ഡ്രൈവറില്ലാതെ ട്രെയിന്‍ എഞ്ചിന്‍ തനിയെ ഓടി; വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്!

By Web TeamFirst Published Mar 1, 2020, 12:53 PM IST
Highlights

കണ്ണൂര്‍ റെയില്‍വേസ്റ്റേഷനു സമീപമാണ് ഞെട്ടിപ്പിക്കുന്ന സംഭവം

കണ്ണൂർ: ട്രെയിൻ എൻജിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഒന്നര കിലോമീറ്ററോളം ദൂരം തനിയെ ഓടി. കണ്ണൂര്‍ റെയില്‍വേസ്റ്റേഷനു സമീപമാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബെംഗളൂരു സിറ്റി–കണ്ണൂർ എക്സ്പ്രസിന്റെ എഞ്ചിനാണ് ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് കടന്നുപോയ മറ്റൊരു പാസഞ്ചര്‍ ട്രെയിനിന് തൊട്ടുപിന്നാലെയാണ് എഞ്ചിനും പാഞ്ഞത്. 

കഴിഞ്ഞ ദിവസം രാവിലെ 11.15നായിരുന്നു സംഭവം. മംഗളൂരു വഴി പോകുന്ന 16511 നമ്പര്‍ ബെംഗളൂരു സിറ്റി–കണ്ണൂർ എക്സ്‍സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് കഥാനായകന്‍. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു തലശ്ശേരി ഭാഗത്തേക്ക് ഈ എഞ്ചിന്‍ തനിയെ ഓടുകയായിരുന്നു. രാവിലെ 10.02നാണു ട്രെയിൻ മൂന്നാമത്തെ ട്രാക്കിൽ എത്തിയത്. തിരികെ പോകാനുള്ളതിനാൽ എൻജിൻ യാര്‍ഡില്‍ എത്തിച്ച ശേഷം മുന്നിൽ ഘടിപ്പിക്കുന്നതാണ് പതിവ്. എന്നാൽ എൻജിൻ വേർപെടുത്തി ഇതേ ട്രാക്കിൽ നിർത്തിയിട്ടതല്ലാതെ മാറ്റിയില്ല. ഈ എഞ്ചിനാണ് തനിയെ യാത്ര തിരിച്ചത്.  

ഈ സമയം ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടെ ആരും എൻജിനു സമീപത്ത് ഉണ്ടായിരുന്നില്ല. തനിയെ ഓടിത്തുടങ്ങിയ എഞ്ചിന്‍ ആനയിടുക്ക് റെയിൽവേ ഗേറ്റിന് 300 മീറ്റർ മുൻപുള്ള സിഗ്നലിനു സമീപം നിന്നു. അപ്പോഴേക്കും 1.8 കിലോമീറ്റർ ദൂരത്തോളം എഞ്ചിന്‍ ഒറ്റയ്ക്ക് ഓടിയിരുന്നു.  ഇതിന് രണ്ട് മിനിറ്റ് മു്മ്പ് ഇതേ ഗേറ്റ് വഴി തലശ്ശേരി ഭാഗത്തേക്ക് കോയമ്പത്തൂർ പാസഞ്ചർ കടന്നുപോയിരുന്നു. ഗേറ്റ് കീപ്പര്‍ ഗേറ്റ് വീണ്ടും തുറക്കാന്‍ ഒരുങ്ങുകയായിരുന്നു അപ്പോള്‍.

എഞ്ചിന്‍ വരുന്നുണ്ടെന്ന അപായ സൂചന ലഭിച്ചതിനാൽ കീപ്പർ ഗേറ്റ് വീണ്ടും അടച്ചിട്ടു. ഗേറ്റ് ഉയർത്തിയിരുന്നെങ്കിൽ വാഹനങ്ങൾക്കിടയിലേക്ക് എൻജിൻ വന്നിടിക്കുമായിരുന്നു. എന്നാൽ ഗേറ്റിലെത്തുന്നതിനു 300 മീറ്റർ മുൻപ് എൻജിൻ തനിയെ നിൽക്കുകയായിരുന്നു. ഈ സമയത്ത് മറ്റു ട്രെയിനുകൾ ഈ ട്രാക്കിൽ വരാത്തതു കൊണ്ടും വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. 

തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിൽനിന്ന് ലോക്കോ പൈലറ്റും മറ്റും എത്തിയ ശേഷം എൻജിൻ തിരികെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. എൻജിൻ നിർത്തിയിടുന്നതിലുള്ള നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണു റെയിൽവേയുടെ പ്രാഥമിക വിശദീകരണം.  ബ്രേക്ക് ഇടുന്നതിലുണ്ടായ അപാകതയാണ് എൻജിൻ തനിയെ നീങ്ങാൻ ഇടയാക്കിയതെന്നാണു വിവരം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  സംഭവത്തിൽ ലോക്കോ പൈലറ്റിനെയും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റിനെയും അന്വേഷണ വിധേയമായി ഡിവിഷനൽ റെയിൽവേ മാനേജർ സസ്പെൻഡ് ചെയ്‍തിട്ടുണ്ട്.

click me!