതായി കാണാം. ചുവപ്പ് നിറത്തിലുള്ള ഈ F-150ന്‍റെ സ്റ്റോക്ക് ടയറുകൾ നീക്കിയ നിലയിലാണ്.  സ്റ്റോക്ക് അലോയ് വീലുകൾക്ക് പകരം  ഓഫ്-റോഡിംഗിന് മുൻഗണന നൽകുന്ന സ്റ്റീൽ വീലുകൾ ആണ് വാഹനത്തില്‍.  വാഹനത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പരിഷ്‌കാരം ട്രക്കിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ക്യാമ്പറാണ്. അതിനാൽ, ഓവർലാണ്ടിംഗിനായി ഈ F150 ഉപയോഗിക്കാം. പിക്കപ്പിന്‍റെ മുൻവശത്ത് ഒരു സ്റ്റീൽ ബമ്പറും ഗ്രില്ലും സ്ഥാപിച്ചിട്ടുണ്ട്. ഓഫ്-റോഡിംഗിനിടയില്‍ വാഹനത്തെ പരിരക്ഷിക്കാൻ സ്റ്റീൽ ബമ്പറുകൾ സഹായിക്കും. ഫ്രണ്ട് ഗ്രില്ലിൽ ചില ഓക്സ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ക്യാമ്പറിനു മുകളില്‍ 'ആദിയോഗി' എന്ന പേരും കാണാം.

കൊവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍, സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ഭാഗമായിട്ടാണ് സദ്‍ഗുരു ഇത്തരമൊരു വാഹനം സജ്ജമാക്കിയിരിക്കുന്നതെന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോസ് ഏഞ്ചൽസിലെ യോഗാ പരിപാടികള്‍ക്ക് അദ്ദേഹം ഈ വാഹനത്തിലാണ് എത്തുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനായി ശ്രമിക്കുന്നതിനാല്‍ ഹോട്ടലുകളിൽ താമസിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.  ട്രക്കില്‍ വച്ച് ഭക്ഷണം സ്വയം പാകം ചെയ്‍ത് കഴിച്ചാണ് യാത്രകള്‍. ദിവസം 700 മുതൽ 800 മൈൽ വരെ സദ്‍ഗുരു ഈ വാഹനത്തില്‍ സഞ്ചരിക്കുന്നതായും 13 ദിവസത്തിനുള്ളിൽ അദ്ദേഹം ഏകദേശം 5,000 മൈൽ വാഹനം ഓടിച്ചുകഴിഞ്ഞതായും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എഫ് 150 ന്റെ കിംഗ് റാഞ്ച് വേരിയന്റാണ് സദ്ഗുരുവിന്‍റെതെന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  കിംഗ് റാഞ്ച് ഒരു പ്രത്യേക വേരിയന്റാണ്. ഫ്രണ്ട്, റിയർ ബമ്പറുകൾ, കിംഗ് റാഞ്ച് ഫെൻഡർ ബാഡ്‍ജുകൾ എന്നിവയിൽ ഇതിന് ആക്‌സന്റ് നിറങ്ങൾ ലഭിക്കും. സീറ്റ്, സെന്റർ കൺസോൾ എന്നിവയിൽ കിംഗ് റാഞ്ച് ലോഗോ പതിച്ച ഇന്റീരിയറിന് ബ്രൌൺ നിറത്തിലാണ്. എഫ് 150 ന്റെ മറ്റ് വേരിയന്റുകളേക്കാൾ കൂടുതൽ പ്രീമിയം ലുക്ക് ഇന്റീരിയർ കിംഗ് റാഞ്ചിനുണ്ട്.

ഓഫ് റോഡിംഗിനും മറ്റുമുള്ള ധാരാളം ഉപകരണങ്ങളുമായിട്ടാണ് F 150 കിംഗ് റാഞ്ച് വേരിയന്‍റ് എത്തുന്നത് . വെന്റിലേറ്റഡ്, ചൂടായ ഫ്രണ്ട് സീറ്റുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഇത്രയും വലിയ വാഹനം പാർക്ക് ചെയ്യുന്നത് അൽപ്പം ശ്രമകരമാണെന്ന് ഫോർഡിന് അറിയാം. അതുകൊണ്ടു തന്നെ 360 ഡിഗ്രി പാർക്കിംഗ് ക്യാമറയും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയെ പിന്തുണയ്‌ക്കുന്ന ഫോർഡിന്റെ SYNC3 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഹനത്തില്‍ ഉണ്ട്. ഫോര്‍ഡിന് വളരെയധികം കയ്യടി നേടിക്കൊടുത്ത സ്ലിക്ക് ഇൻഫോടെയ്ൻമെന്റ് സംവിധാനമാണിത്.

5.0 ലിറ്റർ കൊയോട്ട് വി 8 പെട്രോൾ എഞ്ചിനാണ് F-150ന്‍റെ ഹൃദയം. 10 സ്‍പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷന്‍. 3.0 ലിറ്റർ പവർ സ്ട്രോക്ക് ടർബോ ഡീസൽ, 3.5 ലിറ്റർ പവർബൂസ്റ്റ് ഹൈബ്രിഡ് വി 6, 3.5 ലിറ്റർ ഇക്കോബൂസ്റ്റ് വി 6 എന്നിവയും വാഹനത്തില്‍ ഫോർഡ് വാഗ്‍ദാനം ചെയ്യുന്നു. അതേസമയം അമേരിക്കൻ വിപണിയിലെ ജനപ്രിയനായ ഈ മോഡലിനെ കഴിഞ്ഞ ദിവസങ്ങളിലാണ് ഇലക്ട്രിക്ക് കരുത്തില്‍ കമ്പനി അവതരിപ്പിച്ചത്. ഫോര്‍ഡിന്‍റെ ആസ്ഥാനമായ ഡിയര്‍ബോണില്‍ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിലാണ് ഫോര്‍ഡ് എഫ് 150 ലൈറ്റ്‌നിംഗ് എന്ന ഈ മോഡല്‍ അവതരിപ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!