കോടീശ്വരന്മാരുടെ മുറ്റങ്ങളിലേക്ക് ഇന്നോവയുടെ മറ്റൊരു വല്യേട്ടനുമായി ടൊയോട്ട!

By Web TeamFirst Published Feb 13, 2021, 1:03 PM IST
Highlights

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വിദേശവിപണിയിലെ എംപിവി താരം ഹയാസും ഇന്ത്യയിലെത്തുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ എണ്ണം മാത്രമായിരിക്കും ആദ്യം വില്‍പ്പനയ്ക്ക് എത്തുകയെന്നും ഹയാസ് ജി.എല്‍. എന്ന ഒറ്റ വേരിയന്റില്‍ എത്തുന്ന ഈ 14 സീറ്റര്‍ എംപിവിക്ക് 55 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചറില്‍ ഒരുങ്ങിയിട്ടുള്ള വാഹനമായ ഹയാസ് ഇന്ത്യയിലേക്ക് എത്തുന്നതായി 2019 മുതല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹയാസിന്റെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളതെന്നാണ് സൂചനകള്‍. എന്നാല്‍ ആഗോള നിരത്തുകളില്‍ ഈ വാഹനത്തിന്റെ ആറാം തലമുറ മോഡലാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഈ മോഡലില്‍ 17 സീറ്റുകള്‍ വരെ ഒരുക്കിയിട്ടുണ്ട്. ബോഡി ടൈപ്പിന് അനുസരിച്ച് നോര്‍മല്‍ വിത്ത് സ്റ്റാന്റേഡ് റൂഫ്, ലോങ്ങര്‍ വേര്‍ഷന്‍ വിത്ത് ഹൈ റൂഫ് ഓപ്ഷനുകളില്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ടൊയോട്ട ഹയാസ് വിദേശ നിരത്തുകളില്‍ എത്തുന്നത്.

ടൊയോട്ട ഫോര്‍ച്യൂണറിലെ 2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹായസിന്‍റെയും ഹൃദയം. ഈ എഞ്ചിന്‍ 151 ബിഎച്ച്പി കരുത്തും 300 എന്‍.എം.ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍. അതേസമയം, ഫോര്‍ച്യൂണറില്‍ ഇത് 204 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുന്നത്. ഹയാസിന്റെ ആഗോള മോഡല്‍ 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനിലും 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനിലുമാണ് എത്തിയിട്ടുള്ളത്.

14 സീറ്റുകളുള്ള ഈ വാഹനത്തില്‍ ഏറ്റവും ഒടുവിലെ നിരയിലെ സീറ്റ് മടക്കി വയ്ക്കാന്‍ സാധിക്കും. ഇതുവഴി ലഗേജ് സ്‌പേസ് ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മറ്റ് വാഹനങ്ങളെ പോലെ ഫീച്ചര്‍ സമ്പന്നമായ വാഹനമായിരിക്കില്ല ഹയാസ് എന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കും കൂടി ഉപയോഗിക്കുന്ന വാഹനമായാതിനാലാണ് പുതുതലമുറ ഫീച്ചറുകള്‍ കുറച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

ഓക്‌സിലറി, യു.എസ്.ബി.കണക്ടിവിറ്റിയുള്ള ടു ഡിന്‍ ഓഡിയോ സിസ്റ്റം, പവര്‍ സ്റ്റിയറിങ്ങ്, എല്ലാ നിരയിലും എ.സി.വെന്റുകള്‍, പവര്‍ സ്ലൈഡിങ്ങ് റിയര്‍ ഡോറുകള്‍. ഫാബ്രിക് സീറ്റുകള്‍, പവര്‍ വിന്‍ഡോസ്, റിയര്‍ ഡിഫോഗര്‍, ഹാലജന്‍ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കമ്പനിയുടെ മറ്റൊരു ആഡംബര എംപിവിയായ വെല്‍ഫയറിനു പിന്നാലെയാണ് പുതിയൊരു ആഡംബര എംപിവിയെക്കൂടി രാജ്യത്ത് കമ്പനി പരീക്ഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

 

click me!