1989ല്‍ മുങ്ങിപ്പോയ കപ്പലില്‍ നിന്ന് ഇന്ധനം ലീക്കാവുന്നു; സെന്‍റ് പാട്രിക്കിനെ വില്ലനാക്കിയത് ഭൂകമ്പമോ?

By Web TeamFirst Published Aug 18, 2021, 11:15 PM IST
Highlights

നാല് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ കപ്പല്‍ ഇപ്പോള്‍ വലിയ രീതിയില്‍ വില്ലനായി മാറിയിരിക്കുന്ന സാഹചര്യമാണ് അലാസ്കയിലുള്ളത്. 138 അടിയുള്ള  സെന്‍റ് പാട്രിക്ക് എന്ന കപ്പലില്‍ എത്രത്തോളം ഇന്ധനമുണ്ടെന്നതിനേക്കുറിച്ച് ഇനിയും വ്യക്തമായ വിവരമില്ല

അലാസ്കയിലെ കോഡിയാക്ക് ദ്വീപിന് സമീപത്ത് വച്ച് 1989ല്‍ മുങ്ങിപ്പോയ ഒരു കപ്പലില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ രീതിയില്‍ ഡീസല്‍ ലീക്കാവുന്നു. വുമണ്‍സ് ബേയ്ക്ക് സമീപത്ത് മുങ്ങിപ്പോയ സെന്‍റ് പാട്രിക്ക് എന്ന കപ്പല്‍ 1989 മുതല്‍ അവിടെത്തന്നെയാണ് കടലില്‍ കിടക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പമാണ് നിലവില്‍ ഈ കപ്പലിനെ വില്ലനാക്കിയത്. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏറെക്കാലത്തിന് ശേഷം അമേരിക്കയിലുണ്ടായ വലിയ ഭൂകമ്പമായാണ് കണക്കാക്കുന്നത്.

സെന്‍റ് പാട്രിക്കില്‍ ഇനി എത്രയധികം ഇന്ധനം ഉണ്ടെന്ന കാര്യത്തിലെ അജ്ഞതയാണ് പരിസ്ഥിതി പ്രവര്‍ത്തകരേയും സര്‍ക്കാരിനേയും വലയ്ക്കുന്നത്. 138 അടിയുള്ള ഈ കപ്പല്‍ വമ്പന്‍ തിരമാലയിലടിച്ചാണ് തകര്‍ന്നത്. അന്നത്തെ അപകടത്തില്‍ കപ്പലിലെ പത്ത് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. മാര്‍മോട് ദ്വീപിന് സമീപത്ത് വച്ച് അപകടത്തില്‍പ്പെട്ട കപ്പലിനെ വുമണ്‍സ് ബേയുടെ പരിസരത്തേക്ക് വലിച്ചെത്തിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നിലവില്‍ കപ്പലില്‍ നിന്നുള്ള ഇന്ധനച്ചോര്‍ച്ച ഒരുപരിധി വരെ തടയാന്‍ സാധിച്ചിട്ടുണ്ട്.

എന്നാല്‍ വലിയ അപകടത്തിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നതെന്ന ഭീതിയിലാണ് വിദഗ്ധരുള്ളത്. വുമണ്‍സ് ബേയില്‍ നിന്ന് 260 മൈല്‍ ദൂരത്തായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. നിലവിലെ ഇന്ധനച്ചോര്‍ച്ചയ്ക്ക് ഭൂകമ്പമാണെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ലെന്ന നിരീക്ഷണമാണ് വിദഗ്ധര്‍ക്കുള്ളത്. അലാസ്കയിലെ ഭൂകമ്പത്തിനോട് അനുബന്ധിച്ച് നടന്ന ചെറുചലനങ്ങളാവാം കപ്പലിന് വില്ലനാക്കിയതെന്നും പറയപ്പെടുന്നുണ്ട്.

വലിയ രീതിയില്‍ ഇന്ധനച്ചോര്‍ച്ചയുണ്ടായ വിവരം അലാസ്കയിലെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം ശരിവച്ചിട്ടുണ്ട്. സെന്‍റ് പാട്രിക്ക് കപ്പലിന് പറയത്തക്ക ഉടമകള്‍ ഇല്ലാത്തതിനാല്‍ ഓയില്‍ സ്പില്‍ ലയബിലിറ്റി ട്രസ്റ്റില്‍ നിന്നാണ് ഇന്ധനച്ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കായി പണം കണ്ടെത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!