വെറും വാക്കല്ല; റോഡിലിറങ്ങിയ വണ്ടികളില്‍ പെയിന്‍റടിച്ച് തമിഴ്‍നാട് പൊലീസ്!

By Web TeamFirst Published Apr 12, 2020, 4:35 PM IST
Highlights

റോഡിലിറങ്ങിയ വാഹനങ്ങളെ പൊലീസുകാർ നിർത്തിക്കുന്നതും ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും നമ്പർ പ്ലേറ്റുകളുടെ അരികിൽ പെയിന്‍റ് അടിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ക്ക് പെയിന്‍റ് അടിക്കാനുള്ള തമിഴ്‍നാട് പൊലീസിന്‍റെ തീരുമാനം അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ പറഞ്ഞത് അതേപടി നടപ്പിലാക്കി കാണിച്ചിരിക്കുകയാണ് തമിഴ്‍നാട് പൊലീസ്. 

റോഡിലിറങ്ങിയ വാഹനങ്ങളെ പൊലീസുകാർ നിർത്തിക്കുന്നതും ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും നമ്പർ പ്ലേറ്റുകളുടെ അരികിൽ പെയിന്‍റ് അടിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ലോക്ക്ഡൗണ്‍ കാലത്ത് നിരത്തിലിറങ്ങുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും ആദ്യം മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിക്കാനാണ് പൊലീസ് തീരുമാനം.  ഓരോ ദിവസവും ഓരോ നിറങ്ങളാണ് പൊലീസ് അടിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ആദ്യഘട്ടത്തില്‍ പെയിന്റടിച്ച് വിട്ടയക്കുന്ന വാഹനങ്ങള്‍ വീണ്ടും പൊലീസിന്റെ മുന്നില്‍പ്പെട്ടാല്‍ പിന്നെ കടുത്ത ശിക്ഷ നല്‍കാനാണ് നീക്കം. പെയിന്റ് അടിച്ചിട്ടുള്ള വാഹനം അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും പോലീസിന്റെ കൈയില്‍പെട്ടാല്‍ പിന്നെ കനത്ത നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. അഞ്ച് ദിവസത്തിന് മുമ്പ് ഇത്തരം വാഹനങ്ങൾ കണ്ടാൽ ഉടമകൾക്കെതിരെ കേസെടുക്കുകയും പോലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ഈ വാഹനം വിട്ടുകിട്ടാന്‍ വാഹന ഉടമ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. 

അടുത്ത ആഴ്ച മുതൽ, ഒരു പ്രത്യേക കളർ മാർക്ക് ഉള്ള വാഹനങ്ങൾ ഒരു ദിവസം പുറത്തിറങ്ങാന്‍ അനുവദിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദാഹരണത്തിന്, ഒരു ദിവസം മഞ്ഞ നിറമുള്ള വാഹനങ്ങൾക്ക് റോഡുകളിൽ ഇറക്കാം. അടുത്ത ദിവസം ചുവന്ന നിറമുള്ള വാഹനങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. എന്നാല്‍ പൊലീസ് എത്ര നിറങ്ങൾ ഇങ്ങനെ ഉപയോഗിക്കുമെന്നും എത്രമാത്രം ഈ പ്രക്രിയ പ്രായോഗികമാണെന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ വാഹനങ്ങളില്‍ മാത്രമല്ല ഓടിക്കുന്നവരുടെ ശരീരത്തും പൊലീസ് പെയിന്‍റ് അടിച്ചതായും പരാതികള്‍ ഉയരുന്നുണ്ട്. 

അവശ്യവസ്തുക്കൾ വാങ്ങാൻ ആളുകൾ പുറത്തിറങ്ങുന്നതില്‍ തെറ്റില്ല എന്നാണ് പൊലീസ് മേധാവികള്‍ ഇതിനെപ്പറ്റി പറയുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ എല്ലാ ദിവസവും ജനം അവിടെ ഉണ്ടായിരിക്കേണ്ടതില്ല എന്നും അവര്‍ പറയുന്നു.  നിലവിൽ സേലം ഉൾപ്പെടെ ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് ഈ പെയിന്‍റടി പരീക്ഷിക്കുന്നത്.  ഈ പരീക്ഷണം വിജയിച്ചാൽ സംസ്ഥാനത്ത് ഉടനീളം ഈ പുതിയ പരിപാടി നടപ്പിലാക്കാനാണ് തമിഴ്‍നാട് പൊലീസിന്‍റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!