ഒരു ജോലി തേടി ഫോക്സ് വാഗണിനെ കുടുക്കിയ ആ സൂപ്പര്‍ ഹീറോ ജന്മനാട്ടില്‍..!

By Web TeamFirst Published May 11, 2019, 10:57 PM IST
Highlights

ഇതില്‍ ബംഗളൂരു സ്വദേശിയായ ഹേമന്ദ് കപ്പന്ന അടുത്തിടെ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയിലും ഇന്ത്യന്‍ വാഹന ലോകത്തും ചര്‍ച്ചയാകുന്നത്.

2013ലാണ് വാഹന ലോകത്തെ പിടിച്ചുലച്ച ഡീസല്‍ ഗേറ്റ് അഥവാ പുകമറ വിവാദം പുറത്തുവരുന്നത്. മലിനീകരണ പരിശോധനയെന്ന കടമ്പ കടക്കാന്‍ ഡീസല്‍ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ച ജര്‍മ്മന്‍ വാഹന ഭീമന്മാരായ ഫോക്സ് വാഗണ്‍ കയ്യോടെ പിടിക്കപ്പെട്ട സംഭവമായിരുന്നു അത്. 

അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയ സര്‍വ്വകലാശാലയിലെ മൂന്നു ഗവേഷക വിദ്യാര്‍ത്ഥികളാണ് ഫോക്സ് വാഗന്‍റെ ഈ ഭീമന്‍ തട്ടിപ്പ് കയ്യോടെ പിടികൂടിയത്. ആ നാണക്കേടില്‍ നിന്നും ഫോക്സ് വാഗണ്‍ ഇതുവരെ കരകയറിയിട്ടില്ല. കമ്പനിയുടെ ആസ്തിയെപ്പോലും ഈ വിവാദം സാരമായി ബാധിച്ചു. നഷ്‍ടപരിഹാരം നല്‍കാന്‍ കമ്പനിയുടെ പല ഗ്രൂപ്പുകളും വില്‍ക്കേണ്ടതായും വന്നു. 

വാഹനഭീമന്മാരെ വെള്ളം കുടിപ്പിച്ച ആ മൂന്നു വിദ്യാര്‍ത്ഥികളുടെ സംഘത്തിലെ രണ്ടുപേരും ഇന്ത്യക്കാരായിരുന്നു എന്നതാണ് ഇന്ത്യന്‍ വാഹനലോകത്തെ കൗതുകം. ഹേമന്ദ് കപ്പന്നയും അരവിന്ദ് തിരുവെങ്കിടവും. ഇതില്‍ ബംഗളൂരു സ്വദേശിയായ ഹേമന്ദ് കപ്പന്ന അടുത്തിടെ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയിലും ഇന്ത്യന്‍ വാഹന ലോകത്തും ചര്‍ച്ചയാകുന്നത്.

ബാംഗ്ലൂരിലെ ആര്‍വി കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി 2000ത്തിലാണ് ഹേമന്ദ് കപ്പാന ഉപരിപഠനത്തിന് മോര്‍ഗന്‍ ടൗണിലെ വെസ്റ്റ് വിര്‍ജീനിയ യൂണിവേഴ്‍സിറ്റിയിലെത്തുന്നത്. രണ്ട് ഫോക്സ് വാഗണ്‍ വാഹനങ്ങളില്‍ - ജീട്ടയിലും പസാറ്റിലും കപ്പാന ഉള്‍പ്പെടെയുള്ള ഈ മൂവര്‍ സംഘം നടത്തിയ ഗവേഷണങ്ങളാണ് നൈട്രജന്‍ ഓക്സൈഡിന്‍റെ സാനിധ്യം തിരിച്ചറിയുന്നത്. എന്നാല്‍ ഈ വിഷവാതകത്തിന്‍റെ സാനിധ്യം മറച്ചുവയ്‍ക്കാന്‍ കമ്പനി ഒരു പ്രത്യേക സംവിധാനവും വാഹനത്തില്‍ ഒരുക്കിയിരുന്നു. അതാണ് കുപ്രസിദ്ധമായ പുകമറ സംഭവം. എന്നാല്‍ ഇതിനെപ്പറ്റി കപ്പാന പറയുന്നത് കേള്‍ക്കുക: "അതൊരു പ്രത്യേക ഉപകരണമായിരുന്നില്ല. വാഹനങ്ങളുടെ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയ പ്രത്യേക കോഡുകളായിരുന്നു അത്. ലാബുകളിലെ പരിശോധനയില്‍ നൈട്രജന്‍ ഓക്സൈഡിനെ തിരിച്ചറിയാതിരിക്കുന്നതിനുള്ള കോഡുകള്‍.."

എന്തായാലും തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഫോക്സ് വാഗണ്‍ പുലിവാല് പിടിച്ചതും ഇപ്പോഴും കരകയറാന്‍ കിണഞ്ഞു ശ്രമിക്കുന്നതുമൊക്കെ ചരിത്രം. എന്നാല്‍ മിടുക്കനായ ഈ യുവ എഞ്ചിനീയറുടെ ഇപ്പോഴത്തെ കരിയറിലേക്കാണ് സോഷ്യല്‍ മീഡിയ കൗതുകത്തോടെ ഉറ്റുനോക്കുന്നത്. അതെന്താണെന്നല്ലേ?

ആ കഥ ഇങ്ങനെ. ഡീസല്‍ഗേറ്റ് സംഭവത്തിനു ശേഷം കപ്പന്നയ്ക്കും കൂട്ടുകാര്‍ക്കും നിരവധി കമ്പനികളില്‍ നിന്നും ഓഫറുകള്‍ വന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനു ശേഷം അമേരിക്കന്‍ വാഹനഭീമന്മാരായ ജനറല്‍ മോട്ടോഴ്‍സില്‍ ഹേമന്ദ് ജോലിക്കും കയറി. നാല് വര്‍ഷത്തോളം ജിഎമ്മില്‍ ജോലി ചെയ്യുന്നതിനിടെ അടുത്തിടെയാണ് ഹേമന്ദിനെ തേടി ആ ദുരന്തമെത്തുന്നത്. 

ഉല്‍പ്പാദനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഹേമന്ദ് ഉള്‍പ്പെടെ നാലായിരത്തോളം ജീവനക്കാരെ ജനറല്‍ മോട്ടോഴ്സ് പിരിച്ചുവിട്ടു! 35-ാം വയസില്‍ ഡീസല്‍ഗേറ്റ് എന്ന കൊടുങ്കാറ്റ് സൃഷ്‍ടിച്ച ഹീറോയ്ക്ക് തന്‍റെ ജീവിതം താറുമാറാക്കിയേക്കാവുന്ന മറ്റൊരു കൊടുങ്കാറ്റ് വരുന്നത്  41 -ാമത്തെ വയസില്‍ തിരിച്ചറിയാനായില്ലെന്ന് ചുരുക്കം! ഇപ്പോള്‍ ജന്മനാട്ടില്‍ ഒരു ജോലി തരപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഫോക്സ് വാഗന്‍റെ പേടിസ്വപ്‍നമായ ഈ മനുഷ്യനെന്ന് കേള്‍ക്കുമ്പോള്‍ ഒരു വാഹനപ്രേമി മാത്രമല്ല ആരുമൊന്ന് അമ്പരന്നേക്കും.

click me!