
ഗൂഗിൾ മാപ്പിനെ കണ്ണടച്ചു വിശ്വസിച്ച ഡ്രൈവര്‍മാര്‍ ഓടിച്ച കണ്ടെയിനര്‍ ലോറികള്‍ അട്ടപ്പാടി ചുരത്തില്‍ ( Attappadi Churam) കുടുങ്ങി. ചുരത്തിലെ ഏഴാം വളവിൽ വലിയ ലോറി മറിഞ്ഞും മറ്റൊരു ലോറി കുടുങ്ങിയും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയായിരുന്നു.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. കോയമ്പത്തൂരിലേക്കുള്ള എളുപ്പവഴിയെന്ന നിലയിലാണ് ഗൂഗിള്‍ മാപ്പിലെ നിര്‍ദേശമനുസരിച്ച് കണ്ടെയിനറുകൾ കൊണ്ടുപോകാനുള്ള കൂറ്റൻ ട്രക്കുകൾ അട്ടപ്പാടി ചുരം വഴി യാത്ര തുടര്‍ന്നത്. കോഴിക്കോടുനിന്നും കോയമ്പത്തൂരിലേക്ക് പോയ 16 ചക്രങ്ങളുള്ള വലിയ രണ്ട് ട്രക്കുകൾക്കാണ് ഗൂഗിൾ മാപ്പ് ചുരത്തിലൂടെ വഴികാട്ടിയത്. എട്ടാം വളവ് വരെ വാഹനങ്ങള്‍ എത്തി. ഏഴാംമൈലില്‍ ഒരു ട്രക്ക് കുടുങ്ങി. രണ്ടാമത്തെ ട്രക്ക് എട്ടാം മൈലില്‍ മറിയുകയും ചെയ്തു. ഇതോടെ പ്രദേശം വഴി ഒരു സൈക്കിള്‍ പോലും കടന്ന് പോകാത്ത തരത്തില്‍ ഗതാഗതം സ്‍തംഭിച്ചു. അപകത്തില്‍പ്പെട്ട ആരുടെയും പരുക്ക് സാരമുള്ളതല്ല.
പിന്നീട് ട്രക്കുകളെ ക്രെയിൻ ഉപയോഗിച്ചുയർത്തി നീക്കം ചെയ്‍ത ശേഷമാണ് വൈകിട്ട് മൂന്നോടെ ഗതാഗതം പുനസ്ഥാപിച്ചത്. അതുവരെ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. പൊലീസും ഫയർഫോഴ്‍സും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ദൂരം കുറയുമെന്ന കാരണത്താലാണ് വലിയ വാഹനങ്ങള്‍ പലപ്പോഴും ചുരം വഴിയുള്ള മാര്‍ഗം തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ കടന്നുപോകുന്നതിന് അസൗകര്യമുണ്ടെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.