പ്രതിസന്ധിയിലും പിടിച്ചുനിന്ന് ടാറ്റ മോട്ടോഴ്‍സ്

By Web TeamFirst Published May 8, 2021, 5:36 PM IST
Highlights

2021 മാര്‍ച്ചില്‍ നടത്തിയ വില്‍പ്പനയേക്കാള്‍ 37 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും  റിപ്പോര്‍ട്ട്

2021 ഏപ്രില്‍ മാസത്തിലെ രാജ്യത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടാറ്റാ മോട്ടോഴ്‍സിന് ഇടിവ്. മൊത്തം 41,858 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയാണ് ഏപ്രില്‍ മാസത്തില്‍ ടാറ്റ മോട്ടോഴ്‍സ് രേഖപ്പെടുത്തിയതെന്നും 2021 മാര്‍ച്ചില്‍ നടത്തിയ വില്‍പ്പനയേക്കാള്‍ 37 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കൊവിഡ് രണ്ടാംതരംഗം വിൽപ്പനയെ ബാധിച്ചെങ്കിലും പിടിച്ചുനിൽക്കാൻ കമ്പനിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 2021 മാർച്ചിൽ ടാറ്റയുടെ ആഭ്യന്തര വിൽപ്പന 66,609 യൂണിറ്റായിരുന്നു.

മൊത്തം വിൽപ്പനയെ വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ വാഹന വിഭാഗങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പാസഞ്ചർ വെഹിക്കിൾ വിഭാഗത്തെക്കുറിച്ച് പറയുമ്പോൾ കമ്പനി കഴിഞ്ഞ മാസം 25,095 യൂണിറ്റുകളാണ് മൊത്തം നിരത്തിലെത്തിച്ചത്.

ഇത് 2021 മാർച്ചിൽ വിറ്റ 29,654 യൂണിറ്റിനെ അപേക്ഷിച്ച് 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും ഇന്ത്യയുടെ സ്വന്തം വാഹന നിർമാണ കമ്പനി എട്ടു വർഷത്തിനിടെ ഏറ്റവും കൂടുതൽ പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ച് 2020-21 സാമ്പത്തിക വർഷത്തിൽ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനം നേടി.

നിലവിലുള്ള കർശനമായ നിയന്ത്രണങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗണും വരും മാസങ്ങളിലെ വിൽപ്പനയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയേക്കും. ഇത് വാഹനങ്ങൾക്കുള്ള ഉത്പാദനത്തെയും വിതരണത്തെയും ബാധിക്കുമെന്നാണ് കണക്കുകൂട്ടലുകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!