
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ഉദ്ഘാടന എക്സ്പീരിയൻസ് സെന്ററിനുശേഷം, അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ഓഗസ്റ്റ് 11 ന് ഡൽഹി എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്യുമെന്ന് ടെസ്‌ല പ്രഖ്യാപിച്ചു. ഇന്ത്യയിലെ ടെസ്‌ലയുടെ രണ്ടാമത്തെ എക്സ്പീരിയൻസ് സെന്ററാണിത്.
ഡൽഹിയിലെ എയ്‌റോസിറ്റിയിലുള്ള വേൾഡ്മാർക്ക് 3 ഷോപ്പിംഗ് സെന്ററിൽ സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രം ഉപഭോക്താക്കൾക്കും ടെസ്‌ല ആരാധകർക്കും ഒരുപോലെ പ്രയോജനകരമാകും എന്നാണ് കമ്പനി പറയുന്നത്. ഓഗസ്റ്റ് 4 ന് മുംബൈയിലെ ബികെസിയിൽ കമ്പനി തങ്ങളുടെ ആദ്യത്തെ സൂപ്പർചാർജർ ഇവി ചാർജിംഗ് സ്റ്റേഷനും ഉദ്ഘാടനം ചെയ്തിരുന്നു. മുംബൈയിൽ ടെസ്‌ലയുടെ ആദ്യത്തെ അനുഭവ കേന്ദ്രം ജൂലൈ 15 ന് ഉദ്ഘാടനം ചെയ്തു. നിലവിൽ കമ്പനി ടെസ്‌ല മോഡൽ വൈ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. 60kWh ബാറ്ററിയുള്ള RWD, 75 kWh ബാറ്ററി പായ്ക്കുള്ള RWD എന്നിങ്ങനെ രണ്ട് കോൺഫിഗറേഷൻ ഓപ്ഷനുകളോടെയാണ് ഈ വാഹനങ്ങൾ രാജ്യത്ത് വിൽക്കുന്നത്.
മോഡൽ വൈ, ടെസ്‌ലയുടെ മിനിമലിസ്റ്റ് ഡിസൈൻ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു, കൂടുതൽ റൈഡ് ഹൈറ്റ്, ഗ്ലാസ് റൂഫ്, സ്‌പോർട്ടിയർ, കൂപ്പെ പോലുള്ള പ്രൊഫൈൽ എന്നിവയുള്ള ഒരു മോഡൽ 3 അധിഷ്ഠിത വാഹനമാണിത്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, നേർത്ത ഹെഡ്‌ലാമ്പുകൾ, എയറോഡൈനാമിക് പ്രൊഫൈൽ എന്നിവ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇന്ത്യയിൽ ടെസ്‌ല മോഡൽ Y റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. ഇന്ത്യയിലെ ടെസ്‌ല മോഡൽ Y യുടെ റിയർ-വീൽ-ഡ്രൈവ് വേരിയന്റിൽ 60 kWh ഉം ഉയർന്ന 75 kWh ഉം ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട്. RWD പതിപ്പ് 295 bhp ഉത്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് പ്രവർത്തിപ്പിക്കുന്നത്. 60 kWh ബാറ്ററി ഒറ്റ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി പറയുന്നു. ലോംഗ് റേഞ്ച് പതിപ്പ് 622 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കും. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മാത്രം മതി വാഹനത്തിന്. 15 മിനിറ്റ് സൂപ്പർചാർജിന് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും.
ഇന്ത്യയിൽ, മോഡൽ Y 7 എക്സ്റ്റീരിയർ നിറങ്ങളിലും രണ്ട് ഇന്റീരിയർ തീമുകളിലും ലഭ്യമാണ്. മോഡൽ Y യുടെ ക്യാബിനിൽ 15.4 ഇഞ്ച് ഫ്രണ്ട് ഡിസ്പ്ലേ സ്ക്രീൻ, 8 ഇഞ്ച് റിയർ സ്ക്രീൻ, പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് കോളം, ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 19 ഇഞ്ച് ക്രോസ്ഫ്ലോ വീലുകൾ, ഫിക്സഡ് ഗ്ലാസ് റൂഫ്, അക്കൗസ്റ്റിക് ഗ്ലാസ്, പവർ റിയർ ലിഫ്റ്റ്ഗേറ്റ് എന്നിവ ഉൾപ്പെടുന്നു.
61.07 ലക്ഷം രൂപയിൽ ആരംഭിച്ച് 69.15 ലക്ഷം രൂപ വരെയാണ് ടെസ്‍ല മോഡൽ വൈയുടെ ഓൺ-റോഡ് വില. ആർഡബ്ല്യുഡി മോഡൽ വൈയുടെ ഡെലിവറികൾ 2025 ലെ മൂന്നാം പാദത്തിൽ അതായത് ജൂലൈ-സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ ലോംഗ് റേഞ്ച് പതിപ്പിന്റെ ഡെലിവറി 2025 ലെ നാലാം പാദത്തിൽ അതായത് ഒക്ടോബർ-ഡിസംബർ മാസത്തിൽ നടന്നേക്കാം. ടെസ്‌ല തങ്ങളുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇത് നിലവിൽ മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നു. ഇതിനർത്ഥം ടെസ്‌ല നിലവിൽ മെട്രോ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ്.