കല്ലട ബസ്സുകളുടെ അപകടങ്ങളുടെ ചരിത്രം

By Web TeamFirst Published Apr 22, 2019, 6:39 PM IST
Highlights

പയ്യന്നൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ്സിന്റെ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയും വണ്ടി വിരാജ് പേട്ടിൽ എത്തിയപ്പോൾ ഭാഗ്യവശാൽ ആ ബസിൽ യാത്ര ചെയ്യുകയായിരുന്ന ഹെവി വാഹനങ്ങൾ ഓടിച്ചു പരിചയമുള്ള ഒരു യാത്രക്കാരൻ ഡ്രൈവറെ മാറ്റിയിരുത്തി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആ ബസിൽ യാത്രചെയ്‌തിരുന്ന യാത്രക്കാരുടെ ജീവൻ പൊലിഞ്ഞുപോവാതെ കാക്കുകയുമായിരുന്നു

കല്ലട ബസ്സിലെ ജീവനക്കാരുടെ മോശം പെരുമാറ്റങ്ങളെപ്പറ്റി പരാതിപ്പെട്ടുകൊണ്ടുള്ള  നിരവധി പ്രതികരണങ്ങൾ ഹരിപ്പാട് സംഭവത്തിന് ഉയർന്നുവരികയുണ്ടായി. എന്നാൽ യാത്രക്കാരോട് പെരുമാറുന്നതിൽ മാത്രമല്ല, യാത്രാ മദ്ധ്യേ ഉണ്ടാവുന്ന അപ്രതീക്ഷിത അപകടങ്ങളിൽ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് മുൻഗണന കൊടുക്കുന്ന കാര്യത്തിലും അവർ അത്ര മുന്നിലല്ല എന്നാണ് കല്ലട ട്രാവൽസിന്റെ ബസ്സുകൾക്കുണ്ടായ ആക്സിഡന്റുകളുടെ ചരിത്രം നമ്മളെ ഓർമിപ്പിക്കുന്നത്. 

കല്ലടയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ അപകടം നടക്കുന്നത് 2018 മെയ് മാസം തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ എന്ന സ്ഥലത്തിനടുത്തുള്ള നാഗംപെട്ടിയിൽ വെച്ചാണ്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന് . ക്ഷീണം കൊണ്ട് ഉറക്കം വന്നോ മറ്റോ ഡ്രൈവറുടെ ശ്രദ്ധ ഒരു നിമിഷത്തേക്ക് മാറുകയും, അത്യാവശ്യം വഴുക്കുള്ള ഒരു റോഡിൽ വെച്ച് വണ്ടി തകിടം മറിയുകയുമാണുണ്ടായത്. 39  പേരാണ് വണ്ടിയിൽ അപ്പോൾ ഉണ്ടായിരുന്നത്. ആശ്ചര്യകരമെന്നു തോന്നാം, ആ മറിച്ചിലിൽ ആർക്കും കാര്യമായ പരിക്കൊന്നും പറ്റുകയുണ്ടായില്ല. ആളുകൾ ഒന്നൊന്നായി പുറത്തേക്കിറങ്ങിവന്നുകൊണ്ടിരുന്നു.

കേരളത്തിലെ ഒരു ജ്വല്ലറി ഉടമയുടെ വീട്ടിൽ പ്രതിഷ്ഠിക്കാനായി ഒരു ആനയുടെ പ്രതിമയും കൊണ്ട്  ആ വഴി പോവുകയായിരുന്ന  ഒരു മിനി ലോറി  അപകടം കണ്ട് റോഡരികിൽ നിർത്തി. അതിലെ ഡ്രൈവർ ഷാജി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ആളുകൾ ഒന്നൊന്നായി ഇറങ്ങി നിന്നത് പക്ഷേ, മെയിൻ റോഡിലേക്കായിരുന്നു. കാര്യമായ വെളിച്ചമൊന്നും ഇല്ലാതിരുന്ന ആ മെയിൻറോഡിലൂടെ വളവുതിരിഞ്ഞ് പാഞ്ഞു വന്ന മറ്റൊരു ബസ്, അപകടത്തിൽ പെട്ട കല്ലടയുടെ വണ്ടിയിൽ നിന്നും പുറത്തിറങ്ങി നിന്ന യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകേറി. മൂന്നു പേർ മരണപ്പെട്ടു. ജിനു, രാജൻ എന്നിവരും മിനി ലോറി നിർത്തിയിട്ട് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു ഷാജിയും ആയിരുന്നു ആ മൂന്നു പേർ. അപകടമുണ്ടായ ഉടൻ ബസിൽ നിന്നും  വെളിയിലിറങ്ങിവന്ന ആളുകളെ  റോഡിൽ ഒതുക്കി നിർത്താനുള്ള നിർദേശങ്ങൾ കല്ലട ബസ്സിന്റെ ജീവനക്കാർ കൊടുത്തിരുന്നുവെങ്കിൽ ആ ജീവനുകൾ അവിടെ പൊലിഞ്ഞു പോവില്ലായിരുന്നു എന്ന് അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.  

കല്ലട ബസ് ഉൾപ്പെട്ട മറ്റൊരു അപകടം നടക്കുന്നത് 2015 ഫെബ്രുവരി 20-നാണ്. നാഗർകോവിലിൽ ഇന്നും 25  കിലോമീറ്റർ അകലെയുള്ള കോവൽ കിണർ എന്ന സ്ഥലത്തുവെച്ചാണ് തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലെക്ക് പോവുകയായിരുന്ന കല്ലട മൾട്ടി ആക്സിൽ വോൾവോ മറിഞ്ഞ് മൂന്നുപേർ മരിക്കുന്നത്. ആശിഷ് ചൗധരി എന്ന ജാർഖണ്ഡുകാരനും, ആൽഫ്രെഡ് എന്ന തിരുനെൽവേലികാരനും, ഷംസുദ്ദീൻ എന്ന കുലശേഖരത്തുകാരനുമാണ് ആ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. എട്ടുപേർക്ക് പരിക്കുകളും ഉണ്ടായി. രാത്രി പതിനൊന്നുമണിയോടെ  അപകടകരമായ ഒരു വളവ് വളയ്ക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് മറിയുകയാണുണ്ടായത്. 

2016 -ൽ പാലക്കാടിനടുത്ത് കഞ്ചിക്കോടിൽ അമിതവേഗത്തിൽ പൊയ്ക്കൊണ്ടിരുന്ന കല്ലട വോൾവോ ബസ് ഒരു ലോറിക്ക് പിന്നിലിടിച്ചുകേറി രണ്ടു പേർക്ക് ജീവൻ നഷ്ടമായിരുന്നു. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കല്ലട വോൾവോയുടെ അമിതവേഗമാണ് ഈ അപകടത്തിന് കാരണമായതെന്ന് അന്ന് പോലീസ് പറഞ്ഞിരുന്നു. 


2017 ജൂൺ ഒന്നിന് കോയമ്പത്തൂരിനടുത്ത് L & T  ബൈപാസ് റോഡിൽ വെച്ച്  നടന്ന മറ്റൊരു അപകടത്തിൽ കല്ലടയുടെ മൾട്ടി ആക്സിൽ വോൾവോ ബസ് ഒരു ട്രക്കുമായി കൂട്ടയിടിച്ച് ഒരാൾ മരിക്കുകയുണ്ടായി. കടലൂർ സ്വദേശിയായ സെന്തിൽ മുരുകനാണ് അന്ന് മരിച്ചത്. രണ്ടു പേർക്ക് അന്ന് പരിക്കും പറ്റുകയുണ്ടായി. 

കഴിഞ്ഞ മാസം 28 -ന് രാവിലെഅഞ്ചര മണിയോടെ എരുമേലിയിൽ നടന്ന അപകടത്തിൽ, റാന്നിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട  ഒരു  കല്ലട വോൾവോ ബസ് തകിടം മറിഞ്ഞെങ്കിലും ആർക്കും തന്നെ ജീവാപായമുണ്ടായില്ല. 

മേൽപ്പറഞ്ഞ ആക്സിഡന്റുകൾക്കു ശേഷം കല്ലട ഓഫീസിൽ നിന്നും ഒരു വിളിയെങ്കിലും പ്രതീക്ഷിച്ചു എന്നും അതൊന്നും ഉണ്ടായില്ല എന്നും യാത്രക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. റെഡ് ബസ്  പോലുള്ള ആപ്പുകൾ അവരുടെ ബുക്കിംഗ് വേളയിൽ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാറുണ്ട്. എന്നാൽ കല്ലട കൗണ്ടറിൽ നിന്നും ബുക്ക് ചെയ്യുന്നവരുടെ യാതൊരു വിധ വിവരങ്ങളും അവർ ശേഖരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു അപകടം നടന്നു കഴിഞ്ഞാൽ, അപകടവേളയിൽ എത്ര പേർ ബസിൽ ഉണ്ടായിരുന്നു എന്നുള്ള അടിസ്ഥാനപരമായ വിവരം പോലും കല്ലടയുടെ ഹെഡ് ഓഫീസിൽ വിളിച്ചാൽ അറിയാൻ സാധിക്കാത്ത അവസ്ഥയാണ്. 

2017  ഡിസംബറിൽ പയ്യന്നൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ്സിന്റെ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയും വണ്ടി വിരാജ് പേട്ടിൽ എത്തിയപ്പോൾ ഭാഗ്യവശാൽ ആ ബസിൽ യാത്ര ചെയ്യുകയായിരുന്ന ഹെവി വാഹനങ്ങൾ ഓടിച്ചു പരിചയമുള്ള ഒരു യാത്രക്കാരൻ ഡ്രൈവറെ മാറ്റിയിരുത്തി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആ ബസിൽ യാത്രചെയ്‌തിരുന്ന യാത്രക്കാരുടെ ജീവൻ പൊലിഞ്ഞുപോവാതെ കാക്കുകയുമായിരുന്നു. അന്ന് ബസ് വളപട്ടണത്തെത്തിയപ്പോൾ പോലീസ് ബസിന്റെ ഡ്രൈവർ ആയ സജീഷിനെ അറസ്റ്റുചെയ്തിരുന്നു. 

2017  ൽ SRMന്റെ വോൾവോയുമായി മത്സരയോട്ടം നടത്തുന്ന കല്ലട വോൾവോ ബസിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുനെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായില്ല.  ഡ്രൈവർമാരുടെ മോശം പെരുമാറ്റം സംബന്ധിച്ച നിരവധി പരാതികൾ മുമ്പും ആനവണ്ടി, Team BHP പോലുള്ള ബ്ലോഗുകളിൽ നിരവധി പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും ആ ദുഷ്‌പേര് മാറ്റാനുള്ള മാതൃകാപരമായ നടപടികളിലേക്ക് നീങ്ങാൻ മടിച്ചതാണ്   നിർഭാഗ്യകരമായ ഇത്തരം സംഭവങ്ങളിലേക്ക് വഴിവെക്കാൻ ഇടയാക്കിയത്.

click me!