ഇതാണ് മാരുതിയെ റാഞ്ചാനെത്തുന്ന ടാറ്റയുടെ ആ 'കടല്‍പ്പക്ഷി'യുടെ ഹൃദയം!

By Web TeamFirst Published May 10, 2019, 12:46 PM IST
Highlights

എന്നാല്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റെവോടോര്‍ക് എന്‍ജിനില്‍ മാത്രമാണ് അള്‍ട്രോസ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ: ടാറ്റയുടെ പ്രീമിയം അർബൻ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കായ അൾട്രോസിനെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനം ആദ്യമെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് അള്‍ട്രോസില്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റെവോടോര്‍ക് എന്‍ജിനില്‍ മാത്രമാണ് അള്‍ട്രോസ് എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  നെക്‌സോണിന്റെ ഡീസല്‍ മോഡലിന് കരുത്ത് പകരുന്നതും ഇതേ എഞ്ചിന്‍ തന്നെയാണ്. 93 പിഎസ് പവറും 210 എന്‍എം ടോര്‍ക്കും അള്‍ട്രോസിലെ 1.5 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അതേസമയം, നെക്‌സോണ്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും അള്‍ട്രോസിലെ ട്രാന്‍സ്‍മിഷന്‍.

ആൽഫാ ആർക്കിടെക്ച്ചറിൽ(ALFA) എത്തുന്ന ടാറ്റയുടെ ആദ്യ വാഹനമാണ് അൾട്രോസ്. ഭാരം കുറഞ്ഞ മോഡുലാർ ഫ്ലെക്സിബിൾ സവിശേഷതകൾ ഉൾക്കൊള്ളുന്ന പുതിയ വാഹനം ഇംപാക്ട് 2.0ഡിസൈനിലാണ് നിർമിക്കുക.   3988 എംഎം നീളവും 1754 എംഎം വീതിയുമുണ്ടാകും വാഹനത്തിന്. പ്രധാന എതിരാളിയായ ഹ്യുണ്ടായി എലൈറ്റ് ഐ20-യെക്കാള്‍ നീളം കൂടുതലാണിത്. വീതിയില്‍ മാരുതിയുടെ ബലേനൊയെയും അല്‍ട്രോള്‍ മറികടന്നിട്ടുണ്ട്. 

കണ്‍സെപ്റ്റ് മോഡലില്‍നിന്ന് രൂപത്തില്‍ വലിയ മാറ്റം അള്‍ട്രോസിനില്ല. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്.  പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചും വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. ഉള്‍വശത്തും സ്‌പോര്‍ട്ടി രൂപഘടനയാണ്.

2018 ഓട്ടോ എക്സ്പോയിലായിരുന്നു 45എക്സ് എന്ന കൺസെപ്റ്റ് മോഡലിന്‍റെ ആദ്യാവതരണം. ഇതിനാണ് പിന്നീട് അള്‍ട്രോസ് എന്ന പേരു നല്‍കിയത്.  'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്‍റെ മുഖ്യ എതിരാളികളായിരിക്കും.


 

click me!