
ടാറ്റ അടുത്തിടെ ആൾട്രോസ് ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. ഈ അപ്‌ഡേറ്റോടെ പുതിയ സവിശേഷതകൾക്കൊപ്പം ആൾട്രോസിന് ഒരു പുതുക്കിയ രൂപം ലഭിച്ചു. ഇപ്പോഴിതാ ഭാരത് എൻസിഎപി സുരക്ഷാ ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി ഹാച്ച്ബാക്ക് ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ഇടിപരീക്ഷയിൽ മുതിർന്നവരുടെ സംരക്ഷണത്തിൽ ടാറ്റ ആൾട്രോസ് 32 പോയിന്റുകളിൽ 29.65 പോയിന്റുകൾ നേടി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ, ഹോട്ട് ഹാച്ച് 16 പോയിന്റുകളിൽ 15.55 പോയിന്റുകൾ നേടി, ഡ്രൈവറുടെയും യാത്രക്കാരുടെയും നെഞ്ചിനും തുടയെല്ലിനും മികച്ച സംരക്ഷണം നൽകി. കൂടാതെ, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ, ടാറ്റ ആൾട്രോസ് 16 പോയിന്റുകളിൽ 14.11 പോയിന്റുകൾ നേടി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന പരിശോധനയിൽ, ടാറ്റ ആൾട്രോസ് 49 പോയിന്റുകളിൽ 44.90 പോയിന്റുകൾ നേടി. 18 മാസം പ്രായമുള്ള കുട്ടിയുടെയും മൂന്ന് വയസ്സുള്ള കുട്ടിയുടെയും ടെസ്റ്റ് ഡമ്മികൾ, സപ്പോർട്ട് ലെഗുകളുള്ള ഐസോഫിക്സ് ആങ്കറേജുകൾ ഉപയോഗിച്ച് പിന്നിലേക്ക് അഭിമുഖീകരിക്കുന്ന സീറ്റുകളിൽ സ്ഥാപിച്ചപ്പോൾ പൂർണ്ണ സംരക്ഷണം കാണിച്ചു. ഇത് 23.90/24 എന്ന ഡൈനാമിക് സ്കോറും, വാഹന വിലയിരുത്തൽ സ്കോറിൽ ഒമ്പത് പോയിന്റും, സിആർഎസ് ഇൻസ്റ്റാളേഷൻ സ്കോർ 12/12 ഉം നേടി. ഭാരത് എൻസിഎപി അനുസരിച്ച്, ടാറ്റ അൾട്രോസിന്റെ ക്രാഷ് ടെസ്റ്റ് ഫലം സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് എസ്, ടോപ്പ് എൻഡ് അക്കംപ്ലഷ്ഡ്+ എസ് എന്നിങ്ങനെയുള്ള എല്ലാ വകഭേദങ്ങൾക്കും ബാധകമാണ്.
സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ , ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ വിപുലമായ സുരക്ഷാ സവിശേഷതകളുമായാണ് ടാറ്റ ആൾട്രോസ് വരുന്നത്. 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ ഐസിഎൻജി എഞ്ചിൻ, 1.5 ലിറ്റർ റെവോടോർക്ക് ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ ആൾട്രോസ് വാങ്ങാം. 6.89 ലക്ഷം രൂപ മുതൽ 11.29 ലക്ഷം രൂപ വരെയാണ് ടാറ്റ അൾട്രോസിന്‍റെ എക്സ് ഷോറൂം വില.