100ല്‍ അധികം ഫീച്ചറുകളുമായി പുത്തന്‍ ഇന്നോവ വീട്ടുമുറ്റങ്ങളിലേക്ക്!

By Web TeamFirst Published Oct 21, 2021, 11:35 PM IST
Highlights

പുതിയ ഡിസൈനും നൂറിൽ അധികം ഫീച്ചറുകളും ഡ്രൈവിംഗ് മോഡുകളുമായിട്ടാണ് ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് എത്തിയിരിക്കുന്നത്.  
 

നപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ (Innova Crysta) പരിഷ്‍കരിച്ച മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടൊയോട്ട (Toyota). ഉത്സവ സീസണിന്റെ ഭാഗമായാണ് (Festive Season) ടൊയോട്ട ഈ ലിമിറ്റഡ് എഡിഷന്‍ ക്രിസ്റ്റ വിപണിയില്‍ എത്തിച്ചിട്ടുള്ളതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യാഥാക്രമം 17.18 ലക്ഷവും 18.99 ലക്ഷവുമാണ് പ്രാരംഭ വില. 

ലിമിറ്റഡ് എഡിഷനായി രൂപമാറ്റം നേടിയത് ഇന്നോവ ക്രിസ്റ്റ നിരയിലെ മിഡ്-ലെവല്‍ വേരിയന്റായ ജി.എക്‌സ്. പതിപ്പാണ്.  പുതിയ ഡിസൈനും നൂറിൽ അധികം ഫീച്ചറുകളും ഡ്രൈവിംഗ് മോഡുകളുമായിട്ടാണ് ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് എത്തിയിരിക്കുന്നത്.  

ലുക്കിലെ പുതുമ കൊണ്ടും ലിമിറ്റിഡ് എഡിഷന്‍ മോഡലില്‍ മാറ്റം പ്രകടമാകുന്നു. ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, പുതിയ രൂപത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, പിയാനോ ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ലിമിറ്റഡ് എഡിഷനില്‍ മാറ്റം ഒരുക്കിയിരിക്കുന്നു.

ഡയമണ്ട് കട്ട് അലോയി വീലും ലിമിറ്റഡ് എഡിഷനിലെ പുതുമയാണ്. റെഗുലര്‍ ക്രിസ്റ്റയ്ക്ക് സമാനമായാണ് മറ്റ് ഡിസൈനുകള്‍. അകത്തളം ഒന്നിലധികം നിറങ്ങള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നു. റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ കൂടാതെ, ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്ങ്, എയര്‍ അയോണെസര്‍, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, 16 വ്യത്യസ്ത നിറങ്ങളിലുള്ള ഡോര്‍ എഡ്ജ് ലൈറ്റനിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് പുതുതായി അകത്തളത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ലഭ്യമാണ്.

ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എട്ട് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലും ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തുന്നുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. 

164 ബി.എച്ച്.പി. പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 148 ബി.എച്ച്.പി. 343 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.4 ഡീസല്‍ എന്‍ജിനുമാണ് ലിമിറ്റഡ് എഡിഷന്‍ ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്‍മിഷന്‍ ഒരുക്കുന്നത്. എക്കോ, പവര്‍ എന്നീ ഡ്രൈവ് മോഡുകളും ഉണ്ട്. ഏഴ് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി. എന്നീ സുരക്ഷ സംവിധാനങ്ങളും നൽകിയിട്ടുണ്ട്.

എം പി വി വിഭാഗത്തിലെ നേതൃസ്ഥാനം അവതരണകാലം മുതൽ ഇന്നോവയ്ക്കു സ്വന്തമാണെന്നു ടൊയോട്ട കിർലോസ്‍കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിങ് വിഭാഗം അസോസിയറ്റ് ജനറൽ മാനേജർ വി വൈസ്ലൈൻ സിഗമണി പറഞ്ഞു. സാങ്കേതികവിദ്യ, ആഡംബരം, യാത്രാസുഖം, സൗകര്യം എന്നിവയ്ക്കൊപ്പം ടൊയോട്ടയുടെ ഗുണമേന്മ, ദൃഢത, വിശ്വാസ്യത എന്നിവയിലുമായി ഈ ഇന്നോവ ക്രിസ്റ്റയിൽ നൂറോളം പുതുമകളും പരിഷ്‍കാരങ്ങളും അവതരിപ്പിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!