ടാറ്റയുടെ ആ 'കടല്‍പ്പക്ഷി' നിലം തൊടാന്‍ ഇനി ദിവസങ്ങള്‍ മാത്രം!

By Web TeamFirst Published Jan 2, 2020, 11:41 AM IST
Highlights

ടാറ്റ മോട്ടോഴ്സിന്റെ ഇന്ത്യൻ വിപണിയിലെ പുതിയ പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസിനെ 2020 ജനുവരി 22ന് അവതരിപ്പിക്കും

ടാറ്റ മോട്ടോഴ്സിന്റെ ഇന്ത്യൻ വിപണിയിലെ പുതിയ പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസിനെ 2020 ജനുവരി 22ന് അവതരിപ്പിക്കും. വാഹനത്തിനുള്ള  ബുക്കിംഗ് ടാറ്റ മോട്ടോർസ് സ്വീകരിച്ചു തുടങ്ങി. 21,000 രൂപ അടച്ചാല്‍ വാഹനം ബുക്ക് ചെയ്യാം.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചു.  ആശയം യാഥാർത്ഥ്യത്തിലേക്ക് വഴിമാറിക്കൊണ്ട്  ടാറ്റ മോട്ടോഴ്സ് 2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിൽ വെച്ച് ആൽ‌ട്രോസ് ലോകത്തിന് അനാച്ഛാദനം ചെയ്തിരുന്നു. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിൽ രൂപകൽപ്പന ചെയ്ത രണ്ടാമത്തെ വാഹനമായ  ആൽ‌ട്രോസ്, പുതിയ ആൽ‌ഫ ആർക്കിടെക്ച്ചറിൽ  ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്.  ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, അഡ്വാൻസ്ഡ് പ്ലാറ്റ്ഫോം, ആവേശകരമായ പ്രകടനം, സ്മാർട്ട് ടെക്നോളജി എന്നിവ അടിസ്ഥാമാക്കി വിപണിയിലെത്തുന്ന അൾട്രോസ് പ്രീമിയം ഹാച്ച്ബാക്കുകളുടെ  വിഭാഗത്തിൽ ഗോൾഡ് സ്റ്റാൻഡേർഡ് കരസ്ഥമാക്കികൊണ്ട് ഈ വിഭാഗത്തിൽ ചരിത്രം സൃഷ്ടിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്‍റെ മുഖ്യ എതിരാളികളായിരിക്കും.

ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനം ആദ്യമെത്തുക എന്നാണ് സൂചനകള്‍. ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളാണ് അള്‍ട്രോസില്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റെവോടോര്‍ക് എന്‍ജിനില്‍ മാത്രമാണ് അള്‍ട്രോസ് എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  നെക്‌സോണിന്റെ ഡീസല്‍ മോഡലിന് കരുത്ത് പകരുന്നതും ഇതേ എഞ്ചിന്‍ തന്നെയാണ്. 93 പിഎസ് പവറും 210 എന്‍എം ടോര്‍ക്കും അള്‍ട്രോസിലെ 1.5 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അതേസമയം, നെക്‌സോണ്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും അള്‍ട്രോസിലെ ട്രാന്‍സ്‍മിഷന്‍.

ഇന്ത്യൻ വിപണിയിൽ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഒന്നുകൂടിയാണ് ആൾ‌ട്രോസ് ഹാച്ച്ബാക്ക്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടൈൽ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളാണ്.

click me!