
ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ വാഹന വിപണി. പാസഞ്ചര്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമല്ല വാണിജ്യ വാഹനങ്ങളും പൊതുഗതാഗതവുമൊക്കെ ഇവിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ പല ഇടങ്ങളില്‍ നിന്നും ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ നിരത്തുകള്‍ ഒഴിയാന്‍ തുടങ്ങിയിട്ടുണ്ട്. സിഎന്‍ജി, ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് ഇപ്പോള്‍ പലരും തെരഞ്ഞെടുക്കുന്നത്. അധികം താമസിയാതെ വാഹന വിപണിയില്‍ നിന്ന് ഡീസല്‍, പെട്രോള്‍ ഓട്ടോറിക്ഷകള്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ പുതിയൊരു ഇലക്ട്രിക്ക് ഓട്ടോ കൂടി വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. വേഗ എന്ന ശ്രീലങ്കന്‍ ഇവി സ്റ്റാര്‍ട്ടപ്പ് ആണ് ഇടിഎക്‌സ് എന്ന ഈ ഇലക്ട്രിക് ഓട്ടോറിക്ഷയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോളാര്‍ പാനല്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തോടെയാണ് ഈ ഓട്ടോറിക്ഷ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ടീസര്‍ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇടിഎക്‌സ് പ്ലാറ്റ്‌ഫോം ഭാവിയിലേക്കുള്ള ഒരു ഇലക്ട്രിക് അര്‍ബന്‍ മൊബിലിറ്റി പരിഹാരമാണെന്ന് കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞ നഗര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്‍ത പുതുതലമുറ ഇലക്ട്രിക് ത്രീ-വീലറാണ് ഇടിഎക്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുവേണ്ടി സാധാരണ യാത്രക്കാര്‍ക്കുള്ള സ്ഥലത്തിന് പുറമേ ലഗേജ് ഇടവും ഇടിഎക്‌സില്‍ ഉണ്ട്. എല്‍എഫ്‍പി ബാറ്ററി പാക്കുകളില്‍ നിന്ന് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറായിരിക്കും വെഗ ഇടിഎക്‌സ് ഇലക്ട്രിക് ഓട്ടോയുടെ ഹൃദയം. വാഹനത്തിന് താങ്ങാവുന്ന വില നിശ്‍ചയിക്കാന്‍ ഈ ബാറ്ററി സഹായിക്കും എന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇടയ്ക്കിടയ്ക്കുള്ള ചാര്‍ജിംഗ് ഒഴിവാക്കുന്നതിനായി ഒരു സോളാര്‍ പാനല്‍ റൂഫും ഓട്ടോയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് മാത്രം ബാറ്ററിക്ക് പ്രതിദിനം 64 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വാഹനം ഒരു പ്രോട്ടോടൈപ്പ് ഘട്ടത്തിലാണെന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്തായാലും ശ്രീലങ്കയില്‍ മാത്രമല്ല മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഇടിഎക്‌സ് അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്നും അടുത്ത വര്‍ഷം ഒരു പ്രൊഡക്ഷന്‍-സ്‌പെക്ക് മോഡല്‍ പുറത്തിറക്കുമെന്നും വെഗ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്കും എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.