'ഒന്നാമൻ ലംബോര്‍ഗിനി'; 2020ന്‍റെ ആദ്യ പകുതിയിൽ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ കാറുകൾ ഇവയാണ്

By Web TeamFirst Published Aug 3, 2020, 6:01 PM IST
Highlights

ആഢംബര കാർ ബ്രാൻഡുകളായ ബി എം ഡബ്ല്യു, റോൾസ് റോയ്സ്, ജഗ്വാർ, മെഴ്സിഡസ് എന്നിവ വിൽപ്പന കണക്കെടുപ്പിൽ പിന്നിലെങ്കിലും ഇന്റർനെറ്റിലെ അന്വേഷണത്തിൽ ബഹുദൂരം മുന്നിലാണ്. 

2020ന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യക്കാർ ഇന്‍റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ വാഹന കമ്പനികള്‍ ലംബോര്‍ഗിനി, റോൾസ് റോയ്‍സ്, മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യുണ്ടായി, കിയ തുടങ്ങിയവയെന്ന് പഠനം. ബോസ്റ്റൻ ആസ്ഥാനമായ സോഫ്റ്റ്‌വയർ ആസ് എ സർവീസ് കമ്പനിയായ സെംറഷ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ആഢംബരം കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി 6 ലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈനിൽ തെരഞ്ഞത്. മാരുതി സുസുക്കി 4.86 ലക്ഷം ആളുകളും ടാറ്റ മോട്ടോര്‍സ് 3.48 ലക്ഷം തവണയും ആളുകള്‍ ഓണ്‍ലൈനില്‍ തെരഞ്ഞു. 3.42 ലക്ഷം തിരയലുകളുമായി ഹ്യൂണ്ടായി മോട്ടോര്‍സ് നാലാം സ്ഥാനത്താണ്. കിയ മോട്ടോര്‍സിനെ 2.05 ലക്ഷം ആളുകള്‍ അന്വേഷിച്ചെത്തി.

ഈ കാലയളവില്‍ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളോട് ഇന്ത്യക്കാർക്കുള്ള അമിത താൽപര്യവും സെംറഷിന്റെ പഠനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്റർനെറ്റിൽ ഏറ്റവുമധികം അന്വേഷണം ലഭിച്ച വാഹന മോഡലുകളിൽ ആദ്യ 10 എണ്ണം എടുത്താൽ ഏഴും എസ് യു വികളാണെന്നതാണ് കൗതുകകരം. 7.23 ലക്ഷം ആളുകളും തെരെഞ്ഞത് കിയ സെല്‍റ്റോസ് എസ്‌യുവിയാണ്. ടാറ്റ നിരയില്‍ നിന്നുള്ള അള്‍ട്രോസ്, നെക്സോണ്‍, ഹാരിയര്‍, ടിയാഗൊ, മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളായ XUV300, സ്‌കോര്‍പിയോ, XUV500, ഹ്യുണ്ടായി വെന്യു എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

കൗതുകത്തിന്റെ പേരിൽ അന്വേഷണം നടത്തുന്നവരെയും പുതിയ വാഹനം വാങ്ങുകയെന്ന ലക്ഷ്യത്തോടെ ഇന്റർനെറ്റ് പരതുന്നവരെയും വ്യക്തമായി തിരിച്ചറിയാനാവുമെന്നാണ് സെംറഷിന്റെ അവകാശവാദം. ബ്രാൻഡ് അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നവർ അധികവും കൗതുകത്തിന്റെ പേരിൽ തിരയാനിറങ്ങിയവരാണെന്ന് കമ്പനി കരുതുന്നു. അതേസമയം, കൃത്യമായ മോഡൽ അടിസ്ഥാനത്തിൽ വിവരം തേടുന്നവർ വാഹനം വാങ്ങുന്നതിൽ മുന്നിട്ട് നില്‍ക്കുമെന്നും സെംറഷ് പറയുന്നു.

വമ്പന്‍ വിലയുള്ള അത്യാഡംബര കാർ ബ്രാൻഡുകൾ അഞ്ചെണ്ണമാണ് ഇന്റർനെറ്റിൽ ഏറ്റവുമധികം അന്വേഷണം രേഖപ്പെടുത്തിയത്. ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗ്നിയാണ് ഈ പട്ടികയിൽ മുന്നിൽ. കഴിഞ്ഞ ജനുവരി- ജൂൺ കാലത്ത് 5.91 ലക്ഷം പ്രാവശ്യമാണ് ഈ ബ്രാൻഡിനെക്കുറിച്ചുള്ള അന്വേഷണം ഉയർന്നത്. അതേസമയം, ഇന്ത്യയിൽ ലംബോർഗ്നി കൈവരിക്കുന്ന മൊത്തം വിൽപ്പനയാവട്ടെ നൂറിന്റെ ഗുണിതത്തിലൊതുങ്ങും.

ആഢംബര കാർ ബ്രാൻഡുകളായ ബി എം ഡബ്ല്യു, റോൾസ് റോയ്സ്, ജഗ്വാർ, മെഴ്സിഡസ് എന്നിവ വിൽപ്പന കണക്കെടുപ്പിൽ പിന്നിലെങ്കിലും ഇന്റർനെറ്റിലെ അന്വേഷണത്തിൽ ബഹുദൂരം മുന്നിലാണ്. എന്നാൽ ഏറെക്കാലം ഇന്ത്യയിലെ മുൻനിര ആഡംബര കാർ ബ്രാൻഡായിരുന്ന ഔഡിയോടുള്ള ഇഷ്‍ടത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇടിവു നേരിട്ടതായും ഈ പഠനം പറയുന്നു.

click me!