
വടക്കുകിഴക്കൻ ഇന്ത്യയുടെ കണക്റ്റിവിറ്റിക്ക് പുതിയൊരു വഴിത്തിരിവ് നൽകുന്ന ഒരു പ്രധാന പദ്ധതിക്ക് പച്ചക്കൊടിവീശി കേന്ദ്ര സർക്കാർ. മേഘാലയിലെ ഷില്ലോങ്ങ് മുതൽ അസമിലെ സിൽചാർ വരെയുള്ള നാല് വരി ഗ്രീൻഫീൽഡ് ആക്‌സസ് നിയന്ത്രിത ഹൈ-സ്പീഡ് ഇടനാഴി നിർമ്മിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകിയത്. ഈ പദ്ധതിയുടെ ആകെ ചെലവ് 22,864 കോടിയായി കണക്കാക്കിയിരിക്കുന്നു. ഇത് ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് വികസിപ്പിക്കുക എന്നാണ് റിപ്പോട്ടുകൾ.
ഈ ഇടനാഴിക്ക് ആകെ 166.80 കിലോമീറ്റർ നീളമുണ്ടാകും. അതിൽ 144.80 കിലോമീറ്റർ മേഘാലയയിലും 22.00 കിലോമീറ്റർ അസമിലുമായിരിക്കും. ഷില്ലോങ്ങിനടുത്തുള്ള മാവ്‌ലിംഗ്ഖുങ്ങിൽ നിന്ന് ആരംഭിച്ച് അസമിലെ പഞ്ച്ഗ്രാം (സിൽചാറിന് സമീപം) വരെ പോകുന്ന ദേശീയ പാത 06 ന്റെ ഭാഗമായിരിക്കും ഇത്. പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ എക്സ്പ്രസ് വേ എൻഎച്ച്-27, എൻഎച്ച്-106, എൻഎച്ച്-206, എൻഎച്ച്-37 എന്നിവയുമായും ബന്ധിപ്പിക്കും. ഇതുവഴി, ഷില്ലോങ്, സിൽച്ചാർ, ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ തമ്മിലുള്ള അന്തർ-നഗര കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും നിലവിലുള്ള NH-06-ലെ ഗതാഗതക്കുരുക്കുകൾ കുറയ്ക്കുകയും ചെയ്യും.
ഈ അതിവേഗ ഇടനാഴി ഗുവാഹത്തിയിൽ നിന്ന് സിൽച്ചാറിലേക്കുള്ള യാത്രക്കാർക്ക് മികച്ച റോഡ് സൗകര്യങ്ങൾ പ്രദാനം ചെയ്യുക മാത്രമല്ല, യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ത്രിപുര, മിസോറാം, മണിപ്പൂർ, അസമിലെ ബരാക് വാലി മേഖല എന്നിവയെ പ്രധാന ഭൂപ്രദേശവുമായും ഗുവാഹത്തിയുമായും മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതിനും അതുവഴി ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായിക്കും.
ഈ ഇടനാഴിയുടെ നിർമ്മാണം മേഘാലയയിലെയും അസമിലെയും, പ്രത്യേകിച്ച് മേഘാലയയിലെ സിമന്റ്, കൽക്കരി ഉത്പാദന മേഖലകളിലെ വ്യാവസായിക വികസനത്തിന് ആക്കം കൂട്ടും. ഈ പാത നിരവധി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകും, കൂടാതെ ഗുവാഹത്തി, ഷില്ലോങ്, സിൽചാർ വിമാനത്താവളങ്ങളിൽ നിന്ന് വരുന്ന ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഇത് സഹായിക്കും. ഇത് വടക്കുകിഴക്കൻ ടൂറിസത്തിന് പുതിയ ഉത്തേജനം നൽകും. ഈ പാതയിൽ 19 വലിയ പാലങ്ങൾ, 153 ചെറിയ പാലങ്ങൾ, 326 കൽവെർട്ടുകൾ, 22 അണ്ടർപാസുകൾ, 26 മേൽപ്പാലങ്ങൾ, 34 കൽവെർട്ടുകൾ എന്നിവ നിർമ്മിക്കും. ഈ ഹൈവേ 3 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാനങ്ങൾക്ക് സാമ്പത്തിക വികസനത്തിലേക്കുള്ള ഒരു പുതിയ പാത എന്ന നിലയിൽ, ഈ ഇടനാഴി റോഡ് വികസനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പ് മാത്രമല്ല, സ്വാശ്രയ ഇന്ത്യ എന്ന ദർശനത്തെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇത് മേഘാലയ, അസം, മണിപ്പൂർ, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമൂഹിക-സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തുകയും ചെയ്യും എന്നാണ് റിപ്പോട്ടുകൾ.