ടൂ വീലറുകള്‍ വാങ്ങാന്‍ ആളില്ല, ആശങ്കയില്‍ കമ്പനികള്‍, കാരണം ഇതാണ്!

By Web TeamFirst Published Nov 9, 2021, 11:06 AM IST
Highlights

വില്‍പ്പനയില്‍ 26 ശതമാനത്തിന്‍റെ വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍.

2021 ഒക്ടോബറിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്തെ ഇരുചക്ര വാഹന വ്യവസായ മേഖലയ്ക്ക് (Two wheeler Market) വമ്പന്‍ വില്‍പ്പന ഇടിവെന്ന് റിപ്പോര്‍ട്ട് . രാജ്യത്തെ ആറ് പ്രധാന ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ വിൽപ്പന ഡാറ്റ പ്രകാരം, 2021 ഒക്ടോബറിൽ, മൊത്തം 14,77,313 യൂണിറ്റുകൾ വിറ്റതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഒക്ടോബറില്‍ 19,85,690 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണിത്. വില്‍പ്പനയില്‍ 26 ശതമാനത്തിന്‍റെ വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍.

തുടർച്ചയായി കുതിച്ചുയരുന്ന പെട്രോൾ വില രാജ്യത്തുടനീളം ലിറ്ററിന് 100 രൂപ കടന്നതാണ് ഈ വില്‍പ്പന തകര്‍ച്ചയുടെ മുഖ്യ കാരണമായി കണക്കാക്കുന്നത്. സാധാരണഗതിയിൽ നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗമാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. ഈ വാഹനങ്ങള്‍ വാങ്ങുന്നവരിൽ നല്ലൊരു പങ്കും ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ കുതിച്ചുയരുന്ന ഇന്ധനവിലയുടെ ചൂട് ഈ മാര്‍ക്കറ്റിനെ കാര്യമായി ബാധിച്ചെന്നാണ് കരുതുന്നത്.  രാജ്യത്തെ പ്രധാനപ്പെട്ട ആറ് ടൂവിലീര്‍ നിര്‍മ്മാതാക്കളുടെ ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കാം.

ഹീറോ മോട്ടോകോർപ്പ്
നിലവിൽ രാജ്യത്തെ ഇരുചക്രവാഹന വിപണിയുടെ 35 ശതമാനം വിഹിതമുള്ള ഹീറോ മോട്ടോകോർപ്പ്, കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 5,27,779 യൂണിറ്റുകൾ വിറ്റു.  2020 ഒക്ടോബറില്‍ 7,91,137 ആയിരുന്നു വിറ്റത്. ഇതോടെ കമ്പനി വാർഷിക അടിസ്ഥാനത്തിൽ 33 ശതമാനം വിൽപ്പന ഇടിവ് രേഖപ്പെടുത്തി എങ്കിലും കഴിഞ്ഞ മാസം 22,317 യൂണിറ്റുകൾ വിറ്റഴിച്ച് പ്രതിമാസ വളര്‍ച്ചയില്‍ നാല് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി എന്നത് അല്‍പ്പം ആശ്വാസത്തിന് ഇട നല്‍കുന്ന കാര്യമാണ്. 

ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യ
മൊത്തം 3,94,623 യൂണിറ്റ് വിറ്റ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) കഴിഞ്ഞ മാസം 20 ശതമാനം ഇടിവ് രേഖപ്പെടുത്തി.  2020 ഒക്‌ടോബറില്‍  4,94,459 എണ്ണമായിരുന്നു വിറ്റത്. കമ്പനിയുടെ പ്രതിമാസ വില്‍പ്പനയും മെച്ചപ്പെട്ടില്ല. 2021 സെപ്റ്റംബറിൽ 4,63,379 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. 15 ശതമാനത്തിന്‍റെതാണ് ഇടിവ്. 

ടിവിഎസ് മോട്ടോർ കമ്പനി
14.24 ശതമാനം വിപണി വിഹിതമുള്ള മൂന്നാം സ്ഥാനക്കാരായ ടിവിഎസ് മോട്ടോർ കമ്പനി കഴിഞ്ഞ മാസം മൊത്തം 2,58,777 യൂണിറ്റുകൾ രാജ്യത്ത് വിറ്റു. 2020 ഒക്‌ടോബറില്‍ 3,01,380 എണ്ണം ആയിരുന്നു വിറ്റത്. വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം ഇടിവ് . എന്നാല്‍ 2021 സെപ്റ്റംബറിലെ 2,44,084 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ പ്രതിമാസ വില്‍പ്പന ആറ് ശതമാനം ഉയർന്നു.

ബജാജ് ഓട്ടോ
പൂനെ ആസ്ഥാനമായുള്ള ഈ മോട്ടോർസൈക്കിൾ നിർമ്മാതാവ് ആഭ്യന്തര ഇരുചക്രവാഹന വിപണിയിൽ 2021 ഒക്ടോബറിൽ മൊത്തം 198,738 ബൈക്കുകൾ വിറ്റു. 2020 ഒക്‌ടോബറില്‍ 2,68,631 എണ്ണം വിറ്റ സ്ഥാനത്താണിത്. 26 ശതമാനം ആണ് വില്‍പ്പന ഇടിവ്.  ഇന്ധന വിലവർദ്ധനവ് ആദ്യം ബാധിക്കുന്നത് എൻട്രി ലെവൽ കമ്മ്യൂട്ടർ മാർക്കറ്റിനെയാണ്. ഈ പ്രശ്‍നം ബജാജിനെ കാര്യമായി ബാധിച്ചുവെന്നു വേണം കരുതാന്‍. അതേസമയം എക്സിക്യൂട്ടീവ് മോട്ടോർസൈക്കിൾ വിഭാഗത്തെ താരതമ്യേന എണ്ണവില ബാധിച്ചിട്ടില്ല.

റോയൽ എൻഫീൽഡ്
ഐക്കണിക്ക് കമ്പനിയായ റോയൽ എൻഫീൽഡ് കഴിഞ്ഞ മാസം 40,611 മോട്ടോർസൈക്കിളുകൾ വിറ്റു. 2020 ഒക്ടോബറിൽ ഇത് 62,858 യൂണിറ്റായിരുന്നു ഇത്.  35 ശതമാനമാണ് രേഖപ്പെടുത്തിയ  പ്രതിവര്ഷ ഇടിവ്. അതേസമയം ചെന്നൈ ആസ്ഥാനമായുള്ള ഈ കമ്പനി 49 ശതമാനം പ്രതിമാസ വളർച്ച രേഖപ്പെടുത്തി. നവീകരിച്ച എഞ്ചിൻ, ഷാസി, പുതിയ ഫീച്ചറുകൾ എന്നിവ സഹിതം സെപ്തംബർ 1 ന് പുറത്തിറക്കിയ പുതിയ ക്ലാസിക് 350, ഇന്ത്യയിലുടനീളമുള്ള ഇടത്തരം മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ വളരെയധികം ജനപ്രിയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ
കഴിഞ്ഞ മാസം 56,785 യൂണിറ്റുകൾ വിറ്റ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ വാര്‍ഷിക വില്‍പ്പനയില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ഒക്ടോബറില്‍  67,225 ആയിരുന്നു വിറ്റത്. പ്രതിമാസ വളർച്ചയുടെ അടിസ്ഥാനത്തിൽ, സുസുക്കി രണ്ട് ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.  2021 സെപ്റ്റംബറില്‍  55,608 യൂണിറ്റുകല്‍ വിറ്റ സ്ഥാനത്ത് ഒക്ടോബറിൽ 1,177 യൂണിറ്റുകൾ കൂടി കമ്പനി അധികം വിറ്റു. 

ഒക്ടോബറിലെ ഉയർന്ന വിൽപ്പന ഇടിവ് ആശങ്കാജനകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ധനവില കുറയുന്നില്ലെങ്കിൽ, ഇരുചക്രവാഹന വിഭാഗത്തിലെ മൊത്തത്തിലുള്ള വിൽപ്പന എണ്ണം ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  വാഹന ഉടമസ്ഥതയുടെ വർദ്ധിച്ചുവരുന്ന ചിലവും വ്യാപകമായ ഇന്ധന വില വർദ്ധനവും ഉപഭോക്തൃ വികാരങ്ങളെ ബാധിച്ചതായിട്ടാണ് വിലയിരുത്തല്‍.  കൊവിഡ് അണുബാധയുടെ കൂടുതൽ തരംഗങ്ങളെക്കുറിച്ചുള്ള ഭയം കുറയ്‌ക്കല്‍,  ആരോഗ്യകരമായ വാക്‌സിനേഷന്‍ വേഗത, കാർഷിക മേഖലയിലെ ഉണര്‍വ്, വ്യക്തിഗത മൊബിലിറ്റിക്കുള്ള മുൻഗണന തുടങ്ങിയവ ടൂവീലര്‍ വ്യവസായത്തെ തിരികെയെത്തിക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ കണക്കുകൂട്ടുന്നത്. 

click me!