Latest Videos

പ്രതിസന്ധി രൂക്ഷം; ശമ്പളം വെട്ടിക്കുറയ്ക്കാന്‍ വണ്ടിക്കമ്പനികള്‍

By Web TeamFirst Published Apr 20, 2020, 10:55 AM IST
Highlights

കമ്പനി മേധാവിമാരുടെ മുതല്‍ താഴെ തട്ടിലുള്ള ജീവനക്കാരുടെ വരെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടികളടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 വൈറസ് വ്യാപനം കാരണം വന്‍ പ്രതിസന്ധിയിലാണ് വാഹന വ്യവസായം ഉള്‍പ്പടെ ലോകത്തെ എല്ലാ മേഖലകളും. ലോക്ക് ഡൗണിന്റെ ആഗോള പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ വാഹന ഉല്‍പ്പാദനവും വില്‍പ്പനയും ഏതാണ്ട് പൂര്‍ണമായിത്തന്നെ നിലച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ വാഹന നിര്‍മാണ കമ്പനികളും, ഘടക നിര്‍മാതാക്കളും ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടികളടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  കമ്പനി മേധാവിമാരുടെ മുതല്‍ താഴെ തട്ടിലുള്ള ജീവനക്കാരുടെ വരെ ശമ്പളം കുറയ്‍ക്കാനാണ് നീക്കം. 

ഒരു വര്‍ഷത്തിലേറെയായി വില്‍പ്പന മാന്ദ്യം നേരിട്ടിരുന്ന കമ്പനികള്‍, ബിഎസ്6 മായി ബന്ധപ്പെട്ട കുരുക്കുകളില്‍ നിന്ന് മോചിതമായി വരുന്ന സമയത്താണ് അപ്രതീക്ഷിത ആഘാതമായി കൊറോണ വന്നത്. ആഗോള സമ്പദ് ഘടനകളാകെ പ്രതിസന്ധിയിലായതോടെ വാഹനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന പ്രതീക്ഷയും മങ്ങി. ബിഎസ്4 വാഹനങ്ങളുടെ കെട്ടിക്കിടക്കുന്ന സ്റ്റോക്കും കമ്പനികളെ അലട്ടുന്നു.

തൊഴിലാളികളെ പിരിച്ചു വിടുന്നത് ഒഴിവാക്കാനാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നതെന്നാണ് കമ്പനികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ബജാജ് ഓട്ടോ, ടിവിഎസ് എന്നീ കമ്പനികള്‍ ഇതിനോടകം തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം ആഘാതമേറ്റ അശോക് ലെയ്‌ലാന്‍ഡ്, ടാറ്റ മോട്ടോഴ്‌സ് എന്നീ വലിയ വാഹനങ്ങളുടെ നിര്‍മാതാക്കളും ഇതേ പാത തുടരുമെന്ന് കരുതപ്പെടുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭ ദിനമായ ഏപ്രില്‍ ഒന്നിന് ശമ്പള വര്‍ധനവിനേക്കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കുന്നത് പതിവുണ്ട്. എന്നാല്‍ പല കമ്പനികളും ഇത്തവണ അതില്‍ നിന്ന് വിട്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. പല ടയര്‍ നിര്‍മാതാക്കളും ബാറ്ററി നിര്‍മാതാക്കളുമൊക്കെ ശമ്പളം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

യാത്ര, അടിസ്ഥാന സൗകര്യം, മൂലധന ചെലവിടല്‍ എന്നിവയാണ് ഉല്‍പ്പാദന കമ്പനികളെ സംബന്ധിച്ച് ഏറ്റവും ചെലവേറിയ മേഖലകള്‍. ഈ ചെലവുകള്‍ കുറച്ച് നഷ്ടം നികത്താനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ശ്രമിക്കുന്നത്. ട്രാക്റ്റര്‍ ബിസിനസ്, മെച്ചപ്പെട്ട മണ്‍സൂണ്‍ പ്രതീക്ഷ എന്നിവയുടെ ബലത്തില്‍ ഒരു പരിധിവരെയുള്ള നഷ്ടം ഒഴിവാക്കാന്‍ സാധിക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാതെയും ശമ്പളം മുടങ്ങാതെയും കമ്പനികള്‍ നോക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. എന്നാല്‍ ഇതിന് അനുകൂലമായ പ്രതികരണമല്ല ഓട്ടോ മേഖലയില്‍ നിന്ന് നിലവില്‍ ഉണ്ടാകുന്നതെന്നാണ് സൂചന.

click me!