ഇലക്ട്രിക്ക് വാഹന മേഖലയില്‍ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ

By Web TeamFirst Published Oct 14, 2021, 11:36 PM IST
Highlights

വരുന്ന അഞ്ചുവർഷംകൊണ്ട് 16,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ടാറ്റ മോട്ടോഴ്‍സ് പദ്ധതിയിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

മുംബൈ: രാജ്യത്തെ ഇലക്ട്രിക്ക് വാഹന (Electric Vehicles) രംഗത്ത് വമ്പന്‍ നിക്ഷേപ നീക്കവുമായി ടാറ്റാ മോട്ടോഴ്‍സ് (Tata Motors). വരുന്ന അഞ്ചുവർഷംകൊണ്ട് 16,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ടാറ്റ മോട്ടോഴ്‍സ് (Tata Motors) പദ്ധതിയിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇതിന്റെ ഭാഗമായി നിക്ഷേപക സ്ഥാപനമായ ടി.പി.ജി. റൈസ് ക്ലൈമറ്റ്, അബുദാബിയിലെ എ.ഡി.ക്യു. എന്നിവയിൽനിന്നായി 7,500 കോടി രൂപ സമാഹരിച്ചു.

യാത്രാവിഭാഗത്തിലുള്ള വൈദ്യുത വാഹനങ്ങൾക്കായി ടാറ്റ മോട്ടോഴ്‍സിന്‍റെ ഉപകമ്പനിയായി രൂപവത്കരിച്ച എവ്കോയിലാണ് നിക്ഷേപമെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി എവ്കോയിൽ ഇവർക്ക് 11 മുതൽ 15 ശതമാനംവരെ ഓഹരികൾ ലഭിക്കും. 18 മാസംകൊണ്ട് ഘട്ടംഘട്ടമായിട്ടാകും തുക കൈമാറുക. മലിനീകരണം കുറഞ്ഞ വാഹനങ്ങൾക്കായി ഇന്ത്യൻ കമ്പനി മൂലധനമുയർത്തുന്നത് ഇതാദ്യമാണ്.

ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുതകാറുകളുടെ വ്യവസായം പൂർണമായും എവ്കോ ഏറ്റെടുക്കും. യാത്രാവാഹന വ്യവസായവും നിലവിലുള്ള നിർമാണശാലകൾ, ഡീലർഷിപ്പുകൾ, ബ്രാൻഡുകൾ തുടങ്ങിയവയും യാത്രാവാഹന വിഭാഗത്തിൽ നിലനിർത്തുമെന്നും വാണിജ്യവാഹന വിഭാഗത്തിലെ വൈദ്യുത വാഹനങ്ങൾ മാതൃകമ്പനിക്കൊപ്പം തുടരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ വാഹനങ്ങളുടെ രൂപകല്പന, പ്ലാറ്റ്ഫോം തയ്യാറാക്കൽ, ചാർജിങ് സൗകര്യങ്ങൾ വർധിപ്പിക്കുക, ഘടകങ്ങളുടെ പ്രാദേശികവത്കരണം കൂട്ടുക തുടങ്ങിയകാര്യങ്ങൾക്കാകും തുക വിനിയോഗിക്കുക. ഘടകങ്ങളുടെ പ്രാദേശികവത്കരണം നിലവിലെ 60 ശതമാനത്തിൽനിന്ന് 2025-ഓടെ 85 ശതമാനത്തിലെത്തിക്കാനാണ് പദ്ധതി. പുതിയ നിക്ഷേപത്തോടെ എവ്കോയുടെ മൂല്യം 66,600 കോടി രൂപയായി ഉയർന്നു. ഈ വർഷമാദ്യം ടാറ്റ മോട്ടോഴ്സ് കമ്പനിയിൽ 9,417 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇലക്‌ട്രിക് യാത്രാകാർ വിഭാഗത്തിൽ 70 ശതമാനം വിപണിവിഹിതവുമായി മറ്റുകമ്പനികളെക്കാൾ ബഹുദൂരം മുന്നിലാണ് ടാറ്റ മോട്ടോഴ്‍സ്.

ടാറ്റയുടെ നെക്സോണ്‍ ഇവി അടുത്തിടെ അതിന്‍റെ ഡീസല്‍ മോഡലിന്‍റെ വില്‍പ്പനയെ പിന്തള്ളി മുന്നില്‍ എത്തിയിരുന്നു. അടുത്തിടെ കമ്പനി പുറത്തിറക്കിയ പുതിയ ടിഗോര്‍ ഇവിക്കും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. 
 

click me!