ഇന്നോവയുടെ ചേട്ടന്‍ കേരളത്തിലേക്ക്, ലക്ഷ്യം ഇക്കൂട്ടര്‍!

By Web TeamFirst Published Feb 29, 2020, 10:04 AM IST
Highlights

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ വിപണിയിൽ

കൊച്ചി: ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ വിപണിയിൽ.  ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ എക്‌സ്‌ഷോറൂം വില 79.50 ലക്ഷം രൂപയാണ്. കേരളത്തിൽ വിലയിൽ നേരിയ വ്യത്യാസമുണ്ടാകുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബേർണിങ് ബ്ലാക്ക്,  വൈറ്റ് പേൾ,  ഗ്രാഫൈറ്റ്,  ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ വെൽഫെയർ ലഭ്യമാകും. ഫ്ലാക്‌സൻ, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയർ നിറങ്ങൾ. ഇറക്കുമതി ചെയ്ത ആദ്യ മൂന്ന് ബാച്ച് വാഹനങ്ങൾ ഇപ്പോൾ തന്നെ വിറ്റുതീർന്നിട്ടുണ്ട്.

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന്  117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍-പിന്‍ ആക്‌സിലുകളില്‍ 105കെവി,  50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാർജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും  സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന്റെ രണ്ടാമത്തെ നിരയിൽ വലുപ്പമുള്ള എക്സികൂട്ടിവ് ലോഞ്ച് സീറ്റുകൾ നൽകിയിരിക്കുന്നു. റിക്ലൈൻ ചെയ്യാൻ സാധിക്കുന്ന ബാക്ക് റസ്റ്റ്‌,  നീളവും ആംഗിളും ക്രമീകരിക്കാൻ കഴിയുന്ന ഇലക്ട്രിക് ലെഗ് റെസ്റ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനുള്ള സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.  ആം റെസ്റ്റിൽ പ്രത്യേക കൺസോളും സജ്ജീകരിച്ചിരിക്കുന്നു.  ഒരു ബട്ടൺ അമർത്തിയാൽ മധ്യനിര സീറ്റുകൾ ഒരു പരിധിവരെ കിടക്കയായി മാറ്റാൻ കഴിയും. നിവർത്താനും മടക്കാനും കഴിയുന്ന പ്രത്യേകതരം ടേബിളുകളും വാഹനത്തിലുണ്ട്.

മികച്ച തുകൽ ഉപയോഗിച്ചുകൊണ്ടുള്ള അപ്ഹോൾസ്റ്ററി,  ത്രീ സോൺ എസി,  16 കളർ ആംബിയന്റ് റൂഫ് ഇല്യൂമിനേഷൻ, സൺ ബ്ലൈൻഡ്‌സ്,  മൂൺ റൂഫ്,  വി ഐ പി പേർസണൽ സ്പോട്ലൈറ്റ്സ്,  വൺ ടച് പവർ സ്ലൈഡ് സൈഡ് ഡോറുകൾ,  ഗ്രീൻ ടിന്റഡ് അകോസ്റ്റിക് ഗ്ലാസ്സുകൾ എന്നിവയും വെൽഫെയറിന്റെ ആഡംബത്തിന്റെ മാറ്റ് കൂട്ടുന്നു.

സ്മാർട്ട്‌ എൻട്രിയോടുകൂടിയുള്ള പുഷ് സ്റ്റാർട്ട്‌,  ബ്രേക്ക് ഹോൾടോഡുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്,  തുടങ്ങിയ നിരവധി അത്യാധുനിക ആഡംബര ഫീച്ചറുകളും വെൽഫെയറിലുണ്ട്. 17സ്പീക്കർ ജെബിഎൽ പ്രീമിയം ഓഡിയോ ഉൾപ്പെടെ ഏറ്റവും മികച്ച ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.  ആപ്പിൾ കാർ പ്ലേ,  ആൻഡ്രോയ്ഡ് ഓട്ടോ,  തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഏഴ് എസ്ആർഎസ് എയർ ബാഗുകൾ,  എച്എസി, വി എസ് സി,  പനോരമിക് വ്യൂ മോണിറ്റർ,  എമർജൻസി ബ്രേക്ക് സിഗ്നൽ,  വിഡിഐഎം എന്നിവ ഉൾപ്പെടെ വെൽഫെയർ സുരക്ഷക്കും വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.

ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായം സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും നൂതനതയും സർഗ്ഗാത്മകതയും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം നിർവചിക്കുന്നതായും വെൽഫെയർ പുറത്തിറക്കികൊണ്ട് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ പറഞ്ഞു.

ടൊയോട്ടയുടെ ക്ലാസ് നിർവചിക്കുന്ന സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ, ചാരുത, സുസ്ഥിരത എന്നിവ പുതിയ വെൽ‌ഫയർ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നു, അത് ആത്യന്തികമായി ഉപയോക്താക്കൾക്ക് മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുമെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ മാനേജിംഗ് ഡയറക്ടർ മസകാസു യോഷിമുര പറഞ്ഞു.  ടൊയോട്ട വെൽഫയർ ഇന്ത്യയിൽ ആരംഭിക്കുന്നത് തങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നതായും ഹരിത ഭാവി ഭാവനയിൽ കാണുമ്പോൾ ആത്യന്തിക ആഡംബരത്തിന്റെ മുഖമുദ്രയാണ് ടൊയോട്ട  വെൽഫയർ  എന്നും അദ്ദേഹം വ്യക്തമാക്കി. 

click me!