കാറില്‍ നിന്ന് പുക കണ്ട് കാരണം പരിശോധിച്ച ദമ്പതികള്‍ കണ്ടത്!

By Web TeamFirst Published Oct 13, 2019, 9:07 PM IST
Highlights

വാഹനം ഓടിക്കുന്നതിനിടയില്‍ കാറില്‍ എന്തോ കരിയുന്നത് പോലെയുള്ള മണം കിട്ടയതിന് പിന്നാലെയാണ്  ദമ്പതികള്‍ കാര്‍ പരിശോധിച്ചത്. ബോണറ്റ് വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ദമ്പതികള്‍ മെക്കാനിക്കിന്‍റെ സഹായം തേടുകയായിരുന്നു.

പിറ്റ്സ്ബര്‍ഗ്: കാര്‍ സ്റ്റാര്‍ട്ട് ആവാതെ വന്നതിനെ തുടര്‍ന്ന് കാര്‍ പരിശോധിച്ച യുവാവ് ഞെട്ടി. വരാന്‍ പോവുന്ന മഞ്ഞുകാലത്തേക്ക് ഒരു അണ്ണാന്‍ ഒരുക്കി വച്ച തയ്യാറെടുപ്പുകളാണ് കാറിന്‍റെ പ്രവര്‍ത്തനം തകരാറിലാക്കിയത്. പുല്ലുകള്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍ 200ല്‍ അധികം വാല്‍നട്ടുകളും മറ്റ് ഉണങ്ങിയ പഴങ്ങളുമായിരുന്നു കാറിന്‍റെ ബോണറ്റില്‍ നിന്ന് കണ്ടെത്തിയത്. 

അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലാണ് സംഭവം. ക്രിസ് പെര്‍സിക് എന്ന യുവാവിന്‍റെ കാറിലായിരുന്നു അണ്ണാന്‍ മഞ്ഞുകാലത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തത്. ക്രിസിന്‍റെ ഭാര്യ വാഹനം ഓടിക്കുന്നതിനിടയില്‍ കാറില്‍ എന്തോ കരിയുന്നത് പോലെയുള്ള മണം കിട്ടയതിന് പിന്നാലെയാണ്  ദമ്പതികള്‍ കാര്‍ പരിശോധിച്ചത്. ബോണറ്റ് വൃത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ദമ്പതികള്‍ മെക്കാനിക്കിന്‍റെ സഹായം തേടുകയായിരുന്നു. 

റേഡിയേറ്ററും ബാറ്ററിയും തുടങ്ങി ബോണറ്റിലെ ഒരു ഭാഗവും ഒഴിവാക്കാതെയായിരുന്നു അണ്ണാന്‍റെ തയ്യാറെടുപ്പുകള്‍. വീടിന് സമീപമുള്ള പാര്‍ക്കിംഗിന് ചുറ്റുമുള്ള മരങ്ങളില്‍ അണ്ണാനുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു. 

ശേഖരിച്ച് വച്ചിരുന്ന പുല്ലുകള്‍ ഉണങ്ങാത്തത് നന്നായിയെന്നും അല്ലെങ്കില്‍ കാറിന് തന്നെ തീപ്പിടിച്ചേനെയെന്ന് ദമ്പതികള്‍ പറഞ്ഞു. മണിക്കൂറുകള്‍ എടുത്താണ് കാര്‍ വൃത്തിയാക്കിയത്. അണ്ണാന്‍റെ കരുതല്‍ ശേഖരം വാരിക്കളയുന്നതില്‍ വിഷമമുണ്ട് പക്ഷേ ഞങ്ങള്‍ക്ക് ഈ കാര്‍ മാത്രമാണുള്ളതെന്നാണ് ദമ്പതികളുടെ പ്രതികരണം. 

click me!