നഷ്‍ടത്തില്‍ പൂട്ടിയ ബ്രിട്ടീഷ് ബൈക്ക് കമ്പനി സ്വന്തമാക്കാന്‍ ടിവിഎസ്!

By Web TeamFirst Published Apr 12, 2020, 3:31 PM IST
Highlights

സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് ബിസിനസ് നിര്‍ത്തിവെച്ച ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിനെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി രംഗത്ത്.

സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് ബിസിനസ് നിര്‍ത്തിവെച്ച ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിനെ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി രംഗത്ത്. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ് നോര്‍ട്ടണ്‍ ഇപ്പോള്‍. നോര്‍ട്ടണ്‍ ബ്രാന്‍ഡ് വാങ്ങാന്‍ താല്‍പ്പര്യമുള്ളവരെ തേടുകയാണ് ഉപദേശക സ്ഥാപനമായ ബിഡിഒ ഗ്ലോബല്‍. ചര്‍ച്ച നടത്തുന്ന കമ്പനികളിലൊന്ന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ടിവിഎസ് ആണെന്ന് ബിഡിഒ ഗ്ലോബല്‍ സ്ഥിരീകരിച്ചു.

നിലവിലെ ബിഎംഡബ്ല്യു മോട്ടോറാഡ് സഹകരണം കൂടാതെ മറ്റൊരു പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് സ്വന്തമാക്കാനാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ശ്രമിക്കുന്നത്. ആസ്തികളും ബാധ്യതകളും ഉള്‍പ്പെടെ ബ്രാന്‍ഡ് മുഴുവനായി ഏറ്റെടുക്കാനാണ് ടിവിഎസ് തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വി4 ആര്‍ആര്‍, ഡോമിനേറ്റര്‍, കമാന്‍ഡോ സീരീസ് ബൈക്കുകളാണ് നോര്‍ട്ടണ്‍ വിറ്റിരുന്നത്.

നോര്‍ട്ടണ്‍ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ റെട്രോ സ്‌റ്റൈലിംഗ് ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് കഴിയും. ഡോമിനേറ്റര്‍ അല്ലെങ്കില്‍ കമാന്‍ഡോ അടിസ്ഥാനമാക്കി 300 സിസി സെഗ്മെന്റില്‍ ക്രൂസര്‍ അവതരിപ്പിച്ചാല്‍ റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിക്കാന്‍ കഴിയും. ഇതിനിടെ, ജനുവരിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റുവര്‍ട്ട് ഗാര്‍ണര്‍, നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിന്റെ 961 എന്‍ജിനും അവകാശങ്ങളും ഒരു ചൈനീസ് കമ്പനിക്ക് വിറ്റതായ റിപ്പോര്‍ട്ടുകള്‍ ദിവസങ്ങള്‍ക്കുമുമ്പ് പുറത്തുവന്നു.

കെടിഎം ഓഹരികളും അതുവഴി കെടിഎം, ഹസ്‌ക് വാര്‍ണ ബ്രാന്‍ഡുകളും ബജാജ് ഓട്ടോ നേരത്തെ സ്വന്തമാക്കിയിരുന്നു. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായും ബജാജ് ഓട്ടോ പങ്കാളിത്തം സ്ഥാപിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ – ഹീറോ മോട്ടോകോര്‍പ്പ് സഹകരണവും നടക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ് നോര്‍ട്ടണ്‍ ഏറ്റെടുക്കാനുള്ള ടിവിഎസിന്‍റെ നീക്കം.

click me!